Breaking News

വര്‍ണവാദ്യവസന്തമൊരുക്കി കൊടകര ഷഷ്ഠി

കൊടകര:വീഥികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി കാവടിക്കൂട്ടങ്ങള്‍ വിലാസനൃത്തത്തിനിറങ്ങിയ കൊടകര കുന്നത്തൃക്കോവില്‍ ഷഷ്ഠി മഹോത്സവം വര്‍ണാഭമായി. ഇരുപതോളംദേശങ്ങളില്‍നിന്നെത്തിയ കാവടിസംഘങ്ങള്‍ വര്‍ണക്കാവടികളാലും നിലക്കാവടികളാലും കൊടകരയെ നിറങ്ങളില്‍ നീരാടിക്കുയായിരുന്നു. നിശ്ചലദൃശ്യങ്ങളും തപ്പുതകില്‍വാദ്യങ്ങളും പഞ്ചാരിമേളവും ശിങ്കാരിമേളവും വിവിധകലാരൂപങ്ങളും ആഘോഷത്തിന് മിഴിവേകി.

പുലര്‍ച്ചെ 4 ന് കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മേല്‍ശാന്തി പുത്തുകാവ്മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരി ക്ഷേത്രനടതുറന്നതോടെ ഷഷ്ഠിച്ചടങ്ങുകള്‍ക്ക് തുടക്കമായി. പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേതായിരുന്നു ആദ്യ അഭിഷേകം. ദേവസ്വം ഭാരവാഹികളായ എം.എല്‍.വേലായുധന്‍നായര്‍, ഇ.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷക്കമ്മിറ്റിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ കുന്നിന്‍മുകളിലെ മുരുകസന്നിധിയിലേക്ക് അഭിഷേകത്തിന് പുറപ്പെട്ടു. കരിക്ക്,പാല്‍,പനിനീര്, കളഭം എന്നിവയുടെ അഭിഷേകം നടന്നു.

തുടര്‍ന്ന് വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകം നടന്നു. പുലര്‍ച്ചെമുതല്‍ ക്ഷേത്രത്തില്‍ അഭിഷേകത്തിനും ദേവദര്‍ശനത്തിനും നിരവധി ഭക്തരെത്തി. രാവിലെ 9 മണിയോടെ കാവടി സംഘങ്ങള്‍ അവരുടെ ആസ്ഥാനത്തുനിന്നും കാവടിയാട്ടം ആരംഭിച്ച് ഉച്ചക്ക് 12 മണിയോടെ പൂനിലാര്‍ക്കാവിലെത്തി ആടിത്തിമിര്‍ത്ത് വൈകീട്ട് 5.30 ഓടെ പകലാട്ടത്തിന് സമാപനമായി. രാത്രിയിലും ഇതിന്റെ ആവര്‍ത്തനമുണ്ടായി. ഷഷ്ഠി മഹോത്സവത്തിന്റെ ആചാരം മുഴുവന്‍ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലായിരുന്നെങ്കിലും ആഘോഷംമുഴുവന്‍ പൂനിലാര്‍ക്കാവ് മൈതാനിയിലായിരുന്നു. വിശ്വബ്രാഹ്മണസമാജമാണ് ആദ്യം ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

തുടര്‍ന്ന് കാവടിക്കൂട്ടങ്ങളുടെ ഘോഷയാത്രയായിരുന്നു. കാവില്‍ പടിഞ്ഞാറെനട കൂട്ടായ്മയാണ് അവസാനം ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന കാവടിസംഘം. വൈകീട്ട് കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നത്തൃക്കോവിലിലേക്ക് ഭസ്മക്കാവടി ഉണ്ടായി. ഒട്ടനവധി ഭക്തര്‍ കവിളില്‍ ശൂലമേന്തി ഹരഹരോ മന്ത്രമോതി കുന്നത്തൃക്കോവിലിലേക്ക് തപ്പുവാദ്യവും പൂക്കാവടികളുമായിട്ടാണ് ഭസ്മക്കാവടി പുറപ്പെട്ടത്. തുടര്‍ന്ന് കുന്നത്തൃക്കോവിലില്‍ കേളി, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. എഴുന്നള്ളിപ്പ് മുരുകസന്നിധിയില്‍ നിന്നാരംഭിച്ച് ശിവക്ഷേത്രത്തിലൈത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി തിരികെ സുബ്രഹ്മണ്യക്ഷേത്രത്തിലെത്തി.

വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലിപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, കാരൂര്‍ അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍,കാവില്‍ പടിഞ്ഞാട്ടുമുറി എന്നീ കാവടിസംഘങ്ങളാണ് ആഘോഷത്തില്‍ പങ്കാളികളായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!