ആന്‍ഡ്രോയ്ഡ് 4.3യിലെ പ്രധാന 10 സവിശേഷതകള്‍

jbl

ആന്‍ഡ്രോയ്ഡ് 4.2 കഴിഞ്ഞ് എന്ത് എന്നതായിരുന്നു ടെക്നോളജി ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാര്‍ത്ത. മേയില്‍ നടന്ന ഗൂഗിള്‍ I/O കോണ്‍ഫറന്‍സ് മുതല്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ വെര്‍ഷനു വേണ്ടി ആരാധകരും ഡെവലപ്പര്‍മാരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ഗൂഗിള്‍ അവതരിപ്പിച്ച പുതിയ അന്‍ഡ്രോയ്ഡ് 4.3. കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് എത്തുന്നത്. കീ ലൈം പൈ എന്ന പേരിലാണ് പുതിയ ആന്‍ഡ്രോയ്ഡ് എത്തുകയെന്ന് കരുതിയതെങ്കിലും ജെല്ലിബീന്‍ എന്ന പേര് തന്നെയാണ് ഗൂഗിള്‍ ഇത്തവണയും ഉപയോഗിച്ചിരിക്കുന്നത്. പുതിയ നെക്സസ് 7 ടാബ്‍ലെറ്റാണ് ഈ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുമായി ആദ്യം വിപണിയിലെത്തുക. പഴയ നെക്സസ് 7, നെക്സസ് 4, നെക്സസ് 10 എന്നിവയ്ക്ക് 4.3 അപ്ഡേറ്റ് ലഭ്യമാകാന്‍ തുടങ്ങിയിട്ടുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.3 യിലെ പ്രധാന സവിശേഷതകള്‍ എന്തെല്ലെമെന്ന് നോക്കാം.
1. മള്‍ട്ടി യൂസര്‍ പ്രൊഫൈല്‍
കമ്പ്യുട്ടറില്‍ ഓരോ യൂസറിനും ഓരോ അക്കൌണ്ട് നിര്‍മ്മിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡിലും ഇത്തരം അക്കൌണ്ട് നിര്‍മ്മിക്കാന്‍ സാധിക്കും. ഇതുവഴി ഓരോ യൂസറിനും ആക്സസ് ചെയ്യാവുന്ന ഡാറ്റ, ആപ്ലിക്കേഷനുകള്‍ എന്നിവ നിയന്ത്രിക്കാനാകും. രക്ഷിതാക്കള്‍ക്കും, രഹസ്യ സ്വഭാവമുള്ള കമ്പനി വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാണിത്. എന്നാല്‍ ടാബ്‍ലെറ്റുകളില്‍ മാത്രമേ ഇത് ലഭ്യമാകു.
2. ബ്ലൂടൂത്ത് സ്മാര്‍ട്ട് റെഡി
ദേഹത്ത് ധരിക്കാവുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്ക് പിന്തുണ ആന്‍ഡ്രോയ്ഡ് 4.3 നല്‍കുന്നുണ്ട്. അധികം ബാറ്ററി ഉപയോഗിക്കാത്ത ലോ പവര്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് ഇത്തരം ഉപകരണങ്ങളില്‍ ഇപയോഗിക്കാറുള്ളത്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, പീഡോ മീറ്റര്‍, തെര്‍മോമീറ്റര്‍ എന്നിവ ഇത്തരത്തില്‍ സ്മാര്‍ട്ട്ഫോണുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കും.
3. ഓട്ടോ ഡയല്‍ കംപ്ലീറ്റ്
നമ്മള്‍ കീപാഡില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്ത് തുടങ്ങുമ്പോള്‍ നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന സാമ്യമുള്ള നമ്പറുകള്‍ കാണിച്ചു തരുന്നതാണിത്. പല ലോഎന്‍ഡ് ഫോണുകളിലും സാംസങ്ങ്, HTC എന്നിവരുടെ കസ്റ്റമൈസ് ചെയ്ത യൂസര്‍ ഇന്റര്‍ഫേസുകളിലും ഈ സവിശേഷതയുണ്ട്. എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ ബേസിക് ഫീച്ചറായി ഇത് വരുന്നത് ഇപ്പോള്‍ മാത്രമാണ്.
4. നോട്ടിഫിക്കേഷന്‍ ബാര്‍
പരിഷ്കരിച്ച നോട്ടിഫിക്കേന്‍ ബാര്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്നുറപ്പ്. നോട്ടിഫിക്കേഷനുകള്‍ ഒരു സ്ഥലത്ത് മാനേജ് ചെയ്യാനും, സ്മാര്‍ട്ട് വാച്ച് അടക്കമുള്ള ഉപകരണങ്ങളുമായി കൈമാറാനും ഇത് സഹായിക്കും.
5. ഓപ്പണ്‍GL ES 3.0
ഗെയിമിങ്ങ് ആരാധകര്‍ക്ക് മികച്ച ഗ്രാഫിക്സ് പെര്‍ഫോമന്‍സ് നല്‍കാന്‍ വേണ്ടി തയ്യാറാക്കിയതാണ്. ഹൈ ഗ്രാഫിക്സ് ഇമേജുകള്‍ കൂടുതല്‍ വേഗതയില്‍ റെന്റര്‍ ചെയ്തെടുക്കാന്‍ ഇത് സഹായിക്കും. ഇതിന്റെ ഡെമോയും ഗൂഗിള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
6. ലഘുകരിച്ച സെറ്റപ്പ്
ആദ്യമായി അക്കൌണ്ട് സൃഷ്ടിക്കുമ്പോഴും മറ്റുമുള്ള പ്രയാസങ്ങള്‍ ഗൂഗിള്‍ ലഘുകരിച്ചിട്ടുണ്ട്. ആദ്യ തവണ ഫോണ്‍ ബൂട്ട് ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ഇപ്പോള്‍ സാധിക്കും.
7. ബ്ലൂടൂത്ത് AVRCP
ബ്ലൂടൂത്ത് സ്റ്റീരിയോ ഉപകരണങ്ങളുമായി ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുള്ള ഫോര്‍മാറ്റ് ആണ് ഇത്. കാര്‍ സ്റ്റീരിയോ പോലുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്ത് പ്രവര്‍ത്തിക്കുമ്പോള്‍ സോങ് നെയിം അടക്കമുള്ള വിവരങ്ങളും ഒപ്പം കൈമാറാന്‍ ഇതുവഴി സാധിക്കും.
8. വൈഫൈ ലൊക്കേഷന്‍ സ്കാന്‍
ജിപിഎസ്, ജിഎസ്എം എന്നിവ വഴി ലൊക്കേഷന്‍ നിര്‍ണ്ണയിക്കുമ്പോള്‍ അതില്‍ കൃത്യത കുറയാനുള്ള സാധ്യത കണക്കിലെടുത്ത് വൈഫൈ വഴിയും ഇപ്പോള്‍ പോസിഷന്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം പുതിയ ആന്‍ഡ്രോയ്‍ഡ് വെര്‍ഷനിലുണ്ട്.
9. കീബോര്‍ഡ് & ഇമോജി
പുതിയ അല്‍ഗോരിതം വഴി ടാപ്-ടൈപ്പിങ്ങ് ഏറെ വേഗത്തിലും കൃത്യതയോടെയും ചെയ്യാനാകും. ഇത് ചാറ്റ് ചെയ്യുമ്പോഴും ഇമെയിലുകള്‍ അയക്കുമ്പോഴും മറ്റും ഏറെ സഹായകരമാകും. പുതിയ ഇമോജി കീബോര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതില്‍ .
10 ക്യാമറ ഇന്റര്‍ഫേസ്
ക്യാമറ ആപ്ലിക്കേഷന്‍ പരിഷ്കരിച്ചത് വഴി ക്യാമറ ഉപയോഗം കൂടുതല്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ ക്യാമറ ഫീച്ചറുകള്‍ ഇതോടെ എളുപ്പത്തില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.

നിരവധി ഫീച്ചറുകള്‍ ഗൂഗില്‍ ആന്‍ഡ്രോയ്ഡ് 4.3യില്‍ നല്‍കിയിട്ടുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ ആപ്പിള്‍ തങ്ങളുടെ ഐഒഎസിന് നല്‍കിയ അപ്ഡേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫീച്ചറുകള്‍ പോര എന്നതാണ് സത്യം. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ് 5.0 കീ ലൈം പൈ പുറത്തിറക്കിയില്ലെങ്കില്‍ ആപ്പിളും മൈക്രോസോഫ്റ്റുമായുള്ള മത്സരത്തില്‍ ആന്‍ഡ്രോയ്ഡ് പിന്നിലായേക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!