Breaking News

കൈമുക്ക് മനയിലെ ജ്യോതിഷരത്‌നം…

കൊടകര: കേരളത്തിലെ വേദപണ്ഡിതരില്‍ പ്രമുഖസ്ഥാനം വഹിക്കുന്നവരാണ് ഇരിങ്ങാലക്കുട ഗ്രാമത്തിലെ കൈമുക്ക് വൈദികര്‍. യജുര്‍വേദപാണ്ഡിത്യവും ജ്യോതിഷപാരമ്പര്യവും ഇവര്‍ക്ക് ഒരു സ്വന്തമാണ്. ദിവംഗതനായ ജ്യോതിഷചക്രവര്‍ത്തി കൈമുക്ക് വൈദികന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ അനുഗ്രഹീത ശിഷ്യനായിരുന്നു ഇന്നലെ അന്തരിച്ച കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട്. കൈമുക്കിന്റെ മഹാപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍  അക്കിത്തിരിപ്പാട് സദാ ജാഗരൂകനായിരുന്നു.

പരശുരാമഋഷിനിര്‍ദ്ദിഷ്ടമായ വൈദീകപരമ്പരയാണ് കൈമുക്ക്മനയുടേത്. കേരളസംസ്‌കാരത്തിന് അടിത്തറ പാകിയ ഋഷി അഷ്ടവൈദ്യന്‍മാരേയും ആറ് വൈദികന്‍മാരേയും നാല് മാന്ത്രികന്‍മാരേയും 2 തന്ത്രികുടുംബങ്ങളേയും സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. അതില്‍ ഇന്നും ഭംഗംവരാതെ നിലനില്‍ക്കുന്ന ഏകവൈദികപാരമ്പര്യമാണ് കൈമുക്ക്്. ഇവരുടെ പരമ്പരയിലെ മഹാന്‍മാരും ഐതിഹ്യവും അനവധിയാണ്. ശുചീന്ദ്രം കൈമുക്ക് എന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഈ ഇല്ലപ്പേരുതന്നെ ഉണ്ടായിട്ടുള്ളത്.

ഗുരുവായൂര്‍ ഏകാദശിക്ക് ദ്വാദശി പണം സ്വീകരിക്കാന്‍ നിയോഗമുള്ളവരില്‍ അപൂര്‍വം ഒരാളായിരുന്നു അക്കിത്തിരിപ്പാട്.  കുട്ടിക്കാലംമുതല്‍ക്കേ വേദവും സംസ്‌കൃതവും ജ്യോതിഷവും അഭ്യസിച്ചു. വൈദികക്രിയാഭാഗങ്ങളിലും വിജ്ഞാനം നേടി. എന്നാല്‍ ജ്യോതിഷശ്രേഷ്ഠനായിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടത്.  പാണ്ഡിത്യവും  കുലദൈവമായ വയലൂരപ്പന്റെ ഉപാസനാസിദ്ധിയും ഇരിങ്ങാലക്കുട സംഗമേശസ്വാമിയോടുള്ള നിതാന്തഭക്തികൊണ്ട്  ജ്യോതിശാസ്ത്രരംഗത്ത്് ഇദ്ദേഹം കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധ നേടി.  രാഷ്ട്രീയനേതാക്കളും കലാകാരന്‍മാരും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ അക്കിത്തിരിപ്പാടിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.

കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കൊപ്പം

വലിപ്പചെറുപ്പമില്ലാതെ നാനാജാതിമതസ്ഥരായ എല്ലാവര്‍ക്കും അദ്ദേഹം ഒരുപോലെ പ്രാപ്യനായിരുന്നു. തന്റെ വിശേഷയുക്തിപ്രയോഗങ്ങളും പരിഹാരനിര്‍ദേശങ്ങളുംകൊണ്ട് അദ്ഭുതങ്ങള്‍തീര്‍ത്ത ജ്യോതിഷിയായിരുന്നു അക്കിത്തിരിപ്പാട്. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം,, ചെട്ടിക്കുളങ്ങര ഭഗവതിക്ഷേത്രം, , വര്‍ക്കല ജനാര്‍ദ്ദനക്ഷേത്രം,  കണ്ണൂര്‍ ചെറുകുന്ന് ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം തുടങ്ങി  പ്രമുഖക്ഷേത്രങ്ങളില്‍ അഷ്ടമംഗലപ്രശ്നംവച്ച് നിര്‍ണായകതീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ഗാനഗന്ധര്‍വന്‍ യോശുദാസിനെ പൊന്നാട അണിയിക്കുന്ന രാമന്‍ അക്കിത്തിരിപ്പാട്

കൊടകര മറ്റത്തൂര്‍ കൈമുക്ക് മനയില്‍ 2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തി വൈദികജ്ഞാനം പകര്‍ന്ന ജ്യോതിഷപണ്ഡിതനാണ്. വൈദികവിഷയങ്ങളില്‍ സംശയം വരുന്നപക്ഷം അവസാനവാക്കായും അദ്ദേഹം നിലനിന്നുപോന്നു. സംഗീതം, അക്ഷരശ്ലോകം, വാദ്യകല മുതലായ കലാരൂപങ്ങളില്‍ പ്രാവീണ്യമുണ്ടായിരുന്ന അക്കിത്തിരിപ്പാട് സഹൃദയനായ കലാസ്വാദകനും കൂടിയായിരുന്നു. ഒട്ടനവധി പ്രഗദ്ഭരുടെ പിറന്നാളുകള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കും മംഗളപത്രം എഴുതുകയും അത് വേദിയില്‍ ആലപിക്കുകയും പതിവായിരുന്നു.
(കൊടകര ഉണ്ണി)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!