Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ അമ്പു തിരുന്നാള്‍

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനും, ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ലില്ലി എഴുന്നള്ളിപ്പിനും, ഫൊറോന വികാരി ഫാ. ഷാജു ചിറയത്ത് കൊടി കയറ്റി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് ചുംബനം എന്നിവ ഉണ്ടായിരുന്നു.

വൈകീട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് അസി. വികാരി ഫാ. ജോസഫ് കണ്ണനായ്ക്കല്‍ എസ്.ഡി.വി. മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് സെന്റ് ജോസഫ്‌സ് കപ്പേളയില്‍ ലദീഞ്ഞ്, നൊവേന എന്നിവ നടത്തി. ജനുവരി 18 വ്യാഴാഴ്ച രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. അനൂപ കോലങ്കണ്ണി, ഫാ. ജോണ്‍സന്‍ ജി. ആലപ്പാട്ട് എന്നിവരും വൈകീട്ട് 5 മണിക്കുള്ള ദിവ്യബലിക്ക് ഫാ. അരുണ്‍ തെക്കിനിയത്തും നേതൃത്വം കൊടുക്കും.

ജനുവരി 19 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. മെഫിന്‍ തെക്കേക്കരയും, വൈകീട്ട് 5 മണിക്കുള്ള ദിവ്യബലിക്ക് ഫാ. റിജോ ജോയ് തുളുവത്തും നേതൃത്വം വഹിക്കും. ജനുവരി 20 ശനിയാഴ്ച രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. തോമസ് ആലുക്കല്‍ കാര്‍മ്മികത്വം വഹിക്കും.

തുടര്‍ന്ന് തിരുന്നാള്‍ നടത്തുന്ന ഏകദേശം 800 പേരുടെ പ്രസുദേന്തി വാഴ്ച്ച ഉണ്ടാകും. ശേഷം തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു വയ്ക്കും. അതിനെ തുടര്‍ന്ന് 23 കുടുംബയൂണിറ്റുകളിലേക്ക് അമ്പ്, ലില്ലി എഴുന്നള്ളിപ്പ്, 4 മണിക്ക് കാരൂര്‍ കപ്പേളയില്‍ ലദീഞ്ഞ്, നൊവേന, 4.30 ന് വഴിയമ്പലം കപ്പേളയില്‍ ലദീഞ്ഞ്, നൊവേന, 5 ന് ഡോണ്‍ ബോസ്‌കോ മഠം കപ്പേളയില്‍ ലദീഞ്ഞ്, നൊവേന, രാത്രി 11 മണിക്ക് വിവിധ കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പ്, ലില്ലി എഴുന്നള്ളിപ്പ് ദേവാലയാങ്കണത്തില്‍ പ്രവേശിക്കുന്നു. 11.30 ന് എഴുന്നള്ളിപ്പ് സമാപനം. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം. ജനുവരി 21 ഞായറാഴ്ച്ച തിരുനാള്‍ ദിനത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ മുഖ്യകാര്‍മ്മികത്വവും, ഫാ. ജോ. വര്‍ഗ്ഗീസ് ചെതലന്‍ സഹകാര്‍മ്മികത്വവും വഹിക്കും. ഫാ. ലിന്റോ കുറ്റിക്കാടന്‍ തിരുനാള്‍ വചനസന്ദേശം നല്‍കും.

അന്നേ ദിവസം രാവിലെ 6.30 നും, 8.30 നും, 10 നും വൈകീട്ട് 3.30 നും ദിവ്യബലികള്‍ ഉണ്ടായിരിക്കും. വൈകീട്ട് 3.30 നുള്ള ദിവ്യബലിക്ക് ഫാ. ജോര്‍ജ്ജ് മംഗലന്‍ മുഖ്യകാര്‍മ്മികനും, ഇടവകയിലെ മറ്റു വൈദികര്‍ സഹകാര്‍മ്മികരും ആയിരിക്കും. വൈകീട്ടുള്ള തിരുനാള്‍ പ്രദക്ഷിണം 3.30 നുള്ള ദിവ്യബലിക്ക് ശേഷം ആരംഭിച്ച് വൈകീട്ട് 7 ന് പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് വാനില്‍ വര്‍ണ്ണമഴ, കെ.സി.വൈ.എം. സംഘടിപ്പിക്കുന്ന വിസ്മയ ഫെസ്റ്റ് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.  ജനുവരി 22 തിങ്കളാഴ്ച സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള പാട്ടുകുര്‍ബ്ബാനയും, സെമിത്തേരിയില്‍ ഒപ്പീസും ഉണ്ടായിരിക്കും.

വൈകീട്ട് നിരവധി നിശ്ചല ദ്യശ്യങ്ങള്‍ അണിനിരക്കുന്ന ടൗണ്‍ അമ്പ്. ടൗണ്‍ സെറ്റ്, പുത്തുക്കാവ് സെറ്റ്, ഉളുമ്പത്തുകുന്ന് സെറ്റ്, വടക്കുമുറി സെറ്റ്, ഗാന്ധിനഗര്‍ സെറ്റ് എന്നിവ രാത്രി 11 മണിക്ക് ദേവാലയാങ്കണത്തില്‍ പ്രവേശിക്കുന്നു. വിവിധങ്ങളായ അമ്പു സെറ്റുകളുടെ വിസ്മയ പ്രകടനങ്ങള്‍ക്കുശേഷം 11.30 ന് ടൗണ്‍ അമ്പ് സമാപനം, തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം  ഉണ്ടാകും. വികാരി ഫാ. ഷാജു ചിറയത്ത്, അസി. വികാരി ഫാ.ജോസഫ് കണ്ണനായ്ക്കല്‍, കൈക്കാരന്മാരായ ബൈജു മാളിയേക്കല്‍, ജെസ്റ്റിന്‍ പന്തല്ലിപ്പാടന്‍, തോമസ് കൊളപ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോസഫ് കാളത്തുപറമ്പില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!