Breaking News

ഈ ദുരിതകാലത്തും എനിക്ക് സ്വപ്‌നങ്ങള്‍ കാണാനാവുന്നുണ്ട് : വിജേഷ് വിജയന്‍

അഭിമുഖം : വിജേഷ് വിജയന്‍ / അഡ്വ . രശ്മി ശബളിമ
സംഗീതത്തേയും സുഹൃത്തുക്കളേയും മനസ്സില്‍ കൊണ്ടുനടന്ന പതിനേഴ്‌ വയസ്സ് മാത്രമുള്ള ഒരു തൃശ്ശൂര്‍ക്കാരന്റെ ജീവിതം നിനച്ചിരിയ്ക്കാതെ ഒരു കിടക്കയില്‍ …. ചുറ്റുമുള്ളവരുടെ സാന്ത്വനത്തിന്റെ തണലിലായത് , അതിജീവനത്തിന്റെ നാളുകള്‍ , സ്വപ്‌നങ്ങള്‍ , ദുരന്തത്തിന്റെ പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും നീതിയ്ക്ക് വേണ്ടി തുടരുന്ന പോരാട്ടങ്ങള്‍
ഇത് വിജേഷ് വിജയന്‍
ദുരിതകാലത്തിന്റെ മൌനമോ നിസ്സംഗതയോ ഇല്ലാതെ ,വലിയവരുടെ ലോകത്ത് അമര്‍ത്തപ്പെട്ട തന്‍റെ ശബ്ദം സമീപസംവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുശ്രദ്ധയിലെത്തിയതിന്റെ ആശ്വാസവും നീതി അടുത്തെത്തുകയാവാം എന്ന പ്രത്യാശയും പങ്കുവെച്ചുകൊണ്ട് പ്രതിസന്ധികളില്‍ തളരാതെ രോഗക്കിടക്കയിലും ജീവിതത്തോട് പോരാടി അതിജീവനത്തിന്റെ പാഠപുസ്തകമാകുകയാണ് ഈ ചെറുപ്പക്കാരന്‍ . സാമൂഹിക ഉത്തരവാദിത്തത്തിന്റെയും , സൗഹൃദങ്ങളുടെ  പുതു തലമുറകാഴ്ച്ചയിലേക്കും വിരല്‍ ചൂണ്ടുന്ന വിജേഷിന്റെ ജീവിതാനുഭവങ്ങൾ.
അപകടവും അനുബന്ധമായ പതിനൊന്നു വര്‍ഷങ്ങളും ജീവിതത്തെ എങ്ങിനെയാണ് അടയാളപ്പെടുത്തിയത്.
82 ശതമാനം മാര്‍ക്കോടെയാണ് ഞാന്‍ പത്താംക്ലാസ് പാസ്സായത്‌ . വീട്ടിലെ ഏറെയൊന്നും മെച്ചപ്പെട്ടതല്ലാതിരുന്ന സാമ്പത്തിക ചുറ്റുപാടുകളാണ് പ്ലസ്ടുവിന് ചേരാതെ എത്രയും പെട്ടെന്ന് ഒരു ജോലി സമ്പാദിച്ച് അച്ഛന് ഒരു താങ്ങാവുക എന്ന ഉദ്ദേശത്തോടെ തൃശൂര്‍ മഹാരാജാസ് എം ടി ഐയില്‍ മെക്കാനിക്കല്‍ എന്ജിനീയറിംഗ് ഡിപ്ലോമയ്ക്ക് ചേരാന്‍ എന്നെ പ്രേരിപ്പിച്ചത് . കോഴ്സ് തീരാന്‍ വെറും മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് 2002 ഡിസംബര്‍ 22 ന് ഞാന്‍ സുഹൃത്തുക്കളോടൊപ്പം വീഗാലാന്‍ഡില്‍ പിക്നിക്കിന് പോകുന്നത് . ജീവിതത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്ന മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദിനം . “ബക്കറ്റ് ഷവര്‍ “ എന്ന ഒരു റൈഡിനിടയിലാണു അപകടം നടക്കുന്നത്. ഏകദേശം 12-15 അടി ഉയരമുള്ള പ്ലാറ്റുഫോമില്‍ നിന്നാണു ഞാന്‍ വീണത്. തികച്ചും സ്വാഭാവികമായ ഒരു അപകടമായിരുന്നു അത്, വീഗാലാന്‍ഡിന്റെ ഭാഗത്തു നിന്നുള്ള യാതൊരു തെറ്റും ഇക്കാര്യത്തിലില്ല. ആ വീഴ്ചയോടെ എന്റെ ശരീരം കഴുത്തുമുതല്‍ താഴേയ്ക്ക് തളര്‍ന്നു പോയി. എന്റെ സുഹൃത്തുക്കള്‍ എന്നെ ഫസ്റ്റ് എയിഡ് പോസ്റ്റിലേയ്ക്ക് എടുത്തുകൊണ്ടു പോയചെന്ന സമയത്ത് ഡോക്ടര്‍ പോയിട്ട് ഒരു നേര്‍സോ , പ്രാഥമിക ചികിത്സ നല്‍കാന്‍ പരിശീലനം ലഭിച്ച ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പോലുമുണ്ടായിരുന്നില്ല അവിടെ .ആ അപകടം ഗുരുതരമാക്കിയത് പ്രാഥമിക ചികിത്സ ലഭിക്കാതിരുന്നതാണ് .

എനിക്ക് സ്പൈനല്‍ കോഡിനാണ് പരിക്കെന്ന് തിരിച്ചറിഞ്ഞ് തക്ക സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എന്‍റെ ജീവിതം അതിന്‍റെ എല്ലാ സ്വാഭാവികതകളോടെയും ജീവിച്ചു തീര്‍ക്കാന്‍ സാധിച്ചേനെ . അപകടത്തെത്തുടര്‍ന്ന് ഈ ദീര്‍ഘമായ പതിനൊന്ന് വര്‍ഷങ്ങള്‍ വീട്ടുകാരുടെ സുഹൃത്തുക്കളുടെ സുമനസ്സുകളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും തോളുകളിലായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ജീവിതം . ചെറിയൊരു ജീവിത കാലത്തിനിടെ ജീവിതത്തിന്റെ തികച്ചും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത് . പഠനവും പാട്ടും ഫുട്ബോള്‍ കളിയും സുഹ്രുത്തുക്കളുമൊക്കെയായി കഴിഞ്ഞ വളരെ സജീവമായ ജീവിതത്തില്‍നിന്ന് ഈ ചെറിയ ഇരുമ്പുകട്ടിലിന്‍റെ ചെറു ചതുരത്തിലേയ്ക്കാണ് ആ വീഴ്ച്ച എന്നെ തള്ളിയിട്ടത് . ജീവിതം തികച്ചും ഏകാന്തവും പ്രതീക്ഷയറ്റതുമാക്കാതെ ഇപ്പോഴും ജീവിതത്തെ സ്നേഹിക്കുവാനും സ്വപ്‌നങ്ങള്‍ കാണുവാനും കഴിയുന്ന വിധത്തില്‍ എന്നെ നിലനിര്‍ത്തിയവരാണ് എനിക്കു ചുറ്റുമുള്ളത് .

അപകടം ഒരു വാര്‍ത്ത പോലുമാകാതെ പൊതിഞ്ഞു പിടിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു നില്‍ക്കുകയായിരുന്ന വീഗാലാന്‍ഡ മാനേജ്മെന്റിന്‍റെ അവഗണനയോടും എന്‍റെ അപേക്ഷകളെ കേള്‍ക്കാന്‍ പോലും തയ്യാറാകാതിരുന്ന ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയോടും ഒക്കെ തോന്നുന്ന സ്വാഭാവികമായ അമര്‍ഷവും ദു:ഖവുമൊക്കെ മറികടന്നതും എന്‍റെ ചുറ്റിനും സ്നേഹവും സഹായങ്ങളുമായി ഉണ്ടായിരുന്നവരുടെ കൈ പിടിച്ചാണ് .രോഗാതുരതയുടെ തീക്ഷണതയിലും ഒരു ചിരിയോടെ കാര്യങ്ങളെ സമീപിക്കാനാവുന്നതിനും മറ്റൊന്നല്ല കാരണം . മറ്റു യാതോരു പരിഗണനകളുമില്ലാതെ നേരിട്ടരിയുന്നവരും അറിയുന്നവരില്‍ നിന്നറിഞ്ഞവരില്‍ നിന്നുമൊക്കെയായി ലഭിച്ച സഹായങ്ങള്‍ക്കുമുള്ള നന്ദിയും കടപ്പാടും സ്നേഹവുമോന്നും വാക്കുകളിലൊതുങ്ങില്ല. ഈ കൊച്ചുമുറിയ്ക്കുള്ളിലും ഈ നീണ്ട വര്‍ഷങ്ങള്‍ ഞാന്‍ ഏകാന്തത അറിഞ്ഞിട്ടില്ലഎന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ??

താങ്കള്‍ നന്നായി പാടുമെന്നറിഞ്ഞു . ഏതാണ് ഇഷ്ടമുള്ള രാഗം. ഇപ്പോഴും സംഗീതം തുടരുന്നുണ്ടോ.

പാട്ട് പഠിച്ചിരുന്നു . അമ്മയുടെ ചേച്ചിയാണ് ആദ്യ ഗുരു . ശ്രീ മങ്ങാട് നടേശന്‍ സാറിന്‍റെ ശിഷ്യത്വത്തില്‍ ഏഴ് വര്‍ഷത്തോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട് . പൂര്‍വ്വി കല്യാണിയാണ് ഇഷ്ട്ട രാഗം . ഇപ്പോള്‍ ഇടയ്ക്കൊന്ന് മൂളുന്നതില്‍ ഒതുങ്ങുന്നു എനിക്ക് സംഗീതവുമായുള്ള ബന്ധം .

അവഗണനയുടേയും അപഹാസത്തിന്റേയും മുതലാളിത്ത രീതിശാസ്ത്രത്തെ എങ്ങിനെയാണ് താങ്കള്‍ക്ക് അതിജീവിക്കാനയത്.

അതൊരു സഹനമായിരുന്നു . ദുര്‍ബ്ബലന്‍റെ സഹനം . യദാര്‍ത്ഥത്തില്‍ അവഗണനയൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല . പലതും വൈകിയാണ് അറിഞ്ഞിരുന്നത് . വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ സഹായത്തിനായി പല വഴികള്‍ തേടിയതും പലപ്പോഴും അപമാനിതരായതും പറയാന്‍ വാക്കുകള്‍ മതിയാവില്ല . അതൊരു നിസ്സഹായന്റെ സങ്കടങ്ങളാണ് . വീഴ്ചയ്ക്ക് കാരണം വീഗാലാന്റ് അല്ലെങ്കിലും ഒരു അപകടം നടന്നാല്‍ ലഭ്യമാക്കേണ്ട മിനിമം പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല എന്ന വീഴ്ച്ച അംഗീകരിയ്ക്കലാകും എനിക്ക് നല്‍കുന്ന സഹായങ്ങള്‍ എന്നതാകാം അപകടത്തിന്‍റെ ആദ്യനാളുകളില്‍ മുഴുവന്‍ ചികിത്സാ സഹായവും വാഗ്ദാനം ചെയ്തവരെ അതില്‍ നിന്നും വിലക്കിയത് . ചികിത്സാ സഹായം അഭ്യര്‍ഥിച്ചു ചെന്ന പലരും അപമാനിയ്ക്കപ്പെട്ടു . എന്നിട്ടും അവര്‍ എന്നെ ഉപേക്ഷിച്ച് കളയാതിരുന്നതിലെ മാനുഷികതയാകാം എന്‍റെ അതിജീവനത്തിന് കാരണം . 2007 ഫെബ്രുവരിയില്‍ അപകടത്തെ സംബന്ധിച്ച് എറണാകുളം പ്രസ്‌ ക്ലബ്ബില്‍ വെച്ച് ഞങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി . മാധ്യമങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ശ്രേദ്ധേയമായെങ്കിലും യുവാവ് ധനസഹായം തേടുന്നു എന്ന തരത്തില്‍ പത്രങ്ങളിലെ ചെറിയ കോളം വാര്‍ത്തകളായതല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ല . ചാനലുകളില്‍ വാര്‍ത്ത വന്നതേയില്ല . ഇത്രകാലം വാര്‍ത്തയാകാതിരുന്ന ഒന്ന് ഇപ്പോള്‍ പൊതുജന ശ്രദ്ധയില്‍ വന്നിരിക്കുന്നു . ഒന്നും രഹസ്യമായി വെക്കാനാവാത്ത കാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ സാധ്യതകളാണ് എനിക്ക് തുണയായത് .

മുതലാളിത്തത്തിന്റെ ഉത്തരവാദിത്തരഹിതമായ സമീപനങ്ങളുടെ ഭാഗമായി വിഭിന്നശേഷിതരായ നിരവധി സുഹൃത്തുക്കള്‍ നമുക്കിടയിലുണ്ട്.ഭോപ്പാല്‍ ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവര്‍ മുതല്‍ മുതലാളിത്തം വിവിധ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റികളിലൂടെ ഒഴിവാക്കുന്നവര്‍ വരെ.പാര്‍ശവല്‍ക്കരിക്കപ്പെടുന്നവരോട് എന്താണ് താങ്കള്‍ക്ക് പങ്കു വെക്കാനുള്ളത്.

ലാഭേച്ഛ മാത്രം മുന്നോട്ട് നടത്തുന്നവരുടെ വലിയ ജീവിതങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ ചെറു ജീവിതത്തിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിലനിര്‍ത്താന്‍ ആത്മവിശ്വാസത്തോടെ ക്ഷമയോടെ പോരാടുക . എന്‍റെ കാര്യത്തില്‍ , എന്നെപ്പോലുള്ള പലരുടേയും കാര്യത്തില്‍ കാരുണ്യം വഴിയുന്ന പുഞ്ചിരിക്കുന്ന മുഖത്തോടെ സഹായത്തിന്റെ മുഖംമൂടിയണിഞ്ഞ് അവര്‍ ഉണ്ടാക്കിയെടുത്ത ഒത്തുതീര്‍പ്പ് വ്യവസ്ഥകളാണ് ക്രൂരമായ അവഗണനയും അപഹാസവുമായി വേഷപ്പകര്‍ച്ചയിടുന്നത് . അതുകൊണ്ട് കൃത്യമായ നിയമസഹായം തേടുക . അപകടം നടന്നതിന് ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ വില്ലനായിരുന്നത് സമൂഹത്തെ നേരിടാനുള്ള മടിയും അപകര്‍ഷതയുമായിരുന്നു . അതില്‍ നിന്ന് മോചിതനായി മറ്റേതൊരാളെയും പോലെ അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെ തിരിച്ചറിയുക എന്നതും സമൂഹത്തിന്‍റെ ചില കൂര്‍ത്ത നോട്ടങ്ങളെ അവഗണിയ്ക്കാന്‍ കഴിയേണ്ടതും അതിജീവനത്തെ എളുപ്പമാക്കുക തന്നെ ചെയ്യും എന്നും മറക്കാതിരിക്കുക .

വിഭിന്നശേഷിതരോട് ഭരണകൂടം ഏതേതെല്ലാം നിലകളിലുള്ള ഉത്തരവാദിത്വങ്ങളാണ് നിര്‍വ്വഹിക്കേണ്ടത്. നിലവിലുള്ള സമീപനത്തില്‍ തൃപ്തനാണോ.

ജന്മനായോ മറ്റു കാരണങ്ങളാലോ വിഭിന്നശേഷിതരായവരോട് /ആക്കപ്പെട്ടവരോടുള്ള ഭരണകൂടത്തിന്റെ സമീപനങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയാമെങ്കിലും വിഭിന്നശേഷിതരുടെ ജീവിതം ഒരു പരിധിവരെയെങ്കിലും സ്വാഭാവികമാക്കാവുന്ന തരത്തിലുള്ള അടിസ്ഥാനപരമായ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഗവണ്മെന്റുകള്‍ വിജയിച്ചു എന്ന് പറയുക വയ്യ .എന്‍റെ തന്നെ അനുഭവം പറയാം , മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എന്നെ സുഹൃത്തുക്കള്‍ കൊണ്ട് പോയി പങ്കെടുപ്പിച്ചിരുന്നു . എന്‍റെ അപേക്ഷ കലക്റ്റര്‍ മുമ്പാകെ നല്‍കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഞങ്ങള്‍ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചെന്നു . കലക്റ്ററുടെ ചേംബര്‍ ഒന്നാം നിലയിലായത് കൊണ്ടുതന്നെ എന്നെപ്പോലോരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ആളുകളുടെ ഒരു തരത്തിലും അങ്ങോട്ടെത്തുവാന്‍ സാധിക്കില്ല . കലക്ട്രേറ്റ്‌ ബില്‍ഡിംഗിലെ റാമ്പ് സൗകര്യം ഗ്രൌണ്ട് ഫ്ലോറിലെത്താന്‍ ഉള്ള സഹായം മാത്രമേ ആകുന്നുള്ളൂ . എന്‍റെ സുഹൃത്തുകള്‍ എന്നെ തോളിലെടുത്ത് മുകള്‍ നിലയിലെത്തിയ്ക്കാന്‍ തയ്യാറുണ്ടായിരുന്നു . പക്ഷേ അങ്ങനെയൊരു താങ്ങ് ഇല്ലാത്തവരോ ?? അത് പോലെ അപകടങ്ങളില്‍ വിഭിന്ന ശേഷിതരാകുന്നവരെ പുനരധിവസിപ്പിക്കാനും അപകടത്തിന്‍റെ മാനസികവും സാമ്പത്തികവുമായ തുടരാഘാതങ്ങളെ നേരിടാന്‍ വിഷമിക്കുന്ന ഇരയേയും കുടുംബത്തെയും ചൂഷിതരാകാതെ സംരക്ഷിക്കുന്നതിനും വേണ്ടുന്ന ഫലപ്രദമായ ഇടപെടലുകളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ് .

 

പൊതു സമൂഹവുമായി ബന്ധപ്പെട്ട് ഏതെല്ലാം നിലകളിലുള്ള ഇടപെടലുകളാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പൊതുസമൂഹവുമായുള്ള എന്‍റെ ഇടപെടലുകള്‍ താരതമ്യേനെ ശുഷ്ക്കമാണെന്ന് തന്നെ പറയേണ്ടി വരും . പുസ്തകങ്ങളും സുഹൃത്തുക്കളും അവര്‍ സംഘടിപ്പിച്ചു തന്ന ഈ കംപ്യൂട്ടറുമാണ് പുറം ലോകവുമായുള്ള എന്‍റെ ബന്ധം . കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു പ്രയുക്തി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. .

ഏറ്റവും വേദന തോന്നിയത്

തീര്‍ച്ചയായും ഈ അപകടം എന്നെ ഈ കിടക്കയില്‍ തളച്ചതോര്‍ത്തു തന്നെ . പിന്നീട് അതിജീവനത്തിന്റെ കഠിനമായ നാളുകള്‍ . ഞാന്‍ ഒരു ശുഭാപ്തി വിശ്വാസിയാണ് . എല്ലാം ശരിയാകുമെന്ന് ഉറച്ചു വിശ്വസിക്കെത്തന്നെ ഈ വിവാദങ്ങള്‍ക്കിടയില്‍ ചിലരെങ്കിലും ചിറ്റിലപ്പിള്ളി സാറിനോട് ഒന്ന് നേരില്‍ സംസാരിച്ചു നോക്കൂ അദ്ദേഹം എന്തെങ്കിലും തരാതിരിയ്ക്കില്ല എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ . നഷ്ട്ടപരിഹാരത്തിന് വേണ്ടി എത്രയോ തവണ ഞങ്ങള്‍ ആ വാതില്‍ മുട്ടി എന്ന് പറഞ്ഞിട്ടും പത്ര സമ്മേളനം വിളിച്ചിട്ട് പോലും മാധ്യമങ്ങള്‍ ഈ വാര്‍ത്ത പൊതുജന ശ്രദ്ധയില്‍ നിന്നും പൊതിഞ്ഞു പിടിച്ചു എന്ന് അറിയിച്ചിട്ടും വളരെ ബയസ്ഡ് ആയി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ .

ജീവിതത്തെ സംബന്ധിച്ച സ്വപ്നങ്ങള്‍ എന്തെല്ലാമാണ്.

ഈ ദുരിതകാലത്തും എനിക്ക് സ്വപ്‌നങ്ങള്‍ കാണാനാവുന്നുണ്ട് . പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ട്ടമായ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്ക് , നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍ എനിക്ക് വേണ്ടി ജീവിച്ച അച്ഛനമ്മാര്‍ക്കൊരു കൈത്താങ്ങാവാന്‍ ജോലിയും സ്വന്തമായൊരു സ്ഥിര വരുമാനവും ഇതൊക്കെയാണ് എന്നെ നിലനിര്‍ത്തുന്ന സ്വപ്നങ്ങള്‍ . എന്നെപ്പോലെ ജീവിതം കിടക്കയിലോ വീല്‍ചെയറിലോ ഒതുക്കപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്ന ഒരു കാലവും എന്‍റെ സ്വപ്നങ്ങളിലുണ്ട് .

എഴുതാറുണ്ടോ. ഇഷ്ട്ടമുള്ള സിനിമ / പുസ്തകം

ഇല്ല . എഴുത്തൊന്നുമില്ല . ഇടയ്ക്ക് സിനിമ കാണാറുണ്ട്‌ . കൂട്ടുകാരുടെ കൂടെ . അവസാനം കണ്ടത് ‘വിശുദ്ധന്‍ ‘ പ്രിയപ്പെട്ട എഴുത്തുകാരന്‍ വില്‍ബര്‍ എ . സ്മിത്ത് . വെന്‍ ദ ലയണ്‍ ഫീഡ്സും ദ സൗണ്ട് ഓഫ് തണ്ടറും പൌലോ കൊയ്ലോയുടെ ആല്‍കെമിസ്റ്റും പ്രിയ പുസ്തകങ്ങള്‍ .

Account holder Name : Vijesh Vijayan
Account No: 1551010012494
IFSC : UTBI0TSR848 ( 5 th charactor is zero)
Bank :United bank of India,Thrissur
Contact No.08089576744 (vijesh) 09895109299 (arun)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!