Breaking News

ഇന്ന് വനിതാദിനം ; ആനകളുടെ കൂട്ടുകാരി കാവില്‍പാടം സ്വദേശിനി സ്വപ്നവിനീഷിനെ പരിചയപ്പെടാം

വേമ്പനാട് അര്‍ജുന്‍ എന്ന ആനയെ സ്വപ്ന ചുംബിക്കുന്നു

കൊടകര : ആനക്കമ്പവും ആരാധനയും മൂത്ത് ആറുമാസക്കാലംനീളുന്ന ഉത്സവക്കാലത്ത് പൂരപ്പറമ്പുകളില്‍ നിന്നും പൂരപ്പറമ്പുകളിലേക്ക് നീങ്ങുന്ന പൂരങ്ങളുടെ നാട്ടിലെ ആയിരക്കണക്കിനുവരുന്ന ആനക്കമ്പക്കാരിലെ ഏക പെണ്‍തരിയാണ് കൊടകര കാവില്‍പാടം സ്വദേശിനി സ്വപ്നവിനീഷ്. ആനച്ചന്തം ആസ്വദിക്കുന്ന ഒരു സ്ത്രീ എന്നതുമാത്രമല്ല ഇവരുടെ പ്രത്യേകത.

ആനകളുമായി ചങ്ങാത്തം കൂടാന്‍ സിദ്ധി ലഭിച്ച ഒരപൂര്‍വ നാരീജന്മം. ഗജകേസരി വയലൂര്‍ പരമേശ്വരന്റെ അടുത്തുചെല്ലാന്‍ ആനക്കമ്പക്കാരായ ആണുങ്ങള്‍ക്കുപോലും ഭയമാണ്.എന്നാല്‍ ‘എടാ,പരമേശ്വരാ’ എന്നൊന്ന് സ്വപ്നവിനീഷ് നീട്ടി വിളിച്ചാല്‍ വിനീതനായി തലകുലുക്കി വയലൂരപ്പന്റെ ഗജരാജകുമാരന്‍ പ്രത്യഭിവാദ്യം ചെയ്യും.ഏത് ആള്‍ക്കൂട്ടത്തിനിടയിലും പരമേശ്വരന്‍ സ്വപ്നയുടെ ശബ്ദം തിരിച്ചറിയും.പരമേശ്വരന്‍ മാത്രമല്ല തിരുവമ്പാടി ശിവസുന്ദര്‍ അടക്കം നിരവധി ആനകള്‍ സ്വപ്നയുടെ ഫ്രണ്ട്‌ലിസ്റ്റിലണ്ട്.

കുട്ടിക്കാലത്തൊന്നും ആനയോ പൂരമോ ഒന്നും കണ്ട ഓര്‍മ ബിരുദാനന്തര ബിരുദധാരിയായ സ്വപ്നക്കില്ല. കൊടകര സ്വദേശിയാണെങ്കിലും ജനിച്ചതും പഠിച്ചതും വളര്‍ന്നതും അടുത്തകാലം വരെ ജീവിച്ചതുമെല്ലാം ബംഗളുരുവിലായിരുന്നു.ഭര്‍ത്താവ് വിനീഷിന് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോഴാണ് സ്വദേശമായ കൊടകരയിലേക്ക് തിരിച്ചെത്തിയത്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലനം നല്‍കാന്‍ പോയപോള്‍ പരിചയപ്പെട്ട ബിന്ദു എന്ന അധ്യാപികയില്‍നിന്ന് തോട്ട്യാന്‍ കേശവന്‍ എന്ന ആനയെ കേട്ടറിഞ്ഞത് സ്വപ്നയില്‍ ആനകളെക്കുറിച്ച് ഏറെ ജിജ്ഞാസ ഉണ്ടാക്കി. കേശവനെ നേരിട്ടുകാണാനെത്തി. സ്വപ്നയിലെ ആനക്കമ്പം തിരിച്ചറിഞ്ഞ ആന ഉടമയും പാപ്പാന്‍മാരും സ്വപ്നയെ ആനയുടെ അടുത്തുചെല്ലാന്‍ അനുവദിച്ചു.

കേശവനുമായി സ്വപ്ന പെട്ടെന്നുതന്നെ ചങ്ങാത്തത്തിലായി. പാപ്പാന്‍മാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വപ്നയുടെ കുശലാേേന്വഷണങ്ങള്‍ക്ക് ശബ്ദംകൊണ്ടും ചലനങ്ങള്‍കൊണ്ടും കേശവന്‍ മറുപടി നല്‍കാന്‍തുടങ്ങി. ഇങ്ങനെ ആനയുടെ തോഴിയായിമാറിയ സ്വപ്ന ആനക്കാരുടേയും ആനക്കമ്പക്കാരുടേയും ആനഉടമസ്ഥരുടേയും ശ്രദ്ധാപാത്രമായി മാറി.ഇങ്ങനെയാണ് മറ്റു ആനകളുമായി അടുത്തിടപഴകാനും ചങ്ങാത്തത്തിലാകാനും സ്വപ്നക്കു സാധ്യമാകുന്നത്.

ആനകളുടെ അടുത്തെത്തി അവയെ വാത്സല്യത്തോടെ തൊട്ടുതലോടുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്ന ഈ യുവതി ആനയെ സ്‌നേഹിക്കുന്നവരുടെ മുഴുവന്‍ ആരാധനാപാത്രമായി മാറുകയായിരുന്നു.
ജോലിത്തിരക്കിനിടയിലും ഭര്‍ത്താവ് വിനീഷ് സ്വപ്നയുടെ ആനക്കമ്പത്തെ പ്രോത്സാഹിപ്പിച്ച് മുഴുവന്‍ പിന്തുണയുമായി ഒപ്പമുണ്ട്. മക്കളായ അലനും ആന്‍ഡ്രിയയും അമ്മയേപ്പെലെത്തന്നെ ആനപ്രേമികളാണ്.

കേവലമായ ആനപ്രേമത്തിനപ്പുറം ആനകളുടെ ക്ഷേമത്തിനായി സാധ്യമായതെല്ലാം ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി സ്വപ്ന തന്റെ സ്വകാര്യകോളേജ് അധ്യാപനത്തിനിടയിലും ആനയെക്കുറിച്ചുള്ള പുസ്തകമെഴുതുന്ന തിരക്കിലാണ്. ആനകളെക്കുറിച്ച് താന്‍ അറിഞ്ഞ വിവരങ്ങളും അനുഭവക്കുറിപ്പുകളുമാണ് പുസ്തകത്താളുകളില്‍. ഡോക്യുമെന്ററി ചിത്രീകരിക്കാനും പദ്ധതിയുണ്ട്. ആനയെഴുന്നള്ളിപ്പുകളും പൂരങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്ന വിശ്വഗജസേവാസമിതി എന്ന ആഗോളസംഘടനയുടെ ജനറല്‍സെക്രട്ടറിയാണ് ഈ പെണ്‍കൊടി.സമിതിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനായതിന്റെ സന്തോഷത്തിലാണ് സ്വപ്ന.

വിശ്വഗജസേവാസമിതി വാര്‍ഷികത്തോടനുബന്ധിച്ച് ‘ആനയും പാപ്പാനും’ എന്ന വിഷയത്തില്‍ കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ സെമിനാര്‍ നടത്തി. എഴുത്തുകാരനും ഗുരുവായൂര്‍ദേവസ്വം മുന്‍ ആനപ്പാപ്പാനുമായ ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആറാട്ടുപുഴയിലെ ദേവസംഗമത്തിന് ആറാട്ടുപുഴ ക്ഷേത്രോപദേശകസമിതിയുമായി സഹകരിച്ച് പൂരം നടത്തിപ്പില്‍ ഭാഗഭാക്കാന്‍ കഴിഞ്ഞു. ഇതിന്റെ പേരില്‍ സ്വപ്നയെ ഉപദേശകസമിതി അനുമോദിക്കുകയുണ്ടായി. ആനക്കമ്പക്കാരുടെ അവസാനതാവളമായ കൊടിയേറ്റും ആറാട്ടുമടക്കം 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് ആന എന്ന വലിയ ജിവിയോടുള്ള സ്‌നേഹം മാത്രം കണക്കിലെടുത്ത് മുഴുവന്‍ ദിവസവും സേവനം അനുഷ്ഠിക്കാന്‍ സമിതിക്കായി.

മുരിയാട് കുന്നത്തൃക്കോവില്‍ ശാസ്താക്ഷേത്രത്തില്‍ മുടങ്ങിക്കിടന്ന പൂരമെഴുന്നള്ളിപ്പ് പൂര്‍വാര്‍ധികം ഭംഗിയോടെ പുനരാരംഭിക്കാന്‍ വിശ്വഗജസേവാസമിതിയുടെ പിന്തുണയുണ്ടായിരുന്നു. കുംഭഭരണിത്തലേന്ന് നന്തിക്കരയില്‍ നടന്ന പതിനെട്ടരമേളം എഴുന്നള്ളിപ്പിന് ആനെയ സ്‌പോണ്‍സര്‍ചെയ്തതതും ഈ ആനക്കമ്പക്കാരിയുടെ അടങ്ങാത്ത ആനപ്രേമമാണ്. പോട്ട കാല്‍വരിക്കുന്ന് ദേവമാതാ പള്ളിയിലും വൈറ്റില ചളിക്കവട്ടത്ത് വീല്‍ചെയര്‍ അസോസിയേഷനുവേണ്ടിയും ആനയെ അടുത്തറിയാന്‍ എന്ന വിജ്ഞാനപ്രദമായ പരിപാടി സംഘടിപ്പിച്ചു.

ഇന്ന് കേരളത്തില്‍ ആനയെഴുന്നള്ളിപ്പ് ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ആലുവ തന്ത്രവിദ്യാപീഠം അധ്യാപകനായ ചെങ്ങോത്ത് ശ്രീനിവാസന്‍ നമ്പൂതിരിയുമായി ഗജസേവാസമിതിയുടെ സ്വപ്നവിനീഷ് നടത്തിയ കൂടിക്കാഴ്ച ആനവിരോധികള്‍ നാളിതുവരെ നടത്തിയ വാചാടോപങ്ങള്‍ക്കുള്ള ചുട്ടമറുപടിയാണ്. പൂരപ്പറമ്പുകളില്‍ ആനയുടെ കുത്തേറ്റുമരിച്ച ആനപ്പാപ്പാന്‍മാരുടെ കുടുംബങ്ങല്‍ക്ക് തങ്ങളാലാകുന്ന സഹായഹസ്തവുമായി സ്വപ്ന എന്ന 34 കാരിയുടെ നേതൃത്വത്തിലുള്ള സമിതി കര്‍മരംഗത്തുണ്ട്.

റിപ്പോര്‍ട്ട് : കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!