കൊടകര : ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡായ പുലിപ്പാറക്കുന്നിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഖില്‍ ഭാസ്‌കരന്റെ വീടിനു നേരെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അജിയുടെ പുലിപ്പാറക്കുന്നിലെ വീടിനു നേരെയും ആക്രമണം നടന്നു. അജിയുടെ വീട്ടിലേയ്ക്ക് പടക്കം എറിയുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൊടകര പോലീസില്‍ പരാതി നല്കിയതിനു ശേഷവും ചിലര്‍ അജിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായും പറയുന്നു. ആനത്തടത്തുളള അഖിലിന്റെ വീട്ടിലേയ്ക്ക് രാവിലെ 11.30നാണ് കല്ലേറുണ്ടായത്. വീട്ടിലേയ്ക്ക് പടക്കം എറിഞ്ഞതിനെ തുടര്‍ന്ന് ട്യൂബ് ലൈറ്റുകള്‍ തകര്‍ന്നു. വീടിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയായിരുന്നു ഹര്‍ത്താല്‍. ആക്രമണത്തില്‍ പ്രതിഷേധിച്ച ബി.ജെ.പി. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പി.കെ.കൃഷ്ണന്‍കുട്ടി, വി.കെ.മുരളി, ഡി.നിര്‍മല്‍, ടി.വി.പ്രജിത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡി.വൈ.എസ്.പി. ടി.കെ. തോമസ്, കൊടകര സി.ഐ. കെ. സുമേഷ്, എസ്.ഐ.കെ.സി. ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ബി.ജെ.പി. നേതാക്കള്‍ അഖില്‍ ഭാസ്‌ക്കരന്റെ വീട് സന്ദര്‍ശിച്ചു. വീടുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കൊടകര പോലീസ് കേസെടുത്തു. 4 പേരെ കസ്റ്റഡിയിലെടുത്തു. പുലിപ്പാറക്കുന്ന് സ്വദേശികളായ വാക്കാടന്‍ വീട്ടില്‍ സുരാജ് (29), തച്ചനാടന്‍ വീട്ടില്‍ റനീഷ് (24), മുറ്റിയില്‍ വീട്ടില്‍ ദാസ് (50), കാരൂര്‍ കുമ്പളത്തറ വീട്ടില്‍ രാകേഷ് (24), എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുളളത്.