Breaking News

പുസ്തകങ്ങളുടെ കാവലാൾ പുരസ്കാര നിറവിൽ പടിയിറങ്ങുന്നു

കൊടകര : പതിനേഴു വര്‍ഷത്തെ പുസ്തകങ്ങളുമായുള്ള സഹവാസത്തിന് ശേഷം കൊടകര ഗ്രാമ പഞ്ചായത്ത് കേന്ദ്ര   ഗ്രന്ഥശാല യുടെ ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍ മെയ് 31 ന് പടിയിറങ്ങുന്നു.  കേന്ദ്ര   ഗ്രന്ഥശാലയുടെ മുഖഛായ മാറ്റിയ അദ്ദേഹം 2004 സെപ്തംബര്‍ ഒന്നിനാണ് ജോലിയില്‍ പ്രവേശിച്ചത് .
കൊടകരയുടെ സാംസ്‌കാരിക കേന്ദ്രമായും ,സമ്പൂര്‍ണ്ണ ഇന്‍ഫര്‍മേഷന്‍ കേന്ദ്രമായും, അതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് ലൈബ്രറിയായും  കേന്ദ്ര ഗ്രന്ഥശാല മാറിയതില്‍ ലൈബ്രേറിയന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പുസ്തക സംഭരണ വിതരണ കേന്ദ്രം എന്നതിലുപരിയായി ജയന്‍  നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കൊടകരയുടെ സാംസ്‌കാരിക മുഖമായി ഈ അക്ഷര കേന്ദ്രം മാറിയത് .
കൊടകര കമ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലയെ കൂടുതല്‍ സൗകര്യപ്രദമായ മുകള്‍ നിലയിലേക്ക് മാറ്റികൊണ്ടാണ് അദ്ദേഹം പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അംഗങ്ങള്‍ക്ക് ഗ്രന്ഥശാലയിലേക്ക് പ്രവേശനമില്ലാതെ കൊടുക്കുന്ന പുസ്തകം കൊണ്ടുപോകുന്ന രീതിയാണ് ഇവിടെ അനുവര്‍ത്തിച്ചിരുന്നത് .അത് മാറ്റി എല്ലാ അംഗങ്ങള്‍ക്കും ഗ്രന്ഥശാലയില്‍ കടന്നു വന്ന് ഇഷ്ടപെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്ന അവസ്ഥ കൊണ്ട് വന്നതിലൂടെയാണ് കാതലായ മാറ്റം വന്നത് .അംഗങ്ങള്‍ക്ക് അഭിരുചിക്കനുസരിച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഡൂയി ഡെസിമല്‍ ക്ലാസിഫിക്കേഷന്‍ പദ്ധതി പ്രകാരം പുസ്തകങ്ങള്‍ ക്രമീകരിച്ചു .
വിഷയാടിസ്ഥാനത്തില്‍ നാല്പതോളം വിഭാഗങ്ങളിലായി 18000ത്തില്‍ പരം പുസ്തകങ്ങള്‍ ഇപ്പോള്‍ ഗ്രന്ഥശാലയില്‍ ഉണ്ട് . പി എസ് സി റാങ്ക് ഫയലുകളും സിവില്‍ സര്‍വീസ് പഠന ഗ്രന്ഥങ്ങളും അടക്കം മികച്ച റഫറന്‍സ് വിഭാഗവും ഉണ്ട് . മുവ്വായിരത്തോളം അംഗങ്ങളാല്‍ വായനശാല സമ്പന്നമാണ് .
ജില്ലയിലെ ആദ്യത്തെ വൈഫൈ ഗ്രന്ഥശാലയായി മാതൃക യായത് കൊടകര ഗ്രാമ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയാണ്. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനവും ഇവിടെയുണ്ട്.വിജ്ഞാനപ്രദമായ സി ഡി ലൈബ്രറിയും, ഇരുപതിനായിരത്തില്‍ പരം ലോക ക്ലാസിക് കൃതികളും ,അപൂര്‍വ സംസ്‌കൃത ഗ്രന്ഥങ്ങളുമടങ്ങിയ ഡിജിറ്റല്‍ ലൈബ്രറിയും ഇവിടുത്തെ സവിശേഷതയാണ് .പലയിടങ്ങളില്‍ നിന്നാണ് ലൈബ്രേറിയന്‍  ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചത് .സാംസ്‌കാരിക സമന്വയം പദ്ധതിയിലൂടെ വിവിധ പരിപാടികളാണ് ഈ കാലയളവില്‍ നടത്തിയത് .പുസ്തക ചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള മുഖാമുഖം ,കവിപരിചയം , വേനല്‍ പച്ച സഹവാസ ക്യാമ്പ് , കവിതപൂക്കളം , തപാല്‍ ദിനത്തില്‍ കത്തെഴുതല്‍ ,നാടകരാവ് ,ചലച്ചിത്രമേള ,കയ്യെഴുത്തുമാസിക പ്രകാശനം ,അനുസ്മരണങ്ങള്‍ ,ലോകജലദിനം, സ്മൃതിസായാഹ്നം , കാരൂര്‍ കഥകളുടെ ശബ്ദാ വിഷ്‌കാരം ,പുസ്തകോത്സവം,മഴകവിതകളുടെ ആലാപനം എന്നിവയൊക്ക ഈ കാലയളവില്‍ നടന്ന വേറിട്ട പരിപാടികളായിരുന്നു .
ഗ്രന്ഥശാലക്കുള്ളില്‍ മണ്‍മറഞ്ഞ കവികളുടെ കവിതകുറിപ്പുകളടങ്ങിയ ഛായാചിത്രങ്ങള്‍ സ്ഥാപിച്ചതും, കൊടകരയിലെ ചിത്രകാരന്മാരുടെ കലാസൃഷ്ടികള്‍ കൊണ്ട് റീഡിംഗ് റൂമില്‍ ആര്‍ട്ട് ഗ്യാലറി ഒരുക്കിയതും , വായനാ സൂക്തങ്ങളാല്‍ ഭിത്തികള്‍ അലങ്കരിച്ചതും ജയന്‍ അവണൂരിന്റെ ഭാവനയില്‍ വിരിഞ്ഞ വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണ് .
വായനയെ പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച വായന ചലഞ്ച് വായനക്കാര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു .ഒരു വിദ്യാലയത്തിലെ എല്ലാ കുട്ടികളും, അധ്യാപകരും , ജീവനക്കാരും വയനശാലയില്‍ അംഗങ്ങളാകുന്ന കേരളത്തിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിക്ക് കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിനെ അര്‍ഹമാക്കിയതില്‍ ജയന്‍ അവണൂരിന്റെ പങ്ക് മുഖ്യമാണ്..കേന്ദ്ര ഗ്രന്ഥശാലയില്‍ ഇവര്‍ക്ക് സൌജന്യ അംഗത്വമാണ്  നല്‍കിയത് .ലോക് ഡൗണ്‍ കാലത്ത് നടത്തിയ ഓണ്‍ലൈന്‍ സര്‍ഗസദസ്സും വൈറലായി. കേന്ദ്ര ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാവേദി, ബാലവേദി, വയോജനവേദി എന്നിവയുടെ ആഭിമുഖ്യത്തിലും പ്രതിമാസ പരിപാടികള്‍ നടത്തിയിരുന്നു .
ജോലിഭാരത്തില്‍ മുഴുകിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെയും ഈ മാതൃക ലൈബ്രേറിയന്‍ സര്‍ഗാത്മകതയിലേക്ക് ആനയിച്ചു .വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഷീര്‍ സ്മൃതിയിലാണ് കൊടകര പഞ്ചായത്ത് ഓഫിസിലെ ജീവനക്കാര്‍ കഥകള്‍ അവതരിപ്പിച്ചത് .
കേന്ദ്ര ഗ്രന്ഥശായില്‍ പ്രവര്‍ത്തിക്കുന്ന പി എസ് സി പരീക്ഷ പഠന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിയത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. കൂട്ടായ്മയില്‍ ചേര്‍ന്ന് പഠനം നടത്തിയതിന്റെ ഭാഗമായി ഇരുപതോളം പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ ജോലികളില്‍ പ്രവേശിച്ചത്.പുസ്തക അന്വേഷണത്തിന് പുറമെ വിവിധ പൊതു അറിവുകള്‍ തേടി വരുന്നവര്‍ക്ക് അത് ലഭ്യമാകുന്ന രീതിയിലുള്ള ന്യൂസ് പേപ്പര്‍ ക്ലിപ്പിംഗ് സര്‍വീസ് എന്ന ഡോക്യുമെന്റ് സംവിധാനം ജയന്‍  അവണൂര്‍ ഇവിടെ നടപ്പിലാക്കി. ഗവേഷണ വിദ്യാര്‍ത്ഥികളും വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നവരും ഈ സൗകര്യം ഉപയോഗപ്പെടുതിയിരുന്നു. .
എഴുത്തുകാരുടെ കൃതികളെ കുറിച്ചുള്ള പഠനങ്ങളെ സംബന്ധിച്ച് സൂചന നല്കുന്ന ബിബ്ലിയോഗ്രാഫിയും ജയന്റെ സംഭാവനയാണ്,. വിവിധ ആനുകാലികങ്ങളുടെ പഴയ ലക്കങ്ങള്‍ സമാഹരിച്ചു ലൈബ്രറിയില്‍ രൂപീകരിച്ച മാസിക ശേഖരം കേന്ദ്ര ഗ്രന്ഥ ശാലയുടെ മാത്രം പ്രത്യേകതയാണ്. സാഹിത്യ അസ്വാദകര്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരെ നേരില്‍ കാണാനും അവരോടു സംവദിക്കാനും ജയന്‍ സാംസ്‌കാരിക പരിപാടികളിലൂടെ അവസരമുണ്ടാക്കി ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടത്തിയതിനു ജില്ല ലൈബ്രറി കൗണ്‍സിലിന്റെ പുരസ്‌കാരവും ഈ കാലയളവില്‍ കേന്ദ്ര ഗ്രന്ഥശാലയെ തേടിയെത്തി .
കേരള സ്റ്റേറ്റ്  ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേഷന്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കൊടകര പഞ്ചായത്തിലെ മറ്റു ഗ്രന്ഥശാലകളേയും പരിപോഷിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ജയന്‍ കാഴ്ച വെച്ചിരുന്നു. ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹം  തന്നെ .കൊടകരയില്‍ അഴകം യുവജന സംഘം വായനശാലയുടെ രൂപീകരണത്തിലും മുഖ്യ പങ്കു വഹിച്ച ജയന്‍ തൃശൂര്‍ താലുക്ക് ലൈബ്രറി കൌണ്‍സിലിന്റെ മുന്‍ സെക്രട്ടറി കൂടി ആയിരുന്നു.  കൊടകരയിലെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ഈ ലൈബ്രേറിയന്റെ ഇടപെടലുകള്‍ ഏറെ സഹായകമായിരുന്നു .
ഗ്രാമീണ വാര്‍ത്തകള്‍ ശേഖരിച്ച് അവര്‍ക്ക് എത്തിച്ചുകൊടുക്കുകയെന്നത്  ലൈബ്രറിയിലെ ജോലിക്കിടയിലും അദ്ദേഹം ചെയ്തിരുന്നു .ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ജയന്‍ ദേശാഭിമാനിയുടെ തൃശൂര്‍ ഏരിയ ലേഖകന്‍ ആയിരുന്നു.കിലയുടെ ലൈബ്രേറിയന്‍ പരിശീലനതിലും, ലൈബ്രറി കൌണ്‍സില്‍ ഗ്രാമീണ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാര്‍ക്ക് വേണ്ടി നടത്തിയ പരിശീലന കോഴ്‌സിലും ജയന്‍ അവണൂര്‍ അധ്യാപകനായിരുന്നു .ജില്ല ലൈബ്രറി കൗണ്‍സിലിന്റെ റിസോഴ്‌സ് പേഴ്‌സണ്‍ ആയ അദ്ദേഹം  2018 ല്‍ രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷന്‍ കൊല്‍ക്കത്തയില്‍  വെച്ച് നടത്തിയ ദേശീയ ലൈബ്രറി സെമിനാറില്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.
അക്ഷര സ്‌നേഹികളുടെ ആത്മാര്‍ത്ഥ മിത്രമായിരുന്ന ജയന്‍ അവണൂര്‍ പുരസ്‌കാര നിറവിലാണ് കേന്ദ്ര ഗ്രന്ഥശാലയില്‍ നിന്നും പിരിയുന്നത് .അക്കാദമിക് ലൈബ്രറി അസോസിയേഷന്റെ മികച്ച ലൈബ്രേറിയനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത് ലൈബ്രറി സയന്‍സിന്റെ അനന്ത സാധ്യതകള്‍ പ്രാവര്‍ത്തികമാക്കിയ കൊടകരയുടെ പ്രിയപ്പെട്ട ഗ്രന്ഥശാല സൂക്ഷിപ്പുകാരനു തന്നെ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!