Breaking News

ജീവനക്കാര്‍ പണിമുടക്ക് ആഘോഷിച്ചു; സമരം അവസാനിച്ചിട്ടും ബസ്സുകള്‍ ഓടിയില്ല

കൊടകര : പണിമുടക്കിയതോടെ ഒരു പകല്‍ദിനം ഒന്നിച്ചാഘോഷിക്കാന്‍ കിട്ടിയ അവസരം കൊടകരയിലെ ബസ് ജീവനക്കാര്‍ പാഴാക്കിയില്ല. പക്ഷെ, പെരുവഴിയിലായത് കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാര്‍. വ്യാഴാഴ്ച രാവിലെയാണ് സ്വകാര്യ ബസ്സിന്റെ ക്ലീനര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് റൂട്ടിലോടുന്ന മുഴുവന്‍ ബസ്സുകളുടെ ജീവനക്കാരും പണിമുടക്കിയത്. ഉച്ചയ്ക്ക് ഉടമകളുടെയും തൊഴിലാളി നേതാക്കളുടെയും ചര്‍ച്ചയില്‍ സമരം അവസാനിപ്പിച്ച് സര്‍വ്വീസ് തുടരാന്‍ ധാരണയായി. കൊടകര പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

എന്നാല്‍ സമരം പിന്‍വലിച്ചിട്ടും ബസ്സുകള്‍ ഓടിയില്ല. കാര്യമന്വേഷിച്ചപ്പോള്‍ ജീവനക്കാരെല്ലാവരും മദ്യലഹരിയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് എസ്‌ഐ എം.എസ്. വര്‍ഗ്ഗീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമുണ്ടായി. പക്ഷെ, നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. വെള്ളിക്കുളങ്ങര ഭാഗത്തുനിന്നും രാവിലെ തൃശ്ശൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് പോയവര്‍ വൈകീട്ട് കൊടകരയിലെത്തി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു. നാമമാത്രമായ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ കയറാന്‍ നൂറുകണക്കിന് യാത്രക്കാര്‍ തിക്കിത്തിരക്കി. പിന്നീട് കൊടകര പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ചാലക്കുടി ഡിപ്പോയില്‍നിന്ന് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂടി സര്‍വീസ് നടത്തി.

ബസ്സുകള്‍ രാവിലെ മാത്രം സ്റ്റാന്‍ഡിനകത്ത് കയറില്ലെന്ന് ധാരണ

കൊടകര: വെള്ളിക്കുളങ്ങരയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ രാവിലത്തെ ട്രിപ്പ് സ്റ്റാന്‍ഡിനകത്തു പ്രവേശിക്കില്ലെന്ന് ധാരണ. രാവിലെ തിരക്കുള്ള സമയത്ത് സ്റ്റാന്‍ഡില്‍ കയറി തിരിച്ചു പോകാന്‍ സമയക്കുറവു മൂലം കഴിയില്ലെന്ന ബസ്സുടമകളുടെ നിലപാട് പഞ്ചായത്ത് അധികൃതരും വ്യാപാരികളും അംഗീകരിച്ചതോടെയാണ് വ്യാഴാഴ്ച രാവിലെ ആരംഭിച്ച മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കാന്‍ സ്വകാര്യ ബസ്സുടമകള്‍ തയ്യാറായത്. രാവിലെയൊഴിച്ചു മറ്റു സമയങ്ങളില്‍ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുമെന്ന് ബസ്സുടമകള്‍ ഉറപ്പുനല്‍കിയതായി കൊടകര പോലീസ് എസ്.ഐ. അറിയിച്ചു. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!