കൊടകര: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് പ്രളയഭീതിയിലാണ് കുറുമാലിപ്പുഴയുടെ തീര നിവാസികള്‍. 2018 ലെ പ്രളത്തില്‍ പുഴയുടെ ആറ്റപ്പിള്ളി, മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറി, നെല്ലായി, പന്തല്ലൂര്‍, കുണ്ടുക്കടവ്,വാസുപുരം തുടങ്ങി പുഴയോരത്തെ വീടുകളെല്ലാം മുങ്ങിപ്പോയിരുന്നു. മറ്റത്തൂരില്‍ പലയിത്തും പുഴ ഗതി മാറി ഒഴുകുകയും ഒട്ടവനധി വീട്ടുകാരുടെ പറമ്പുകളും പുഴ കവര്‍ന്നിരുന്നു.
പല വീടുകളും പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. ആറ്റപ്പിള്ളിയില്‍ ആറുകുടുംബങ്ങള്‍ പ്രളയജലത്തില്‍ കുടുങ്ങിയിരുന്നു. പുഴ കരകവിഞ്ഞ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം ഭാഗത്തേക്ക് ഒഴുകുകയായിരുന്നു. പ്രദേശത്തെ വീടുകളില്‍ കുടുങ്ങിയ കുടുംബങ്ങളെ ഏറെപണിപ്പെട്ടാണ് കരകയറ്റിയത്. പ്രളയത്തില്‍ പുഴ ഗതി മാറി ഒഴുകിയതിനെത്തുടര്‍ന്നുണ്ടായ നടുക്കുന്ന ഓര്‍മകള്‍ വിട്ടുമാറാതെ ഭയചകിതരാണ് മഴ കനക്കുമ്പോള്‍ മനസ്സില്‍ ആശങ്കയുടെ കനലെരിയുന്ന പുഴയോരനിവാസികള്‍.