പൈലേട്ടന്റെ മോള്‍ മേഴ്സിക്കുട്ടി അമേരിക്കയിലാണ്. മരുമാനും കൊച്ചുമക്കളും അവിടെ തന്നെ.
ആണ്ടോടാണ്ട് കൂടുമ്പോള്‍ മേഴ്സി ഏന്റ് കമ്പനി നാട്ടില്‍ വരും. ഒരുമാസം ലീവിന്. മേഴ്സിച്ചേച്ചീടെ രണ്ടാമന് പ്രായം നാലേ ഉള്ളൂവെങ്കിലും ആളൊരു ജഗജില്ലിയാണ്. എന്ത് കേട്ടാലും എന്തുകണ്ടാലും സംശയമാണ്. 24 മണിക്കൂറ് സംശയം.
ആദ്യമാദ്യം പൈലേട്ടന്‍ ‘മിടുക്കന്‍. മിടുമുടുക്കന്‍.. ഗുഡ് ക്വസ്റ്റ്യന്‍.. ബ്രൈറ്റ് ബോയ്’എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ പിന്നെ ഗുഡ് ട്രൈനിന്റെ ബോഗികള്‍ പോലെ ഒന്നിനുപുറകേ ഒന്നായി വന്നതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കായപ്പോള്‍ ആ അഭിപ്രായത്തിന് ഡിപ്രീസിയേഷന്‍ വന്നുകൊണ്ടിരുന്നു. പൈലേട്ടന്‍ കൊച്ചിനെ കാണുമ്പോള്‍ അവിടന്ന് എത്രയും പെട്ടെന്ന് സ്കൂട്ടായി നടന്നും തുടങ്ങിയത്രേ.
ഒരു ദിവസം, പൈലേട്ടന്‍ കൈക്കോട്ടിന് മുളയുടെ പൂള്‍ വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.
‘ഇതെന്താ?’
‘കൈക്കോട്ട്!‘
‘ഇതെന്തിനാ?’
‘മണ്ണ് കിളക്കാന്‍ ‘
‘അതെന്തിനാ?‘
അന്തമില്ലാതെ വരുന്ന ചോദ്യശരങ്ങള്‍ കേട്ട് കുരു പൊട്ടിയ പൈലേട്ടന്‍ ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:
‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍!’
‘പാമ്പുകടിക്കാന്‍… മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ… കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘