Breaking News

മൂന്നുമുറിയിലെ ദേശീയോല്‍സവമാണ്‌ അമ്പ്‌ തിരുന്നാള്‍……

Moonnumuri ambuമൂന്നുമുറി ഇടവക മുഴുവന്‍ ഡെക്കറേഷനും ലൈറ്റ്‌ അറേഞ്ച്‌ മെന്റും…. ആകെ തിരക്കുപിടിച്ച സമയം…എല്ലാവിഭാഗം ജനങ്ങളും മാക്സിമം കപ്പാസിറ്റിയില്‍ അണിഞ്ഞൊരുങ്ങി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കഴിവ്‌ തെളിയിക്കുന്ന ദിനങ്ങള്‍… സൗന്ദര്യാസ്വാദകരായവരുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സമയം…ജനുവരി 26, 27 തീയ്യതികളിലായി മൂന്നുമുറി പള്ളിയിലെ അമ്പ്‌ തിരുന്നാള്‍ ആഘോഷം നടക്കുകയാണ്‌……..

Moonnumuriസെബാസ്റ്റ്യനോസ്‌ പുണ്യാളന്‍ അമ്പ്‌ കൊണ്ടാണ്‌ മരണമടഞ്ഞതെന്ന് പറയപ്പെടുന്നു… അതുകൊണ്ടാണത്രേ ഇതിന്‌ അമ്പ്‌ തിരുന്നാള്‍ എന്ന് പേര്‌ വന്നത്‌..മതവ്യത്യാസമില്ലാതെ എല്ലാവിഭാഗം പിള്ളേര്‍ക്കും ഈ വാദ്യഘോഷങ്ങളുടെ പിന്നാലെ നടക്കല്‍ ഒരു ഹരമായിരുന്നു.. ബാന്റ്‌ സെറ്റിന്റെ ഒരു ആരാധകനായിരുന്ന ഞാനും എന്റെ സുഹ്രുത്തുക്കളോടൊപ്പം ഈ ബാന്റിന്റെ പുറകേ കാണും…ഓരോ വീട്ടിലും കയറി അമ്പ്‌ കളക്റ്റ്‌ ചെയ്യുന്ന സമയം ആ വീട്ടുകാരുടെ വക പടക്കം പൊട്ടിക്കലുണ്ട്‌… അതിലാണ്‌ ചില വീട്ടുകാരുടെ കേമത്തം ഞങ്ങള്‍ അളന്നിരുന്നത്‌…

ഏറ്റവും കൂടുതല്‍ പടക്കം പൊട്ടിക്കുന്നവര്‍ കേമന്മാര്‍ എന്നതായിരുന്നു ഞങ്ങളുടെ നിഗമനം… ഈ ബാന്റ്‌ സെറ്റിനു മുന്നിലായി ആ ഇടവകയിലെ പ്രമുഖര്‍ കാണും…. പക്ഷെ, അവര്‍ക്ക്‌ തലവേദന സൃഷ്ടിക്കുന്ന മറ്റൊരുകൂട്ടം പ്രമുഖര്‍ നല്ല ഫിറ്റായി ഈ ബാന്റ്‌ സെറ്റിനെ നയിക്കുന്നുണ്ടാകും… ഓരോ ജങ്ങ്ഷനിലും എത്രസമയം കൊട്ടണം, എത്ര പാട്ട്‌ പാടണം തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇവര്‍ക്കാണ്‌ പ്രാമുഖ്യം…കുറേപേര്‍ പട്ട്‌ കുടകള്‍ പിടിച്ചുകൊണ്ട്‌ നടക്കും… പിടിച്ച കുട ഒന്ന് കയ്യില്‍ നിന്ന് ഒഴിയണമെങ്കില്‍ ഈ അമ്പും ഘോഷവും പ്രദക്ഷിണം കഴിഞ്ഞ്‌ പള്ളിയില്‍ കയറണം….

അതുകൊണ്ട്‌ തന്നെ ഈ കുടപിടിക്കുന്നവര്‍ ആരെങ്കിലും ‘മോനേ ഇതൊന്ന് പിടിച്ചേ.. മുണ്ടൊന്ന് കുത്തട്ടേ…’ എന്ന് പറഞ്ഞാല്‍ പോലും ആരും മൈന്‍ഡ്‌ ചെയ്യാറില്ല.. കാരണം, അതെങ്ങാനും കയ്യില്‍ പിണഞ്ഞു പോയാല്‍ പാതിരയാവും ഒന്ന് ഫ്രീയാവാന്‍..”അങ്ങനെയാണ്‌ ‘അമ്പ്‌ പെരുന്നാളിന്‌ കുടപിടിച്ചമാതിരി’ എന്ന ചൊല്ലുണ്ടായത്‌.”.അങ്ങനെ വഴിനീളെ പടക്കം പൊട്ടിക്കലും കൊട്ടും പാട്ടും ഡാന്‍സും ഉന്തും തള്ളുമായി സംഭവം പള്ളിയില്‍ കയറുമ്പോള്‍ പാതിരയാവും… (ഏറ്റവും വൈകി എത്തുന്നതാണ്‌ വലിയ ടീം എന്ന ഒരു തെറ്റിദ്ധാരണ പണ്ട്‌ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പാതിരയാവും തോറും തല്ലും വക്കാണവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു എന്നതിനാലും, ഇതെല്ലാം കഴിഞ്ഞ്‌ ഒന്ന് കിടന്നുറങ്ങാന്‍ പറ്റുന്നില്ല എന്ന് പള്ളിയിലെ അച്ചന്മാര്‍ക്ക്‌ തോന്നിയതിനാലോ എന്നറിയില്ല, കുറച്ച്‌ വര്‍ഷങ്ങളായി അമ്പ്‌ പള്ളിയില്‍ എത്തിച്ചേരേണ്ട സമയം നേരത്തെയാക്കി നിജപ്പെടുത്തിയതിനാല്‍ ഈ പാതിരവരെയുള്ള പരിപാടി ഇപ്പോഴില്ല. )പൂര്‍വ്വ വൈരാഗ്യങ്ങള്‍ തല്ലിത്തീര്‍ക്കാനായി ഉഴിഞ്ഞുവച്ചിരിയ്ക്കുന്ന ദിനങ്ങളാണ്‌ ഇത്‌ ചിലര്‍ക്ക്‌…”നിന്നെ പെരുന്നാളിന്‌ എടുത്തോളാമെടാ..” എന്നതാണ്‌ ചില വാക്കുതര്‍ക്കങ്ങളുടെയോ ഇടത്തരം അടിപിടികളുടേയോ അവാസാനവാക്ക്‌…

Moonnumuri ammbuthirunnalപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാക്സിമം മദ്യലഹരിയില്‍ ആയിരിക്കുമെന്നതിനാല്‍ ഒന്നുകില്‍ ആ വെല്ലുവിളി മറന്നുപോയിരിയ്ക്കും, അല്ലെങ്കില്‍ ചെന്ന് നാല്‌ കീറ്‌ ഇങ്ങോട്ടുവാങ്ങിക്കും എന്നതാണ്‌ പൊതുവായ ഇത്തരം വെല്ലുവിളിക്കാരുടെ രീതി…

പെരുന്നാളിന്റെ മറ്റൊരുപ്രത്യേകത എന്തെന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വീടുകളും ഡെക്കറേറ്റ്‌ ചെയ്ത്‌ ഒരു ആഘോഷച്ഛായ വരുത്തും എന്നതാണ്‌… വീടുകളിലെ അടുക്കളകള്‍ മല്‍സ്യമാംസാദികളാള്‍ സമ്പന്നമായ ദിനങ്ങള്‍… അകലെയുള്ള ബന്ധുവീട്ടുകാരെ ക്ഷണിയ്ക്കുകയും അവര്‍ക്ക്‌ ഭക്ഷണമൊരുക്കി പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നതും പതിവാണ്‌… അതുകൊണ്ട്‌ തന്നെ എല്ലാ വീടുകളിലും തിങ്ങിനിറഞ്ഞ്‌ ആളുകളായിരിയ്ക്കും… ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണമൊരുക്കി വീട്ടുകാര്‍ കുത്തുപാളയെടുക്കുന്ന കാലം എന്നര്‍ത്ഥം…സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാന ഇനം റോഡ്‌ ഷോ തന്നെയാണ്‌…. അന്നാണ്‌ യുവജനങ്ങള്‍ക്ക്‌ കൊതിതീരെ വായില്‍ നോക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരം… എല്ലാ വീട്ടിലേയും എല്ലാ ഐറ്റംസും ഫുള്‍ മേക്കപ്പ്‌ കം ഡെക്കറേഷനില്‍ പുറത്തിറങ്ങുന്ന ദിനങ്ങള്‍….

Kodaly ജങ്ങ്ഷന്‍ മുതല്‍ മൂന്നുമുറി വരെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടം കൂട്ടമായി നടക്കലാണ്‌ ഈ കലാപരിപാടി… വഴിയിലെ ലൈറ്റ്‌ ഡെക്കറേഷന്‍സും മറ്റും കാണുക എന്നതാണ്‌ മുഖ്യ അജന്‍ഡയായി പറയുക എങ്കിലും സൗന്ദര്യപ്രദര്‍ശനവും ആസ്വാദനവും തന്നെയാണ്‌ ഇതിന്റെ മുഖ്യ പ്രചോദനം….

മൂന്നുമുറി അമ്പ്‌ തിരുന്നാള് ആശംസകളോടെ…….
Courtesy : Benny George

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!