ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് (4.4) അല്‍പ്പം മധുരിക്കും. കിറ്റ്കാറ്റിന്റെ രൂപത്തിലെത്തുന്ന പുതിയ ആന്‍ഡ്രോയിഡിന് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്ന പേരും കിറ്റ്കാറ്റെന്നാണ്. ഇതാദ്യമായാണ് ആന്‍ഡ്രോയിഡ് പതിപ്പിന് ചോക്ലേറ്റിന്റെ പേര് നല്‍കുന്നത്. നേരത്തെ കപ്‌കേക്ക്, ഡൊനട്ട്, ഐസ്‌ക്രീം സാന്‍വിച്ച്, ജിന്‍ഞ്ചര്‍ ബ്രഡ്, ജെല്ലി ബീന്‍ എന്നിങ്ങനെ പേരുകള്‍ നല്‍കിയിരുന്നു. കാഴ്ചയില്‍ കിറ്റ്കാറ്റിന്റെ രൂപം തന്നെയാണ് പുതിയ പതിപ്പിനും നല്‍കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡ് തലവന്‍ സുന്ദര്‍ പിച്ചായ് ഇന്നലെ ഗൂഗിള്‍ പ്ലസിലൂടെയാണ് കിറ്റ്കാറ്റെന്ന പേരു വിവരം പുറത്തുവിട്ടത്. ടെക് ലോകം പ്രവചിച്ചിരുന്ന കീ ലൈം പൈ എന്ന പേര് തള്ളിക്കളഞ്ഞാണ് പുതിയ പേര് സ്വീകരിച്ചത്.പുതിയ കിറ്റ്കാറ്റിന്റെ പാക്കില്‍ ആന്‍ഡ്രോയിഡ് പരസ്യം ഉള്‍പ്പെടുത്തും. വിപണന തന്ത്രത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ ഇത്തരമൊരു പേര് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 9 മാസം മുമ്പ് തന്നെ ഗൂഗിള്‍ ഈ പേര് സ്വീകരിക്കാനായി ഹെര്‍ഷെ കമ്പനിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കിറ്റ്കാറ്റിന്റെ ഉപഭോക്താക്കള്‍ കൂടുതലായും ചെറുപ്പക്കാരാണെന്നും ഇത് ഗൂഗിളിന് മുതല്‍ക്കൂട്ടാകുമെന്നും ഹെര്‍ഷെ കമ്പനി വക്താവ് പറഞ്ഞു. ലോകത്തെമ്പാടും ഒരു ബില്യണിലധികം സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നുണ്ട്.