മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന്‍ അധികം ആളുകള്‍ ഉണ്ടാവില്ല. ജിഎസ് എമ്മും സി ഡി എം എയും മാത്രമല്ല രണ്ടും മൂന്നും നാലും സിമ്മുകള്‍ വരെയുള്ള ഫോണുകള്‍ ഇന്ന്‍ വിപണിയില്‍ സുലഭമാണ്. അക്കൂട്ടത്തില്‍ ഇന്ത്യനും കൊറിയനും ചൈനീസും അമേരിക്കനും വരെയുണ്ട്. എന്നാല്‍ ആയിരവും പതിനായിരവും കടന്ന്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫോണുകള്‍ ഇന്ന്‍ നിലവിലുണ്ട് എന്നറിയുന്നത് രസാവഹമായിരിക്കും. അത്തരം ചില ഫോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.
1) സ്റ്റുവര്‍ട്ട് ഹഗ്സ് ഐ ഫോണ്‍ 4 ഡയമണ്ട് റോസ് എഡിഷന്‍
ഈ ലിമിറ്റഡ് എഡിഷന്‍ ഫോണിന്‍റെ പുറകിലുള്ള ആപ്പിള്‍ ലോഗോയില്‍ 53 ഡയമണ്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹോം ബട്ടണില്‍ 8 ക്യാരറ്റ് ഡയമണ്ടും ഉണ്ട് എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഈ ഫോണിന്‍റെ ഇന്ത്യയിലെ വില 44,71,30,000 രൂപയാണ്.
2) ഗോള്‍ഡ്സ്ട്രൈക്കര്‍ ഐ ഫോണ്‍ 3 ജിഎസ് സുപ്രീം
ഇരുന്നൂറിലധികം ഡയമണ്ടുകളാല്‍ സമ്പന്നമായ ഈ ഫോണില്‍ 271 ഗ്രാമിന്‍റെ 22 ക്യാരറ്റ് ശുദ്ധമായ സ്വര്‍ണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വശത്തെ ഹോം ബട്ടണില്‍ 7.1 ക്യാരറ്റിന്‍റെ ഡയമണ്ടും പുറകുവശത്ത് 53 മരഗതങ്ങളുമുള്ള സുപ്രിമിന്‍റെ ഇന്ത്യയിലെ വില 17,89,10,000 രൂപയാണ്.
3) പീറ്റര്‍ അലോയ്സന്‍സ് കിങ്സ് ഐ ഫോണ്‍
18 ക്യാരറ്റിന്‍റെ മഞ്ഞ, വെള്ള,റോസ് സ്വര്‍ണ്ണങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ഫോണിന് 138 മുറിച്ച ഡയമണ്ടുകള്‍ കൊണ്ട് നാലുവശത്തും ഒരാവരണവും തീര്‍ത്തിരിക്കുന്നു. 6.6 ക്യാരറ്റ് ഡയമണ്ട് കൊണ്ട് നിര്‍മ്മിച്ച മുന്‍വശത്തെ ഹോം ബട്ടണ്‍ ഇതിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയിലെ വില 13,34,96,000 രൂപയാണ്.
4) ഗോള്‍ഡ് വിഷ് ലെ മില്ല്യണ്‍
ആഡംബര പ്രിയരുടെ മറ്റൊരു പ്രിയപ്പെട്ട മോഡലാണ് ഇത്. വജ്രങ്ങളുടെയും സ്വര്‍ണ്ണത്തിന്‍റെയും നീണ്ട നിര തന്നെയുള്ള ഈ ഫോണിന്‍റെ വില 7,24,39,649 രൂപയാണ്.
5) ഡയമണ്ട് ക്രിപ്റ്റോ സ്മാര്‍ട്ട് ഫോണ്‍
50 ഡയമണ്ടുകള്‍ ചേര്‍ന്ന പ്ലാറ്റിനം കേയ്സാണ് ക്രിപ്റ്റോയെ ശ്രദ്ധേയമാക്കുന്നത്. ഇതില്‍ ലോകത്തില്‍ തന്നെ അത്യപൂര്‍വമായ 8 നീല ഡയമണ്ടുകളും ഉണ്ട്. വില 7,24,83,000 രൂപ.
6) ഗ്രെസ്സോ ലക്സര്‍ ലാസ് വേഗാസ് ജാക്ക്പോട്ട്
അപൂര്‍വങ്ങളായ കറുത്ത ഡയമണ്ടുകള്‍ അലങ്കരിക്കുന്ന സ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത പുറം ചട്ട, ക്രിസ്റ്റല്‍ കീ എന്നിവയാണ് ഗ്രെസ്സോയെ കോടീശ്വരന്‍മാര്‍ക്കിടയിലെ താരമാക്കുന്നത്. വില 5,71,42,600 രൂപ.
7) വേര്‍ടു സിഗ്നേച്ചര്‍ കോബ്ര
അപൂര്‍വ്വങ്ങളില്‍ അപൂര്‍വം എന്ന്‍ വിശേഷിപ്പിക്കാവുന്ന ഫോണാണ് ഇത്. കോബ്രയില്‍ വെറും എട്ട് ഫോണുകള്‍ മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. ഫ്രഞ്ച് ജ്വല്ലറി ഗ്രൂപ്പായ ബൌചെറോണാണ് ഇത് നിര്‍മ്മിക്കുന്നത്. വില 1,72, 49,000 രൂപ.
8) സോണി എറിക്സണ്‍ ബ്ലാക്ക് ഡയമണ്ട്
സോണിക്ക് വേണ്ടി പ്രശസ്ത ഡിസൈനറായ ജറെന്‍ ഗഫ് ഡിസൈന്‍ ചെയ്ത മോഡല്‍. ലെഡ് സാങ്കേതിക വിദ്യ, നവീനമായ ഡിസൈന്‍, പോളി കാര്‍ബണേറ്റ് സ്ക്രീന്‍ എന്നീ പ്രത്യേകതകളുള്ള ഈ മോഡലിന്‍റെ വില 1,64,98,200 രൂപ.
9) പീറ്റര്‍ അലോയ്സന്‍സ് നോക്കിയ അര്‍ടെ
680 ഡയമണ്ടുകള്‍, സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച പ്രതലം എന്നിവയാണ് ഈ ആഡംബര ഫോണിന്‍റെ പ്രത്യേകതകള്‍. വില 74, 63,800 രൂപ.
10) ദി ചെയര്‍മാന്‍
ഉല്ലിസെ നര്‍ഡിന്‍ പുറത്തിറക്കിയ ഈ ടച്ച് ആന്‍ഡ് ടൈപ്പ് ഫോണിന് 18 ക്യാരറ്റ് സ്വര്‍ണ്ണം പൂശിയ വശങ്ങള്‍, ബാക്ക് പാനല്‍ എന്നിവയുണ്ട്. വില 27,29,300 രൂപ.