Breaking News

സ്വന്തം പാടത്ത്‌ കര്‍ഷകനായി മമ്മൂട്ടി

mamu.jpgമുണ്ടു മടക്കിക്കുത്തി വരമ്പില്‍ നിന്ന് പാടത്തെ ചെളിയിലേക്ക് ഇറങ്ങുന്നതിനിടെ നടന്‍ മമ്മൂട്ടി പറഞ്ഞു. ”ഇത് ഒരു സന്ദേശമാണെന്നു കൂട്ടിയാല്‍ മതി, നമ്മുടെ പ്രക്യതിയില്‍ നിന്നു നഷ്ടപ്പെട്ടുപോയ സ്വാഭാവിക കൃഷിരീതിയെ തിരികെ പിടിക്കാന്‍ ഒരു ശ്രമം.

കുമരകത്ത് ആര്‍പ്പൂക്കര പഞ്ചായത്തിലെ  കേളക്കരി വട്ടക്കായല്‍ പാടശേഖര ത്തിലുള്ള 17 ഏക്കര്‍ പാടത്താണ് ഇൌ വര്‍ഷം മുതല്‍ മമ്മൂട്ടി നേരിട്ട് കൃഷി തുടങ്ങുന്നത്. ജൈവകൃഷിയാണോ എന്ന സംശയത്തെ മമ്മൂട്ടി അപ്പോള്‍ തന്നെ തിരുത്തി.

ഇത് ജൈവകൃഷിയല്ല. പ്രകൃതികൃഷിയെന്നാണ് വിളിക്കുക. ഒരു വളവും ഇല്ലാതെ നമ്മുടെ മണ്ണില്‍ തന്നെ വിളയും. പഴയ നാടന്‍ വിത്തിനമായ ‘ചെങ്കഴമയാണ് കൃഷിയിറക്കുന്നത്.

കേരളത്തിലെ പാടശേഖരങ്ങളില്‍ നിന്നൊക്കെ പണ്ടേ കുടിയിറക്കപ്പെട്ട വിത്തിനമായ ചെങ്കഴമയെ തേടിപ്പിടിച്ചാണ് മമ്മൂട്ടി സ്വന്തം പാടത്ത് നട്ടുവളര്‍ത്തുന്നത്.

ചോറിനും രുചിയേറുമെന്നുമാത്രമല്ല, കീടങ്ങളെ  അതിജീവിച്ച് ആരോഗ്യത്തോടെ വളരും.  ഇതിന് കീടനാശിനിയുടെ ആവശ്യമേ വരുന്നില്ല. നേരത്തെ കീടനാശിനിയും മറ്റുവളങ്ങളും ഉപയോഗിച്ച കൃഷിസ്ഥലമായതിനാല്‍ മണ്ണിന്റെ സ്വഭാവമൊ ന്നുമാറിവരാന്‍  ചാണകവും ഗോമൂത്രവും  അടങ്ങുന്ന  ജീവാമൃതം  കുറച്ചുനാളത്തേക്ക് ഇടേണ്ടിവരും. അതിനായി അഞ്ചു പശുക്കളെയും വാങ്ങിയിട്ടുണ്ട്- മമ്മൂട്ടി പറഞ്ഞു.

കുട്ടിക്കാലത്ത് കൃഷിയിക്കിറങ്ങിയിട്ടുണ്ട്. കര്‍ഷക കുടുംബമായിരുന്നതിനാല്‍   കൃഷിയോട് എന്നും സ്നേഹവും താല്‍പര്യവുമാണ്. ഇപ്പോള്‍ കൃഷി ചെയ്യുന്നതു ലാഭം മാത്രം നോക്കിയല്ല.  നമ്മുടെ കൃഷിക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകണം.

ശാസ്ത്രീയരീതിയൊക്കെ ആകാം പക്ഷേ കെമിക്കല്‍ കൃഷി ആയിമാറരുത്.  നമ്മുടെ പഴയ വിത്തിനങ്ങളെ പ്രോല്‍സാഹിപ്പിച്ച് ശുദ്ധമായ അരിയുണ്ടാക്കി മനുഷ്യനെ രോഗങ്ങളില്‍ നിന്നൊക്കെ അകറ്റിനിര്‍ത്താനൊരു ശ്രമത്തിന് തുടക്കമിട്ടെന്നു മാത്രം.- മമ്മുട്ടി പറഞ്ഞു.

ജോലിക്കാര്‍ക്കൊപ്പം പാടത്തിലിറങ്ങിയ മമ്മൂട്ടി നടീല്‍ യന്ത്രം ഓടിച്ച് ഞാറു നടുകയും ചെയ്തു.  പാടത്തിറങ്ങിയ സൂപ്പര്‍സ്റ്റാറിനെ കാണാനും തൊടാനും തൊട്ടടുത്ത പാടങ്ങളിലെ പണിക്കാരും നാട്ടുകാരും പാഞ്ഞെത്തി.

ആരുമറിയാതെ എത്തി മടങ്ങാമെന്ന് കരുതിയെത്തിയ മമ്മൂട്ടിക്കു ചുറ്റും കുറച്ചുസമയം കൊണ്ടുതന്നെ ആള്‍ക്കൂട്ടമായി. എല്ലാവരോടും തമാശപറഞ്ഞു ചിരിച്ചും സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ആര്‍പ്പൂക്കര മണിയാപറമ്പില്‍ നിന്ന് 45 മിനിട്ട് നേരം ബോട്ടില്‍ യാത്ര ചെയ്യണം പാടശേഖരത്തില്‍ എത്താന്‍.

പ്രകൃതി കൃഷിയുടെ പ്രചാരകന്‍ പാലക്കാട് സ്വദേശി കെ.എം.ഹിലാല്‍ ആണ്  കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്. ഹിലാലിന്റെ സംഘം കേരളത്തില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി മുന്നൂറ് ഏക്കറില്‍ പ്രകൃതി കൃഷിചെയ്യുന്നുണ്ട്.

ഇതു നേരില്‍ കണ്ടപ്പോഴാണ് പ്രകൃതികൃഷി തുടങ്ങാന്‍ മമ്മൂട്ടിയും തീരുമാനിച്ചത്. 130 ദിവസം കൊണ്ട് നെല്ല് കൊയ്യാനാകും. ഇങ്ങനെ പ്രകൃതി കൃഷിവഴി ഉല്‍പാദിക്കപ്പെടുന്ന ശുദ്ധമായ അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്.

നാട്ടില്‍ നിന്നും വംശമറ്റുപോയ പഴയ വിത്തിനങ്ങള്‍ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ വാങ്ങിക്കാനും മമ്മൂട്ടിയും പ്രകൃതി കൃഷിസംഘവും തയാറാണ്. വിവരങ്ങള്‍ക്ക്-8089087001.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!