കൊടകര: തെങ്ങുകയറ്റക്കാരനായ മറ്റത്തൂര്‍ പഞ്ചായത്തിലെ ഇത്തൂപ്പാടത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പുഴംകുന്നില്‍ വീട്ടില്‍ ചന്തുവിന്റെയും ഭാര്യ സരളയുടെയും മകന്‍ അനുരാഗ് ഇനി കാല്‍പ്പന്ത് യുദ്ധത്തില്‍ കേരളത്തിനായി പടപൊരുതും. നിലവില്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സോക്കര്‍ ടീമിലെ കുന്തമുനയാണ് ഓലക്കുടിലിലെ 18 തികയാത്ത ഈ കൌമാര താരം.
കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് അനുരാഗും ടീമില്‍ ഇടം പിടിച്ചത്. അവസാന പതിനൊന്നില്‍ ഉള്‍പ്പെട്ടാല്‍ മുന്നേറ്റ നിരയില്‍ വലതു പാര്‍ശ്വത്തില്‍നിന്നും എതിരാളിയുടെ ഗോള്‍മുഖത്തേക്ക് പന്തുമായി ഊളിയിടാന്‍ അനുരാഗ് സ്ഥിരസാന്നിധ്യമാകും. നിലവില്‍ ഫാറൂഖ് കോളേജിലെ ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അനുരാഗ്.
ചേലേമ്പ്ര എന്‍എം എച്ച്എസ്എസില്‍നിന്നാണ് ഇയാള്‍ ഫാറൂഖ് കോളേജിലെത്തിയത്. നേരത്തേ കോവളം എഫ്‌സി ക്കുവേണ്ടിയും അനുരാഗ് ബൂട്ട് കെട്ടിയിട്ടുണ്ട്. സന്തോഷ് ട്രോഫിക്കുള്ള ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ കേരള ഫുട്‌ബോളിന്റെ പൊതുസ്വത്തായി മാറിയ അനുരാഗിന് താമസയോഗ്യമായ ഒരു വീടൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ സഹായിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.