Breaking News

ഇനിയില്ല ‘മഹാദേവ’ എന്ന വിളി……….

മറ്റത്തൂര്‍: വൈദീക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മറ്റത്തൂര്‍ കൈമുക്ക് മനയിലെ വേറിട്ട ശബ്ദമായിരുന്നു കൈമുക്ക്് വൈദീകന്‍ രാമന്‍ അക്കിത്തിരിപ്പാട്. അകലെനിന്നും നോക്കുന്നവര്‍ക്ക്് കാര്‍ക്കശ്യക്കാരനായി തോന്നുമെങ്കിലും അടുത്തറിയുന്നവര്‍ക്കറിയാം ആ ഹൃദയ വിശാലത.

ആത്യന്തികമായി മഹാശുദ്ധനായിരുന്നു ഈ ബ്രാഹ്മണശ്രേഷ്ഠന്‍. സ്‌നേഹത്തിന്റെ കാര്യത്തില്‍ എന്നും ഇദ്ദേഹം ദുര്‍ബലനായിരുന്നു. ഹൃദയത്തിന്റെ ഭാഷയിലായിരുന്നു പരിചയപ്പെട്ടവരോടൊക്കെ അക്കിത്തിരിപ്പാടിന്റെ വാക്കുകള്‍.

കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയെ പൊന്നാട അണിയിക്കുന്ന രാമന്‍ അക്കിത്തിരിപ്പാട്

മഹാദേവ എന്ന്  മനസ്സിന്റെ ഉള്ളില്‍നിന്നുള്ള വിളിയോടെ മാത്രമാണ് എപ്പോഴു സംസാരിച്ചു തുടങ്ങാറുള്ളത്.  കറകളഞ്ഞ സ്‌നേഹവും  നിഷകളങ്കത്വവുമായിരുന്നു അക്കിത്തിരിയുടെ മുഖമുദ്ര. ചിന്തിച്ചുറച്ചത് പറയുകയും അവ പ്രവൃത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അക്കിത്തിരിപ്പാടിന്റെ  പ്രകൃതം. ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുടെ സമഞ്ജസമായ സമ്മേളനമായിരുന്നു രാമന്‍ അക്കിത്തിരിപ്പാട്.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യസ്വാമിയും നെല്ലായി വയലൂര്‍ മഹാദേവനും കഴിഞ്ഞേ അക്കിത്തിരിപ്പാടിന് മറ്റെന്തുമുള്ളൂ. ഗുരുവായൂര്‍ ഏകാദശിക്ക് ദ്വാദശി പണം സ്വീകരിക്കാന്‍ നിയോഗമുള്ളവരില്‍ അപൂര്‍വം ഒരാളായിരുന്നു അക്കിത്തിരിപ്പാട്. സംസ്‌കൃതം,സാഹിത്യം എന്നിവയില്‍  പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം ശ്ലോകങ്ങള്‍ രചിക്കുകയും ചൊല്ലുകയും പതിവായിരുന്നു. കലയേയും കലാകാരന്‍മാരേയും ഏറെ ഇഷ്ടമായിരുന്നു.

ചെണ്ടയും കുറുംകുഴലും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു എന്നുമാത്രമല്ല തായമ്പകയില്‍ അഭ്യാസവും നടത്തിയിട്ടുണ്ട് എന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. കൊടകരയില്‍ കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍ നായര്‍ക്ക് സ്വരായനം വേദിയില്‍ വീരശൃംഖല സമര്‍പ്പിച്ചതും മേളകലാസംഗീതസമിതിയുടെ വാര്‍ഷികവേദിയില്‍ നന്തിപുലം പോറോത്ത്് ചന്ദ്രശേഖരമാരാര്‍ക്ക്് സുവര്‍ണമുദ്ര അണിയിച്ചതും അക്കിത്തിരിപ്പാടിന്റെ അനുഗ്രഹീതകരങ്ങളായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!