കൊടകര : മറ്റത്തൂർ ഗ്രാമ പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ ഒരു കോട്ടപോലെ നിലകൊള്ളുന്ന കോടശ്ശേരി മലയുടെ പടിഞ്ഞാറേ അറ്റത്ത് കിഴക്കോട്ടു ദർശനമായി ആറു ദേവീദേവന്മാരുടെ പ്രതിഷ്ഠയുള്ള ആറേശ്വരം ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി ഒരു ഐതീഹ്യമുണ്ട്.
ചരിത്രാതീതകാലത്ത് പഞ്ചായത്തിന്റെ അതിർത്തിയായ പറമ്പിക്കുളം മലയിൽ നിന്നും ഒരു ഘോര സർപ്പത്തിന്റെ ഭീഷണി ഉണ്ടാവുകയും, തന്മൂലം വാസുപുരം വരെയുള്ള ജനങ്ങൾക്ക് നാശം വരികയും ചെയ്തു. ബ്രാഹ്മണരുടെ ഉപദേശമനുസരിച്ച് ഗ്രാമപരദേവതയായ കൂടൽമാണിക്യത്തെ പ്രാർത്‌ഥിച്ച് പ്രത്യക്ഷപ്പെടുത്തി. ഭഗവാൻ പ്രസാദിച്ചു പരിവാരങ്ങലോടെ വന്നു സർപ്പത്തെ നിഗ്രഹിച്ച് ശേഷിച്ച ജനങ്ങളെ രക്ഷിച്ചത്രേ. ഇങ്ങിനെ രക്ഷാമാർഗമുണ്ടാക്കിയ സ്ഥലം ആറേശ്വരം മലമുകളായിരുന്നു. അന്ന് മുതൽ വിഷ്ണു, ശിവൻ, അയ്യപ്പൻ, ഭഗവതി, ഗണപതി, മുരുകൻ എന്നീ ആറ് (ദേവീദേവന്മാരുടെ) ഈശ്വരന്‍മാരുടെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമാണ് ഈ പുണ്യഭൂമി. ആറ് ദേവീദേവന്മാരുടെ സംഗമഭൂമിയാണെന്നതിനാല്‍ ആറേശ്വരം എന്ന പേര് വന്നുവെന്നും ഐതിഹ്യം. ദേവീദേവന്മാരില്‍ പ്രാധാന്യം ശാസ്താവിനുതന്നെ. ഉപദേവന്‍മാരില്ല.വനദുര്‍ഗാസങ്കല്പവും ഈ ക്ഷേത്രത്തിനുണ്ട്. കാറ്റും മഴയും വെയിലുമെല്ലാം ഏല്‍ക്കണമെന്നാണത്രേ ശാസ്ത്രം.
ഹൈന്ദവ നവോത്‌ഥാന കാലത്ത് ജൈനക്ഷേത്രമായിരുന്ന കൂടൽമാണിക്യത്തിൽ വിഷ്ണുവായി ഭരതനെ പുന:പ്രതിഷ്ടിക്കുകയും അന്ന് കൂടൽ മാണിക്യത്തിലുണ്ടായിരുന്ന ശാസ്താവിനെ കോടശ്ശേരി മലയിലേക്കു മാറ്റി പ്രതിഷ്ഠിച്ചു എന്നും പറയപ്പെടുന്നു.രണ്ടു നേരം പൂജയുള്ള ഈ ക്ഷേത്രത്തിലെ താന്ത്രികവിധി ഏറന്നൂര്‍ ഇല്ലക്കാര്‍ക്കാണ്. ശനിദോഷ പരിഹാരത്തിന് പ്രശസ്തമായ ഈ ക്ഷേത്രം.
ഇരുനൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പുനര്‍ജനി ഗുഹയാണ് മറ്റൊരു സവിശേഷത. പുനര്‍ജനിയിലൂടെ കടക്കുന്നത് പാപമോക്ഷ പ്രദായകമാണെന്നാണ് സങ്കല്പം. ക്ഷേത്രനടയില്‍ വടക്കുകിഴക്കുമൂലയിലാണ് പുനര്‍ജനി. ശനിയാഴ്ചകളില്‍ ഭക്തന്മാര്‍ വ്രതശുദ്ധിയോടെ പുനര്‍ജനി നൂഴാറുണ്ട്. ഭാര്യാഭര്‍ത്തൃ സംശയം വന്നാല്‍ ദമ്പതികള്‍ ഈ ഗുഹയിലൂടെ കടക്കുമായിരുന്നുവത്രെ. സ്ഥൂലശരീരനായാലും കൃശഗാത്രനായാലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ ഈ പുനര്‍ജനിയില്‍ കുടുങ്ങുമെന്നാണ് വിശ്വാസം. പ്രായശ്ചിത്തം ചെയ്‌തെങ്കില്‍ മാത്രമേ അവിടെനിന്ന് കടക്കാന്‍ കഴിയൂ.
ദേവാസുര യുദ്ധത്തിനുശേഷം ലോകം നശിപ്പിക്കണമെന്ന ഉദ്ദേശത്തില്‍ അഘോരാസുരന്റെ സഹോദരനായ ഘോരാസുരന്‍ സര്‍പരൂപം ധരിച്ച് കിഴക്കുനിന്ന് യാത്ര തിരിച്ചുവത്രേ. വരുന്ന വഴിയിലുള്ള ഇല്ലങ്ങള്‍ ചുട്ട് ചാമ്പലാക്കിക്കൊണ്ടായിരുന്നു വരവ്. ഇതറിഞ്ഞ് പരിഭ്രാന്തരായ ഇല്ലക്കാര്‍ ശ്രീ കൂടല്‍ മാണിക്യസ്വാമിയെ അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ശാസ്താവ് തേരിലേറിവന്ന് ഘോരാസുരനെ മൂന്നു കഷ്ണമാക്കി വെട്ടിവീഴ്ത്തി. തെറ്റു മനസ്സിലാക്കി മാപ്പ് അപേക്ഷിച്ച അസുരന് ദയാശീലനായ ശാസ്താവ് മാപ്പുനല്കി അവിടെ വസിച്ചുകൊള്ളുവാന്‍ അനുവാദം നല്കി. അതിനുശേഷം അല്പം അകലെയുള്ള മാവും പ്ലാവും കൂടിയ സ്ഥലത്ത് ഇരുന്നുവെന്ന് ഇന്നും വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിന്റെ മുന്‍വശത്ത് നൂറ്റമ്പത് അടിയിലേറെ ഉയരമുള്ള പാറക്കെട്ടില്‍ ശിലയായി മാറിയ, മൂന്നു കഷ്ണത്തോടുകൂടിയ സര്‍പ്പരൂപവും, തേര് ഉരുണ്ട പാടുകളും ഉണ്ട് എന്നതും ഇപ്പോഴും ഈ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഇല്ലങ്ങള്‍ ഒന്നുംതന്നെയില്ലെന്നതും ഈ ഐതിഹ്യത്തെ സാധൂകരിക്കുന്നു. പാറക്കെട്ടില്‍ കല്ലുകൊണ്ട് മൂടിയ ഒരു ഗുഹാമുഖമുണ്ട്. ഈ ഗുഹ തിരുവില്വാമല വില്വാദ്രി നാഥ സന്നിധിയില്‍ അവസാനിക്കുന്നുവെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിന് പ്രത്യേക ശ്രീകോവില്‍ ഇല്ല. ഇവിടത്തെ ബിംബം മാറ്റാനോ പതിനെട്ടാംപടി കെട്ടാനോ പാടില്ലത്രെ. ദര്‍ശനത്തിന് പ്രധാനം മുപ്പട്ടു ശനിയാഴ്ചയാണ്. ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീകള്‍ ഇവിടെ ദര്‍ശനം നടത്തുന്നത് സന്നിധാനത്തില്‍ പോകുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. അഭീഷ്മകാരകനായ ശാസ്താവിനെ ദര്‍ശിക്കാന്‍ ഉരുളന്‍ പാറക്കല്ലുകളും കാട്ടുപൊന്തകളും നിറഞ്ഞ ഒറ്റയടിപ്പാത താണ്ടി അധികവും സ്ത്രീഭക്തരാണ് എത്തുന്നത്. ഈ ക്ഷേത്രം ‘മിനി ശബരിമല’ എന്നും ‘സ്ത്രീകളുടെ ശബരിമല’ എന്നും അറിയപ്പെടുന്നു. ഇവിടത്തെ പ്രധാന വഴിപാട് പന്തീരാഴിയാണ്. അപ്പവും അടയും വിശേഷപ്പെട്ട നൈവേദ്യവും. പന്തീരാഴി നേരുന്നത് കാര്യസാധ്യത്തിനും സന്താനലബ്ദിക്കും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. വൃശ്ചികമാസത്തിലെ ആദ്യ ശനിയാഴ്ച നടക്കുന്ന ഷഷ്ഠിമഹോത്സവമാണ് പ്രധാന ആഘോഷം. വാസുപുരം, ഇത്തുപ്പാടം, ചുങ്കാല്‍, മറ്റത്തൂര്‍കുന്ന് എന്നീ ദേശക്കാരുടെ കീഴിലുള്ള ഈ ക്ഷേത്രം ഇപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ ഒരു മുകുന്ദപുരം തഹസീൽദാരാണ് ആറേശ്വരം ക്ഷേത്രം പുനരുദ്ധരിച്ചതെന്നും, തുടർന്ന് ഫോറസ്റ്റ് വകുപ്പ് കൊല്ലം തോറും ആദ്യത്തെ ശനിയാഴ്ച ഇവിടെ ചില ആഘോഷങ്ങൾ നടത്തിയിരുന്നതായും പറയുന്നു. അക്കാലത്ത് പിന്നോക്ക ജാതിക്കാർക്ക് ക്ഷേത്രപ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ ആറേശ്വരത്ത് അങ്ങിനെയായിരുന്നില്ല. അവർ തങ്ങൾക്കു വിശേഷപ്പെട്ട ദിവസങ്ങളിൽ ക്ഷേത്ര നടക്കൽ വച്ച്നിവേദിക്കുകയും കുട്ടികൾക്ക് ചോറ് കൊടുത്ത് പേരിടുകയും മറ്റും ചെയ്യുമായിരുന്നു.ആദ്യകാലത്ത് ഇവിടെ മാസത്തിലെ ആദ്യ ശനിയാഴ്ച മാത്രമേ പൂജയുണ്ടായിരുന്നൊ ള്ളൂ.പിന്നീടാണ് നിത്യ പൂജയും മറ്റും ആരംഭിച്ചത്. വൃശ്ചികത്തിലെ ആദ്യ ശനിയാഴ്ചയും മകരവിളക്കിനുമാണ് ഇവിടെ ഉത്സവങ്ങൾ പ്രധാനമായും നടക്കുന്നത്.
nice
കുറച്ചൊക്കെ അറിയാമായിരുന്നു പുതിയ അറിവിന് നന്ദി
Pingback: ആറേശ്വരം ക്ഷേത്രത്തിന്റെ ഒരു ആകാശകാഴ്ച ഫോട്ടോ |