കൊടകര: പുത്തൂക്കാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം കാരൂര്‍-മനക്കുളങ്ങര-മരത്തോംപിള്ളിദേശത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം,മണ്ഡപത്തില്‍ കളഭം, അഷ്ടപദി, കളഭാഭിഷേകം, ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഓട്ടന്‍തുള്ളല്‍, കാഴ്ചശിവേലി, പഞ്ചവാദ്യം,പാണ്ടിമേളം, ദീപാരാധന, വലിയമ്പലത്തില്‍വച്ചുനമസ്‌കാരം, ബ്രാഹ്മണിപ്പാട്ട്, കുടുംബിസമുദായക്കാരുടെ താലിവരവ്, പുത്തുകാവ് കരുവാന്‍വിഷ്ണുമായ കുടുംബക്ഷേത്രക്കാരുടെ താലിവരവ്, മരത്തോംപിള്ളിക്കാരുടെ താലിവരവ്, പുത്തുകാവ് ജംഗ്ഷന്‍ താലിസമര്‍പ്പണസംഘം താലിവരവ്, വിദ്യാഭ്യാസഅവാര്‍ഡ് വിതരണം, വിഷ്വല്‍ഡ്രാമ, പുലയസമുദായക്കാരുടെ കാളകളി, ആശാരിസമുദായക്കാരുടെ തട്ടിന്‍മേല്‍കളി, സാംബവസമുദായക്കാരുടെ ദാരീകന്‍-കാളി വരവ്, കൊടകര തട്ടാന്‍മാരുടെ താലിവരവ്,വിളക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, എന്നിവയുണ്ടായി.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി കൂട്ടാലമഠത്തില്‍ ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പഞ്ചാരിമേളത്തിന് ചെറുശ്ശേരി കുട്ടന്‍മാരാരും പാണ്ടിമേളത്തിന് കലാനിലയം ശിവദാസും പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും നേതൃത്വം നല്‍കി. എഴുന്നള്ളിപ്പിന് 7 ആനകള്‍ അണിനിരന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി.