Breaking News

കുഞ്ഞൂഞ്ഞ്. . .

d4bed9d53455123cf42212ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന കുഞ്ഞൂഞ്ഞ് അല്ല. പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ മുടി വെട്ടാൻ വീട്ടിൽ വന്നിരുന്ന ബാർബർ. മൂന്നാഴ്ച കൂടുമ്പോൾ കൈയിൽ കത്രികയും ചീപ്പും അടങ്ങിയ ഒരു ചെറിയ പൊതിക്കെട്ടുമായി അതിരാവിലെ വീട്ടില് വരുന്ന ഈ കുഞ്ഞൂഞ്ഞ് എന്റെ ഒന്നാം നമ്പര് ശത്രുക്കളിൽ ഒരാളായിരുന്നു. പാതിയുറക്കത്തിൽ വെളിയിൽ അച്ഛനോട് സംസാരിക്കുന്നത് കേൾക്കുമ്പോഴേ നെഞ്ചിടിക്കും.. പുതപ്പ് തലവഴി ഒന്നുകൂടി വലിച്ചിട്ട് ഉറക്കം നടിച്ചു കിടക്കും. അച്ഛന്റെ മുടി വെട്ടിക്കഴിഞ്ഞാൽ എന്നെ വിളിക്കും എന്നുറപ്പാണ്. പുതപ്പിനടിയിൽ മുടിയിൽ പിടിച്ചു നോക്കും.. വളർന്നിട്ടുണ്ടോ.. ഇല്ലെങ്കിലും അയാൾ വെട്ടും, ഉറപ്പാ.

അധികം താമസമുണ്ടാവില്ല, വെളിയിൽ നിന്ന് വിളിവരാൻ… സ്വാഭാവികമായും അമ്മ വന്നു പറയാതെ എഴുന്നേൽക്കില്ല.. കാരണം ഞാൻ ഉറക്കത്തിലാണല്ലോ..

“എന്റെ മുടി വളർന്നില്ല, ഇനി വരുമ്പോൾ വെട്ടിയാൽ മതി” പുതപ്പിനടിയിൽ നിന്നു സ്വരം മാത്രം പുറത്തേക്ക് വിടും.

പുതപ്പ് മാറ്റി നോക്കി അമ്മ പറയും “ശരിയാ, ഇത് വളർന്നിട്ടില്ല.. അച്ഛനോട് ചെന്ന് പറഞ്ഞിട്ട് വാ…” എന്നെ എഴുന്നേൽപ്പിച്ചു വിടും…

എന്റെ അഭിപ്രായത്തോടുള്ള ഈ സമ്മതം മൂളൽ എന്നെ വെളിയിൽ എത്തിക്കാനുള്ള അമ്മയുടെ അടവായിരുന്നു എന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി.

വെളിയിലേക്ക് തലമാത്രം നീട്ടി പറയും… “വളർന്നില്ല.. പിന്നെ മതി”

പക്ഷെ ഒരിക്കൽ പോലും കുഞ്ഞൂഞ്ഞ് സമ്മതിച്ചിട്ടില്ല.. മുടി പിടിച്ചു നോക്കിയിട്ട് പറയും.. “ഇത് വല്ലാതെ വളർന്നല്ലോ.. ഇനി ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ.. അപ്പൊ ഇതാകെ കാടാകും..”
അത് സപ്പോര്ട്ട് ചെയ്യാൻ അച്ഛനും അമ്മയും ഉണ്ടാകും എന്ന സങ്കടവും പെങ്ങന്മാർക്ക് ആർക്കും ഈ ദുരവസ്ഥ ഇല്ലല്ലോ എന്ന നിരാശയും മൂലം വാതിലിനു വെളിയിലേക്ക് കാലു വെക്കുന്നത് മുതൽ കരച്ചിൽ തുടങ്ങിയിട്ടുണ്ടാവും.

ഏങ്ങലടിച്ചു കരയുന്ന എന്റെ കഴുത്തിൽ പിടിച്ചു തിരിച്ചു ഒരു ദാക്ഷിണ്യവുമില്ലാതെ കുഞ്ഞൂഞ്ഞു പണി തുടങ്ങും. ഏങ്ങലടിയുടെ ശക്തി കൂടുമ്പോൾ കത്തിയോ കത്രികയോ കഴുത്തിൽ കൊണ്ട് മുറിയും.. അത് കരച്ചിൽ ശക്തമാക്കും.. ഇതൊരു സ്ഥിരം നാടകമായിരുന്നു.. എല്ലാ മാസവും മുറ്റത്തിന്റെ കോണിൽ അരങ്ങേറുന്ന നാടകം.

കുഞ്ഞൂഞ്ഞിനെ എനിക്കിഷ്ടമില്ലാത്തത് മൂന്നു കാരണങ്ങൾകൊണ്ടായിരുന്നു. ഒന്ന് രാവിലെ ഉറക്കത്തിൽ നിന്ന് വിളിചെഴുന്നെൽപ്പിക്കും.. കുറച്ചു നേരം വെളുത്തിട്ടു വന്നൂടെ എന്നാലോചിചിട്ടുണ്ട്. രണ്ട്, മുടി വെട്ടുമ്പോൾ മുറുക്കുന്ന കുഞ്ഞൂഞ്ഞു അതിനിടയിൽ തന്നെ ചുറ്റും തുപ്പും.. ഓരോ തുപ്പലിനും എന്റെ കരച്ചിലിന്റെ വോളിയം കൂടും.. മൂന്ന്, മുടി വെട്ടിക്കഴിഞ്ഞാൽ എന്നെ എനിക്കിഷ്ടമില്ലായിരുന്നു.. നഗ്നനാക്കിയ അവസ്ഥ.

കുറച്ചൂകൂടി വളർന്നപ്പോൾ കടയിൽ പോയി മുടിവെട്ടണം എന്ന ആവശ്യം മുന്നോട്ടു വെച്ചു. കൂട്ടുകാരുടെയെല്ലാം മുടി പല സ്റ്റൈലിൽ.. എന്റെ മാത്രം ഒരു ‘കുഞ്ഞൂഞ്ഞ് സ്റ്റൈൽ’. എനിക്കിത് വേണ്ട…
അമ്മ വഴി മുന്നോട്ടു വച്ച ആ പരാതി ചുവന്ന മാർക്കിട്ടു അച്ഛൻ തിരിച്ചയച്ചു.. “Application Rejected”.

പിന്നീട് കുഞ്ഞൂഞ്ഞ് വയസ്സായി പണി നിർത്തിയപ്പോൾ വീട്ടില് വന്നു മുടി വെട്ടാൻ ആളെ കിട്ടാതായി. അതോടെ മറ്റു പോംവഴികളൊന്നുമില്ലാതെ എന്റെ പഴയ അപ്പ്ലിക്കഷന് approved സ്റ്റാറ്റസ് കിട്ടി.

പിന്നീട് എത്ര കടകൾ, ബിനു സുനു, മനു.. പല പല ഹെയർ സ്റ്റൈലിസ്റ്റുകളെ മാറി മാറി പരീക്ഷിച്ചു.

ഇവിടെ, ഈ ഖത്തറിൽ ഒരു പിലിപ്പിനൊ ബാർബെറുടെ കൈയിൽ തലകൊടുത്ത് ഇരിക്കുമ്പോൾ ഞാൻ വീണ്ടും കുഞ്ഞൂഞ്ഞിനെ ഓർത്തു. ഇവൻ എന്റെ തലയിൽ വെള്ളം തളിച്ച് മുടി ഓരോ സെക്ഷൻ ആയി ക്ലിപ്പ് ഇട്ടു മാറ്റി വെക്കുന്നുണ്ട്.. ഞാറു നടാൻ വച്ചിരിക്കുന്നത് പോലെ. പിന്നെ ഓരോ ഞാറും പറിച്ചെടുത്ത് അരിഞ്ഞു മാറ്റി. ഇടക്ക് വീണ്ടും വെള്ളമൊഴിച്ചു. കണ്ണാടിയിലേക്ക് ഒന്ന് പാളി നോക്കിയ എന്റെ പിടലിക്ക് പിടിച്ച് താഴേക്കു കുനിച്ച് തലയുടെ പുറകുവശത്തൂടെ ഒരു tractor ഓടിച്ചു.

അവസാനം എല്ലാം കഴിഞ്ഞ് കണ്ണാടി കണ്ട എനിക്ക് ഒരു കാര്യം മനസ്സിലായി. ഇവന്റെ അച്ഛൻ പിലിപ്പീൻസിൽ ഒരു വലിയ കർഷകനാണെന്നും ഇവൻ അവിടുത്തെ ഒരു പ്രധാന കൊയ്ത്തുകാരൻ ആണെന്നും.

മകര കൊയ്ത്ത് കഴിഞ്ഞ പാടം പോലെ എന്റെ തല…

കുഞ്ഞൂഞ്ഞിനെ സ്മരിക്കുന്നു, ആരാധനയോടെ..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!