ആശങ്കയൊഴിയാതെ ആറ്റപ്പിള്ളി പാലം; അപ്രോച്ച്‌റോഡിന്റെ സമീപത്തായി വീണ്ടും ഗര്‍ത്തം

കൊടകര:   കാല്‍നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം നിര്‍മിച്ച ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ് ഓരോദിവസവും നാട്ടുകാര്‍ക്ക്   ആശങ്കയുണ്ടാക്കുകയാണ്.  2006 ല്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഈ പദ്ധതിയുടെ നിര്‍മാണത്തിന് 2008 ലാണ് തുടക്കമായത്. മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിനും കാര്‍ഷികാവശ്യത്തിനുമായുള്ള വെള്ളത്തിനും ഏറെ ഉപകരിക്കുന്ന ഒരു പദ്ധതി എന്നുമാത്രമല്ല ദേശീയപാത കൊടകരയില്‍നിന്നും പാലക്കാട്ടേക്കുള്ള  കിലോമീറ്ററുകളുടെ കുറവും ആററപ്പിള്ളി പാലം സാധ്യമാക്കുന്നു.

ആദ്യം 5 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. ഇതില്‍ 4 കോടി 85 ലക്ഷംരൂപ നബാര്‍ഡിന്റേയും 15 ലക്ഷം സര്‍ക്കാരിന്റേയുമായിരുന്നു. പദ്ധതിയുടെ തുടക്കംമുതലേ കല്ലുകടികളായിരുന്നു ഉണ്ടായിരുന്നത്.2008 ല്‍ അന്നത്തെ ജലവിഭവവകുപ്പുമന്ത്രിയായിരുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനവേളയില്‍ 2 വര്‍ഷം കൊണ്ട്  പാലം നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടല്ല 13 വര്‍ഷം പിന്നിട്ടിട്ടും നാടിന്റെ സ്വപ്നപദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടന്നിട്ടില്ലെന്നുമാത്രമല്ല ആശങ്കകളുടേയും വിവാദങ്ങളുടേയും കുത്തൊഴുക്ക് തുടരുകയുമാണ്.

ഇക്കഴിഞ്ഞ 5 ന് പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഇതുമായി ബ്‌നധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമായി.  വ്യാഴവട്ടക്കാലത്തിനുമുമ്പ് നിര്‍മാണം തുടങ്ങിയെങ്കിലും തുകപോരാത്തതിനാല്‍ 2 കോടിരൂപകൂടി അനുവദിച്ചിരുന്നു. ആ രണ്ടുകോടിയാകട്ടെ ലാപ്സാകുകയും ചെയ്തു. പിന്നീട് വീണ്ടും 6 കോടി 93 ലക്ഷം അനുവദിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പണികള്‍ തുടങ്ങിയത്. നിര്‍മാണം ആദ്യം ഏറ്റെടുത്തിരുന്ന കരാറുകാരന്‍ 2012 ഓടെ പണികള്‍ പൂര്‍ത്തിയായില്ലെങ്കിലും കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന്്് ഉപേക്ഷിച്ചുപോവുകയായിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക്് തിരിതെളിച്ചു. പാലത്തില്‍ ഒട്ടനവധി സമരങ്ങള്‍ നടന്നു. തുടര്‍ന്ന് പുതിയകരാറുകാരായ തിരുവല്ല എ.ബി.ജി എന്‍ജിനീയറിംഗ് കമ്പനിയാണ് നിര്‍മാണം നടത്തിയത്. ശേഷിച്ച പണികള്‍ നടത്താനായിരുന്നു കരാര്‍. 2018 ലെ പ്രളയത്തിനുശേഷം പുഴയുടെ ആഴവും വീതിയും കൂടിയതിനാല്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിവേണ്ടിയിരുന്നു   പണി തുടരാന്‍. പ്രളയം നിര്‍മാണപ്രവൃത്തികളെ ബാധിക്കുകയും ചെയ്തു. അപ്രോച്ച്് റോഡ് ഉള്‍പ്പെടെ നിര്‍മാണപ്രവൃത്തികള്‍ക്ക് പുതിയ അനുമതി ലഭിച്ചു. പാലത്തിനടിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കുന്നതിനിടെ  പാലത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തെ കോണ്‍ക്രീറ്റിങ്ങ് ഇളകി ഷട്ടറിന്റെ താഴെ ചോര്‍ച്ച രൂപപ്പെട്ടതും ഏറെ വിവാദങ്ങളുണ്ടാക്കി. പാലത്തിന്റെ അടിഭാഗത്ത് റഗുലേറ്ററിന്റെ താഴെ കോണ്‍ക്രീറ്റിംഗ് പണികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. പണി തുടരുന്നതിനായി പുഴയിലെ ഒഴുക്ക്്് ആ നാളുകളില്‍ തടസ്സമായിരുന്നു.  പണികള്‍ തുടരാനായ  ചിമ്മിനിഡാമില്‍നിന്നും വെള്ളം വരുന്നത് തടഞ്ഞെങ്കിലും കൃഷിവകുപ്പ്് ഇടപെട്ട്്്് വീണ്ടും വെള്ളം വിടുവിപ്പിക്കുകയായിരുന്നു. കുറുമാലിപ്പുഴയിലെ വെള്ളത്തിനെ ആശ്രയിച്ച്ാണ് ഏനാമ്മാവ്, മണലൂര്‍,കാഞ്ഞാണി ഭാഗത്തെ കോള്‍കര്‍ഷകരുടെ കൃഷി നടന്നുവന്നിരുന്നത്.മാത്രമല്ല കുറുമാലിപ്പുഴയുടെ തീരങ്ങളില്‍ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കത്തില്‍ വെള്ളംവന്നാല്‍ ആറ്റപ്പിള്ളി റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ പണി നടക്കില്ല. വെള്ളം വന്നില്ലെങ്കില്‍ കോള്‍കര്‍ഷകര്‍ക്ക്് കൃഷി ഉണങ്ങി ദുരിതവുമാകും. അതുകൊണ്ടുതന്നെ കൃഷിവകുപ്പും ജലസേചന വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയും ശീതസമരവും ഒരു പരിധിവരെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആ നാളുകളില്‍ തടസ്സമായിരുന്നു. കൃഷിവകുപ്പിന് ആറ്റപ്പിള്ളി പാലമല്ല,കൃഷിക്കാരായിരുന്നു  പ്രധാനം. പിന്നീട് ചോര്‍ച്ച തീര്‍ക്കുന്നതിനായി മെറ്റല്‍ ഉള്‍പ്പെടെ നിര്‍മാണസാമഗ്രികള്‍ എത്തിച്ചെങ്കിലം പണികള്‍ കാര്യക്ഷമമായില്ല. ഷട്ടറില്‍ ചോര്‍ച്ച ഇല്ലെങ്കിലും ഷട്ടറിന്റെ  കോണ്‍ക്രീറ്റിങ്ങിന്റെ അടിയില്‍ വലിയ ചോര്‍ച്ചയാണ്. മറ്റത്തൂര്‍  പഞ്ചായത്ത് ഭാഗത്ത് തൃക്കണ്ണപുരം ക്ഷേത്രം വരെ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിച്ചെങ്കിലും അവിടന്നങ്ങോട്ട്് കൊടകര-വെള്ളിക്കുളം റോഡിലേക്കുള്ള റോഡ് വികസിപ്പിക്കേണ്ടതുണ്ട്. എങ്കിലേ  ആറ്റപ്പിള്ളി പാലത്തിന്റെ ലക്ഷ്യം സാധ്യമാവുള്ളൂ. എന്നാല്‍ ഈ റോഡിനായി സ്ഥലം ഏറ്റെടുക്കേണ്ടതുള്‍പ്പെടെയുള്ള  നടപടികള്‍ ഇപ്പോഴും ഒന്നുമായിട്ടില്ലെന്നാണറിയുന്നത്. പാലവുമായി ബ്‌നധപ്പെട്ട് നിര്‍മാണത്തിലെ അപാകങ്ങള്‍ കണ്ടുപിടിക്കുന്നതിനായി കെ.ഇ.ആര്‍.ഐ ഡയറക്ടറെ സര്‍ക്കാര്‍ നിയമിച്ച സാങ്കേതികകമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.  പാലത്തിനടിയിലെ കോണ്‍ക്രീറ്റിങ്ങിന്റൈ കനവും ഗുണനിലവാരവും എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ നടക്കുകയാണ്. കരാര്‍ അനുസരിച്ചുള്ള കാലാവധി 2019 ല്‍ അവസാനിച്ചെങ്കിലും ഇനിയും കോടിക്കണക്കിനുരൂപയുടെ പ്രവൃത്തികള്‍ നന്നാല്‍ മാത്രമേ ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജ് ഒദ്വോഗികമായി തുറന്നുകൊടുക്കാന്‍ സാധിക്കുകയുള്ളൂ.
ഇത്തരത്തില്‍ ആശങ്കകളും വിവാദങ്ങളും വിടാതെ തുടരുന്നതിനിടെയാണ് ഈ മാസം ആദ്യം പാലത്തിന്റെ അപ്രോച്ച്റോഡില്‍ വലിയൊരുഗര്‍ത്തം രൂപപ്പെട്ടത്. ക്വാറിവേസ്റ്റ് നിക്ഷേപിച്ച് ഗര്‍ത്തം താല്‍ക്കാലികമായി അടച്ചെങ്കിലും യാത്രക്കാര്‍ ഭീതിയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം പാലത്തിന്റെ അപ്രോച്ച്റോഡിലെ മണ്ണ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം വീണ്ടും നിരോധിച്ചിരുന്നു.കഴിഞ്ഞദിവസം പാലത്തിന്റെ വശങ്ങളിലെ വാള്‍ കരിങ്കല്‍ പാകിയ ഭിത്തിയിലും ഗര്‍ത്തം കാണുകയുണ്ടായി. ഇപ്പോഴും ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു  ഒട്ടനവധി സമരങ്ങള്‍ക്കും കാത്തിരിപ്പിനുശേഷം സാക്ഷാത്കാരമായ  റഗുലേറ്റര്‍ കംബ്രിഡ്ജ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് പേടീ സ്വപ്നമാണ്.  രണ്ടു വര്‍ഷവുമുണ്ടായ പ്രളയത്തില്‍ കുറുമാലിപ്പുഴ ഗതി മാറി ഒഴുകിയതിനെത്തുടര്‍ന്നുണ്ടായ നടുക്കുന്ന ഓര്‍മകള്‍ വിട്ടുമാറാതെ ഭയചകിതരാണ്  മഴ കനക്കുമ്പോള്‍  മനസ്സില്‍ ആശങ്കയുടെ കനലെരിയുന്ന ആറ്റപ്പിള്ളി നിവാസികള്‍. 2018 ലെ പ്രളയത്തില്‍ പുഴ കരകവിഞ്ഞ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം ഭാഗത്തേക്ക് ഒഴുകുകയായിരുന്നു. പ്രദേശത്തെ വീടുകല്‍ കുടുങ്ങിയ കുടുംബങ്ങളെ ഏറെപണിപ്പെട്ടാണ് കരകയറ്റിയത്. ഏറെ കാത്തിരിപ്പിനും സമരങ്ങള്‍ക്കും ശേഷം സാഫല്യമായ ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജ് വരേണ്ടായിരുന്നു എന്നു വരെ ചിന്തിക്കുകയാണ് ഇപ്പോള്‍ നാട്ടുകാര്‍.  മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുഴയുടെ കുറുകെ പാലംവന്നെങ്കിലും റഗുലേറ്ററിന്റെ അവസാനഘട്ടനിര്‍മാണത്തിലെ പോരായ്മകളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തേയും ദുരിതത്തിന്റെ കാരണമായി നാട്ടുകാര്‍ ആരോപിച്ചത്. ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടറുകള്‍ക്കടിയില്‍ കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തിയാകാത്തതും  പാലത്തിന്റെ തൂണുകളില്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ തങ്ങിനില്‍ക്കുന്നതും പുഴ ഗതി മാറി ഒഴുകാനുള്ള സാധ്യതയേറ്റുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!