Breaking News

പല്ലാവൂര്‍ പുരസ്‌കാരം അന്നമനടക്ക് ; പുരസ്‌കാരനിറവില്‍ അന്നമനട പമേശ്വരമാരാര്‍ മാരാര്‍

കൊടകര:പല്ലാവൂര്‍ അപ്പുമാരാരുടെ പേരിലുളള സംസ്ഥാനസര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പഞ്ചവാദ്യകലയിലെ തിമില പ്രമാണി അന്നമനട പരമേശ്വരമാരാര്‍. സംസ്ഥാനസര്‍ക്കാരിന്റെ വാദ്യകലാകാരന്‍മാര്‍ക്കുള്ള ഏറ്റവും വലിയപുരസ്‌കാരമായ പല്ലാവൂര്‍ അപ്പുമാരാരുടെ സ്മരണാര്‍ഥമുള്ള പുരസ്‌കാരമാണ്   അന്നമനട പരമേശ്വരമാരാരാരെ തേടിയെത്തിയത്.

പല്ലാവൂര്‍ അപ്പുമാരാര്‍ക്കൊപ്പം അനവധി വേദികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അപ്പുവേട്ടന്‍ അവസാനം പഞ്ചവാദ്യത്തിന് ഇടയ്ക്ക കൊട്ടിയത് ചേര്‍ത്തല തുറവൂര്‍ ക്ഷേത്രത്തില്‍ താന്‍ ഉള്‍പ്പെട്ട പഞ്ചവാദ്യത്തിലായിരുന്നെന്നും മാരാര്‍ ഓര്‍ത്തു. പല്ലാവൂര്‍ സഹോദരങ്ങള്‍ക്കൊപ്പമുള്ള സഹവര്‍ത്തിത്ത്വം തനിക്ക് ആഴത്തിലുള്ള പാണ്ഡിത്ത്യമുണ്ടാക്കി.

അവര്‍ക്കൊപ്പം അനവധി അരങ്ങുകളില്‍   താളപ്പെരുക്കം തീര്‍ക്കാനായെന്നും മാരാര്‍ ഓര്‍മിച്ചു.  മണിയന്‍മാരാര്‍ക്കും കുഞ്ഞുകുട്ടന്‍മാരാര്‍ക്കും  ശേഷമാണ് താന്‍ പൂരങ്ങളുടെ പൂരത്തിന്റെ മഠത്തില്‍വരവിന്റെ പ്രമാണിയായതെന്നും പല്ലാവൂര്‍ ത്രയത്തിനെ ഓര്‍ക്കാതെ ഒരു പൂരവും കൊട്ടാനാവില്ലെന്നും മാരാര്‍ പറഞ്ഞു. തൃശൂരിന്റെ കൊമ്പന്‍ തിരുവമ്പാടി ശിവസുന്ദറിന്റെ വേര്‍പ്പാടിന്റെ വേദന വിട്ടൊഴിയുംമുമ്പേയാണ് പല്ലാവൂര്‍ പുരസ്‌കാരം ലഭിക്കുന്നതെന്നും ഞാനും ശിവസുന്ദറും ഒരേ വര്‍ഷമാണ് പൂരത്തിന്റെ അമരക്കാരായതെന്നും അന്നമനട പറഞ്ഞു.അന്നമനട ത്രയം എന്നറിയപ്പെടുന്ന അന്നമനട പരമേശ്വരമാരാര്‍, അച്ചുതമാരാര്‍, പീതാംബരമാരാര്‍ എന്നിവരുടെ യഥാര്‍ഥ പിന്‍മുറക്കാരനായി വളരാവുന്നിടത്തോളം വളര്‍ന്ന അനുപമ കലോപാസകനാണ് അന്നമനട പരമേശ്വരമാര്‍ എന്ന കലാമണ്ഡലം പരമേശ്വരമാരാര്‍.

കേരളകലാമണ്ഡലത്തിലെ ആദ്യപഞ്ചവാദ്യബാച്ചിലെ വിദ്യാര്‍ഥിയായി വാദ്യകലാരംഗത്തേക്കുപ്രവേശിച്ച അന്നമനട പരമേശ്വരമാരാര്‍ പതിറ്റാണ്ടിലേറെയായി പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ മഠത്തില്‍വരവിന്റെ അമരക്കാരനാണ്. പഞ്ചവാദ്യത്തിലെ കുലപതികളായിരുന്ന അന്നമനട അച്ചുതമാരാര്‍,പരമേശ്വരമാരാര്‍,പീതാംബരമാരാര്‍ എന്നിവരുടെ യഥാര്‍ത്ഥ പിന്‍മുറക്കാരനായി വളരാവുന്നിടത്തോളം വളര്‍ന്ന് പഞ്ചവാദ്യവേദികളില്‍ ആസ്വാദകരുടെ ഹരമാണ്അന്നമനട.

നാദവും കനവും സംഗീതാത്മകതയും ഭരണശേഷിയും ഒത്തിണങ്ങിയ ജനപ്രിയകലാകാരനാണ് ഇദ്ദേഹം.കല തന്നെയാണ് തന്റെ മണ്ഡലം എന്ന് കാലങ്ങളിലൂടെ കൊട്ടിതെളിയിച്ച കലാമണ്ഡലം പരമേശ്വരമാരാരുടെ അറുപതാംപിറന്നാള്‍ 2 വര്‍ഷം മുമ്പ് ഷാഷ്ഠ്യം എന്ന പേരില്‍ തൃശൂരില്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചിരുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി കൈവിരലുകള്‍ക്കേറ്റ പരിക്ക് മൂലം ചികിത്സയിലാണ് ഇദ്ദേഹം.എങ്കിലും കഴിഞ്ഞ പൂരത്തിന് വാദ്യക്കമ്പക്കാരുടെ ആശങ്കയകറ്റി തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരമാരാരെത്തിയിരുന്നു.ു.

കഴിഞ്ഞ ഉത്സവസീസണില്‍ പലപൂരങ്ങള്‍ക്കും മാരാര്‍ക്ക് കൊട്ടാനായില്ല. എന്നാല്‍ പലപൂരങ്ങള്‍ പോലെയല്ല തൃശൂര്‍ പൂരം എന്ന് മാരാര്‍ക്കറിയാം. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ വ്യാഴവട്ടപ്രമാണമായിരുന്നു കഴിഞ്ഞ പൂരം..1972 മുതല്‍ മാരാര്‍ തിരുവമ്പാടി വിഭാഗത്തില്‍ പഞ്ചവാദ്യനിരയിലുണ്ട്.തുടര്‍ച്ചയായി 43 വര്‍ഷം അമ്പാടിക്കണ്ണന്റെ വാദ്യനിരയില്‍.ഓരോ മേടപ്പൂരപ്പുലരിയിലും ബ്രഹ്മസ്വം മഠത്തിനുമുമ്പില്‍ പുരുഷാരം പൂത്തുലയുമ്പോള്‍ ഈ പഞ്ചവാദ്യപഞ്ചാനന്റെ വിരലുകള്‍ വിസ്മയത്തിന്റെ അക്ഷരകാലമുതിര്‍ക്കുന്നു.പതികാലവും ഇടകാലവും ത്രിപുടയും കൊട്ടിത്തീര്‍ത്ത് ഏകതാളത്തിലെത്തിച്ച് പൂരപ്രേമികളുടെ മനം നിറയ്ക്കുന്ന പ്രതിഭ.

1952 ജൂണ്‍ 2 ന് വിശാഖം നക്ഷത്രത്തിലാണ് മാരാരുടെ ജനനം. പതിമൂന്നാംവയസ്സിലാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു. കല തന്നെയാണ് തന്റെ മണ്ഡലം എന്ന് കാലങ്ങളിലൂടെ തെളിയിച്ച വാദ്യകലാവല്ലഭനായ അന്നമനടയ്ക്ക് പല്ലാവൂര്‍ പുരസ്‌കാരം ലഭിച്ചതില്‍ സഹവാദ്യകലാകാരന്‍മാരും ഏറെ സന്തോഷത്തിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!