Breaking News

മറ്റത്തൂര്‍ കദളീവനമാകുന്നു ഗുരുവായൂരിലേക്ക് ആവശ്യത്തിനുള്ള കദളിപ്പഴം നല്‍കും.

kadali കൊടകര : ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജാ ആവശ്യത്തിന് വേണ്ട മുഴുവന്‍ കദളിപ്പഴവും നല്‍കാന്‍ മറ്റത്തൂരില്‍ കദളീവനം ഒരുങ്ങുന്നു. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കൃഷി വ്യാപിപ്പിച്ച് കൃത്യമായ ആസൂത്രണങ്ങളോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ‘കദളീവനം’ എന്ന പേരില്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും.

ജില്ലാ കുടുംബശ്രീ മിഷന്‍ നിവേദ്യം പൂജാകദളി സമഗ്ര പദ്ധതിയായാണ് 2009 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കദളിപ്പഴം നല്‍കാന്‍ തുടങ്ങിയത്. കൊടകര, മറ്റത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി എന്നീ ഏഴ് പാഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളാണ് ഇതിനായി വാഴകൃഷി നടത്തുന്നത്. മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ഉല്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍. ഇതുവരെ 32 ലക്ഷത്തിലധികം കദളിപ്പഴം ഗുരുവായൂരിലേക്ക് നല്‍കിക്കഴിഞ്ഞു.

എന്നാല്‍, ഒരുദിവസത്തെ പൂജാ ആവശ്യങ്ങള്‍ക്ക് പന്ത്രണ്ടായിരം കദളിപ്പഴം നല്‍കാമെന്ന് കരാറുണ്ടെങ്കിലും മുഴുവനും നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസത്തില്‍ നാലായിരത്തില്‍ താഴെ എണ്ണം മാത്രമേ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നുള്ളൂ. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ച് അടുത്ത വര്‍ഷങ്ങളില്‍ ആവശ്യമുള്ളത്ര കദളിപ്പഴം ദിവസേന ഗുരുവായൂരിലേക്ക് നല്‍കാനാണ് പുതിയ പദ്ധതി.

സുസ്ഥിര പുതുക്കാട് വികസന പദ്ധതിയിലൂടെ നടപ്പാക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് കദളീവനം ആസൂത്രണം ചെയ്യുന്നത് . വാര്‍ഡുകള്‍ തോറും നാലോ അഞ്ചോ പേരടങ്ങുന്ന ഗ്രൂപ്പുകളായി കുടുംബശ്രീ അംഗങ്ങള്‍ വാഴകൃഷി നടത്തും. നിലവില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറ, നൂലുവള്ളി, ചെട്ടിച്ചാല്‍ പ്രദേശങ്ങളിലാണ് ഇപ്പോള്‍ കൂടുതലായും കദളിവാഴ കൃഷി ചെയ്യുന്നത്. സ്വന്തമായുള്ള സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി വ്യാപകമാക്കും. നിലവില്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ 150ലേറെ സ്ത്രീകള്‍ കദളിവാഴകൃഷി നടത്തുന്നുണ്ട്. കദളീവനം പദ്ധതിയിലൂടെ 500 സ്ത്രീകള്‍ക്കു കൂടി സ്ഥിരവരുമാനത്തിന് വാഴകൃഷി പ്രയോജനപ്പെടും.

ആദ്യഘട്ടമായി കദളിവാഴക്കന്നുകളുടെ ഉല്പാദനം മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ആരംഭിച്ചു. ഇതിനായി മറ്റത്തൂര്‍ക്കുന്നില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് എണ്ണൂറിലധികം വാഴകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരു വാഴയില്‍നിന്ന് നല്ല ഉല്പാദനശേഷിയുള്ള 16 കന്നുകള്‍ വരെ ലഭിക്കും. ഇതുപ്രകാരം ഓരോ മാസവും ആയിരം കന്നുകള്‍ കര്‍ഷകര്‍ക്ക് നല്‍കാനാകും. ഒരു വാഴയില്‍നിന്ന് മൂന്നുവര്‍ഷം വരെ കന്നുകള്‍ ഇളക്കിയെടുക്കാം. കന്നുകള്‍ പഞ്ചായത്ത് ഏറ്റെടുത്ത് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കും. വിളവെടുക്കുന്ന കദളിക്കായയ്ക്ക് സ്ഥിരംവില നിശ്ചയിച്ച് മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് സംഭരിച്ചാണ് ഗുരുവായൂരിലെത്തിക്കുന്നത്. കടപ്പാട് :  സുസ്ഥിര പുതുക്കാട് വികസന പദ്ധതി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!