Breaking News

ചക്ക.

Apple

Hits: 31

ആപ്പിൾ,മുന്തിരി,നേന്ത്രപ്പഴം മുതലായ പഴങ്ങളിൽ നിന്നും ചക്കക്കുള്ള മേന്മ ചക്കയിൽ കുറെ വിറ്റാമിനുകൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നതല്ല. മറിച്ചു മറ്റു പഴങ്ങൾ തിനാൽ വിശപ്പ്‌ മാറില്ല ചക്ക തിന്നാൽ വിശപ്പുമാറും എന്ന സത്യമാണ് ….. അല്ലെങ്കിൽ ചക്ക വിശപ്പ്‌ മാറാവുന്നത്രയും തിന്നാൻ കിട്ടും എന്നുള്ളതാണ് 

എന്നിട്ടും ….”വേലായുധാ അനക്ക് വേണ്ടത് ഇട്ടു കൊണ്ട് പൊയിക്കൊ” എന്ന് പറയാൻ മാത്രം ചക്ക ഒരു ചെറിയ പഴയം ആയതെങ്ങിനെ? ഉത്തരം ലളിതം..വേണമെങ്കിൽ ചക്ക വേരിന്മേലും കായ്ക്കും എന്ന് പറയുന്നപോലെ തന്നെ വേറെ ഒരു ചൊല്ലും കൂടെയുണ്ട്.. “വേണമെങ്കിലും വേണ്ടെങ്കിലും ചക്ക ഉള്ളവന്റെ പറമ്പിലെ കായ്ക്കൂ”..(കാഞ്ഞിരപ്പുഴയിലെ കാര്യമാണ് പറയുന്നത് )

കക്കൂസുണ്ടാക്കാൻ സ്ഥലമില്ലാത്തവൻ എവിടെകൊണ്ട് പോയി പ്ലാവ് വെക്കും.ഇനി അഥവാ പറമ്പിൽ ഒരു മൂപ്പെത്തിയ പ്ലാവ് ഉണ്ടെങ്കിൽ വീട് പണി നടക്കുമ്പോൾ അതിനെ വെട്ടി വാതിൽ പൊളിയാക്കും.ആ കാശ് എങ്കിലും ലാഭം.

പാവം പ്ലാവ്.അതിനു ജീവനുള്ള കാലത്ത് കള്ളന്മാർക്ക് വരെ കൊണ്ട് പോകാൻ പാകത്തിൽ അതതിന്റെ കുഞ്ഞുങ്ങളെ അങ്ങിനെ എല്ലാവർക്കുമായി ഒരുക്കി വെക്കും.എന്നാലാ പ്ലാവിനെ നമ്മൾ കൊന്നു കഴിഞ്ഞാലോ .. കള്ളന്മാരെ പോയിട്ട് അയൽവാസികളെ പോലും അടുപ്പിക്കാത്ത തരത്തിലുള്ള വാതിലുണ്ടാകും നമ്മൾ …..അതെ പ്ലാവിന്റെ ശരീരം കൊണ്ട്.

കള്ളന്മാരുടെ കാര്യം പറഞ്ഞപ്പോളാ ഓർമ വന്നത് ,കൂട്ടുകാരന്റെ കല്യാണത്തിന് പുതിയാപ്ലയോടൊപ്പം പോയതായിരുന്നു ഞങ്ങൾ .വണ്ടി നിർത്തിയത് ഒരു പ്ലാവിന്റെ തണലിൽ .വണ്ടിയിൽ നിന്നിറങ്ങിയാൽ വലിയ കാരണവന്മാരെ പോലെ ഒരു പരിസരവീക്ഷണം നടുത്ത സ്വഭാവം എനിക്ക് പണ്ടേയുണ്ട്.അതുകൊണ്ടാണ് ആ പഴുത്തു നിൽക്കുന്ന ചക്ക എന്റെ കണ്ണിൽ ഉടക്കിയത്.( നാട്ടിൽ ചക്ക മൂക്കാൻ തുടങ്ങിയിട്ടേയുള്ളൂ )

മണവാട്ടിയെം കൂട്ടി ഞങ്ങൾ തിരിച്ചു നാട്ടിലെത്തി .പുതിയ പെണ്ണിനെ കാണാൻ കൂടി നിൽക്കുന്ന ആളുകൾക്കിടയിലേക്ക് ഞങ്ങൾ ഇറങ്ങിയത്‌ ഒരു ചക്കയുമായിട്ടായിരുന്നു .കഷ്ട്ടകാലത്തിനു പള്ളിക്കലെ ഉസ്താദും ഉണ്ടായിരുന്നു അവിടെ.

എന്തിനാടാ ഈ ഹറാംപിറന്ന പണി ചെയ്യുന്നത്. അന്യന്റെ മുതൽ എടുക്കുന്നത് തെറ്റല്ലേ?

ന്റെ ഉസ്താദെ..ഇതിപ്പം ഇവിടുന്നു മുറിച്ചാൽ ആകെ ഓരോ ചൊളയെ എല്ലാവർക്കും കിട്ടൂ..ഒരു ചൊള ഹറാം ഒക്കെ ഒരുഹറാമാണോ?

ഏതായാലും ഉസ്താദിനു ചക്ക കൊടുക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. എനിക്കേതായാലും മൂന്നു ഹറാം ചൊള കിട്ടി..

ചക്ക…….ഒരു ചക്ക എവിടുന്നേലും കിട്ടിയാൽ അതിൽ ആദ്യം തന്നെ ചെറിയൊരു ദ്വാരമുണ്ടാക്കി മൂപ്പ് നോക്കും ( ഈ പ്രവർത്തിയാണ് പിന്നീട് ഒരു കല്യാണ ആലോചന വരുമ്പോൾ അന്വേഷണം ഒക്കെ കഴിഞ്ഞു പെണ്ണിന്റെ അച്ഛൻ നെടുവീർപ്പിടാൻ ഉപയോഗിക്കാറു..” പറ്റുന്ന രീതിയിൽ ഒക്കെ അന്വേഷിച്ചു..ഇനി അവളുടെ വിധി പോലെ വരും .ചക്കയൊന്നുമല്ലല്ലൊ ചൂയ്ന്നു നോക്കാൻ” )

ശേഷം അടുക്കളയുടെ ഒരു മൂലയിൽ കൊണ്ട് പോയി വെക്കും.പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ ഉള്ള പരിപാടി ഈ ചക്കയെ പോയി അമർത്തി നോക്കലാണ്.അതിടക്കിടക്ക് ഉണ്ടാകും.സ്കൂളിൽ പോയ കുട്ടി തിരിച്ചു വരാൻ വൈകിയാൽ അമ്മമാർ ഇടയ്ക്കിടയ്ക്ക് ഗേറ്റിൽ പോയി നോക്കി വരുന്നപോലെ:)

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വല്ലാത്ത ഒരു മണം കിട്ടി തുടങ്ങും.ഹഹ.പിന്നത്തെ കാര്യം പറയണ്ടല്ലോ !!!

ഞങ്ങളെ നാട്ടിൽ പ്രധാനമായും ഉണ്ടാവാറു വരിക്ക ചക്കയും,പഴംചക്കയുമാ ണ്.പഴംചക്ക തിന്നാൻ എളുപ്പമാണെങ്കിലും വരിക്ക ചക്കയുടെ മധുരമോ ഗുണമോ ഇല്ല.. ആക്ക്രാന്തം മൂത്താൽ ചിലപ്പോൾ പണി കിട്ടും ..പണി കിട്ടിയിട്ടുമുണ്ട് 

കുറച്ചു ദിവസത്തേയ്ക്ക് ഒന്നും പോസ്റ്റ് ചെയ്യുന്നില്ലാ എന്ന് കരുതിയ എന്നെകൊണ്ട്‌ ഈ ചുമ്മാ പോസ്റ്റിന്നിവിടെ ഇടീച്ചത് രണ്ടു മൂന്നു ദിവസമായി കാണുന്ന പർദ്ദ പോസ്റ്റുകളാണ് . സമ്പൂർണ സാക്ഷരർ എന്നു സ്വയം അവകാശപ്പെടുന്ന ഒരു ജനത മൂന്നു ദിവസമായി ചര്ച്ചിക്കുന്നത് ഒരേ വിഷയം. അതങ്ങിനെയേ വരൂ..ലോകം ശൂന്യാകാശത്തെയ്ക്ക് ടൂർ പോകാൻ തുടങ്ങിയപ്പോൾ നമ്മൾ ഭൂമി കുഴിച്ചു ഘനനം നടത്തുകയായിരുന്നു അവിടെ അമ്പലമാണോ പള്ളിയാണോ ആദ്യം ഉണ്ടായത് എന്നറിയാൻ.

പർദ്ദയെ അനുകൂലിച്ചോ എതിർത്തോ ആരെങ്കിലും താഴെ മിണ്ടിയാൽ സത്യായിട്ടും ഞാൻ മുണ്ട് പൊക്കി കാണിക്കും.നമുക്ക് ചക്കയെ കുറിച്ചു പറയാം.പോരെങ്കിൽ പണ്ടെന്നോ ചക്ക വീണു ചത്ത ഹതഭാഗ്യനായാ മുയലിനെ കുറിച്ചും പറയാം. കടപ്പാട് : അബാസ്  

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.