കൊടകര : അഴിമതിയെ വികസന സ്വപ്നങ്ങളുമായി ബന്ധിപ്പിച്ചതാണ് ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ അഴിമതിപോലെയുള്ള വന്‍ തട്ടിപ്പുകള്‍ക്ക് കാരണമായതെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. മറ്റത്തൂര്‍- വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലിപ്പുഴക്കു കുറുകെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിലെ അഴിമതിയിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മറ്റത്തൂര്‍, മുപ്ലിയം മേഖലകളുടെ നേതൃത്വത്തില്‍ ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാരസമരം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കോണ്‍ട്രാക്ടര്‍, 13.5 കോടി രൂപ, നിരവധി എസ്റ്റിമേറ്റ്, നിരവധി നിര്‍മാണ ഉല്‍ഘാടനങ്ങള്‍ എല്ലാം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്ത പദ്ധതിയായി മാറിയെന്നുള്ളതും, നിരവധി കര്‍ഷകര്‍ക്ക് പ്രതീക്ഷയുമായി വന്ന റെഗുലേറ്റര്‍ ബ്രിഡ്ജ് ഇന്ന് സഞ്ചാരയോഗ്യമല്ലെന്നുള്ളതും അഴിമതിയുടെ ആഴം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരഭടന്മാരായ രമേഷ് ടി ആര്‍, ഹരി കെ എസ്, സുനില്‍കുമാര്‍ എന്നിവരെ ജേക്കബ് തോമസ് ഷാള്‍ അണിയിച്ചു .സമര സമിതി ചെയര്‍മാന്‍ എ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി സി സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം ബിജു കെ എസ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തംഗം അരുണ്‍ വി.ബി, സമരസമിതി ജനറല്‍ കണ്‍വീനര്‍ രമേഷ് ടി ആര്‍, എം വി മധുസൂദനന്‍, വിവി രാജേഷ്, പി.വി.രഘുനാഥ് ,ശ്യാംനാഥ് പി ഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.