Breaking News

കടമുറികള്‍ തകർത്ത സംഭവത്തില്‍ അന്വേഷണം ശക്തമാക്കി.

കൊടകര : ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കടമുറികള്‍ അജ്ഞാത സംഘം ഇടിച്ചു നിരത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം. പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കി വന്‍നഷ്ടം വരുത്തിയതിന് നടപടി ആവശ്യപ്പെട്ട് വ്യാപാരികള്‍ ജില്ലാ കളക്ടര്‍ക്കും പോലീസ്, റവന്യു മേധാവികള്‍ക്കും പരാതി നല്‍കി.

മുറികള്‍ ഇടിച്ചു നിരത്താനുപയോഗിച്ച ജെ.സി.ബി.കളും ആയുധങ്ങളുമായി കാവലിനുണ്ടായിരുന്ന സംഘത്തെയും കണ്ടെത്താന്‍ നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്ന് കൊടകര പോലീസ് അറിയിച്ചു. രാത്രിയില്‍ കൊടകര ടൗണില്‍ ഓടിയിരുന്ന ഓട്ടോറിക്ഷക്കാരെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയായിരുന്നു കടകള്‍ നശിപ്പിച്ചത്. ഓട്ടോറിക്ഷകള്‍ തൃശ്ശൂരിലേക്ക് പറഞ്ഞയച്ചതായി പറയുന്ന കൊടകരയിലെ ആസ്​പത്രി ജീവനക്കാരനെയും പോലീസ് തിരയുന്നുണ്ട്. ഇയാളില്‍ നിന്ന് പണം കൈപ്പറ്റി തൃശ്ശൂരിലേക്ക് പോയ ഏഴ് ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരില്‍ നിന്നും സംഭവ സമയത്തുണ്ടായിരുന്ന തൊട്ടടുത്ത കെട്ടിടത്തിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

കൊടകര, പുതുക്കാട് മേഖലയിലെ ജെ. സി.ബി.കള്‍ സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചു. കെട്ടിടത്തിന്റെ ഉടമയും വാടകക്കാരായ വ്യാപാരികളും തമ്മില്‍ 25 വര്‍ഷത്തിലധികമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഉടമയുടെയും വ്യാപാരികളുടെയും പരാതികള്‍ കോടതി പരിഗണനയിലാണ്. അതേസമയം കൊടകര ചര്‍ച്ച് റോഡിലെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടം പത്തുദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് കെട്ടിട ഉടമയ്ക്ക് തൃശ്ശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവുണ്ടായിരുന്നതായി പറയുന്നു. ഉത്തരവിന്റെപകര്‍പ്പ് ഉടമയുടെ വീട്ടില്‍ നിന്നും ലഭിച്ചതായി പോലീസ് പറഞ്ഞു. കടപ്പാട് : മാതൃഭൂമി  

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!