മേളകലാചാര്യന്‍ തൃപ്പേക്കുളം അച്ചുതമാരാർ അരങ്ങൊഴിഞ്ഞു

Photo (4)ഇരിങ്ങാലക്കുട:മേളകലാചക്രവര്‍ത്തി തൃപ്പേക്കുളം അച്ചുതമാരാര്‍(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിനുസമീപത്തെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ വീട്ടില്‍ ബാത്ത്‌റൂമിലേക്കുപോയ മാരാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്‌കാരം ഞായരാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും.പരേതയായ പത്മാക്ഷി മാരസ്യാര്‍ പത്‌നിയും രാധ, ഇന്ദിര, ശ്യാമള, വേണുഗോപാലന്‍, രാജലക്ഷ്മി എന്നിവര്‍ മക്കളുമാണ്.

പെയ്തിറങ്ങിയ മേളപ്പെരുക്കം
അസുരവാദ്യമായ ചെണ്ടയില്‍ പഞ്ചാരിയുടെ ദേവചൈതന്യം ആവാഹിച്ച തൃപ്പേക്കുളത്തിന്റെ പഞ്ചാരി ആസ്വാദകര്‍ക്ക് അനുപമമായ ആനന്ദവും അനുഭൂതിയുമായിരുന്നു.സാധകസ്പഷ്ടതയും കനവും ഇടംകയ്യിന്റെ ശുദ്ധിയുംചേര്‍ന്ന് കാലപ്രമാണത്തെ നിസ്തുലമാക്കുന്നതാണ് തൃപ്പേക്കുളത്തിന്റെ വാദനവൈഭവം.അതിന് പിന്നോട്ടിറക്കമില്ല.നെല്ലിടനെല്ലിട മുകളിലേക്ക് മാത്രം.പഞ്ചാരി തുടങ്ങിയാല്‍ 10 നാഴിക എന്നാണ് ചൊല്ല്.കാലപ്രമാണത്തിന്റെ കാര്യത്തില്‍ കടുകിട വ്യത്യാസമില്ലാത്ത പ്രമാണി.എത്രമണിക്കൂര്‍ നീളുന്ന മേളമായാലും കണക്കിനു ചിട്ടയ്ക്കുമൊത്തുതന്നെ കൃത്യസമയത്തുമേളം കലാശിപ്പിക്കാനാവുന്ന അപൂര്‍വമേളപ്രമാണി.പഞ്ചാരിയുടെ ഈറ്റില്ലമായ തൃശൂര്‍ ഊരകത്ത് അമ്മതിരുവടി ക്ഷേത്രത്തിനു സമീപം തൃപ്പേക്കുളത്ത് മാരാത്ത് പാപ്പിമാരസ്യാരുടേയും സീതാരാമന്‍ എമ്പ്രാന്തിരിയുടേയും മകനായാണ് മാരാരുടെ ജനനം.

പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയ മാരാര്‍ മേളവിദുഷിയായിരുന്ന തൃപ്പേക്കുളം ഗോവിന്ദമാരാരില്‍നിന്നും ക്ഷേത്രാടിയന്തിരച്ചടങ്ങുകള്‍ സ്വായത്തമാക്കി.വാദ്യകലയില്‍ ആദ്യംഅഭ്യസിച്ചത് തവില്‍ ആയിരുന്നു.നെല്ലിക്കല്‍ നാരായണപ്പണിക്കരായിരുന്നു തവിലില്‍ ഗുരു.തവില്‍കൂടാതെ തിമിലയിലും തൃപ്പേക്കുളം ഏറെ ശ്രദ്ദേയനായിരുന്നു.യശശരീരനായ അന്നമനട പരമേശ്വരമാരാരില്‍നിന്നും തിമിലയില്‍ ശിക്ഷണം നേടിയിരുന്നു.എന്നാല്‍ തവിലിലും തിമിലയിലുമല്ല കേരളത്തിന്റെ സ്വന്തം ശബ്ദമായ ചെണ്ടയിലാണ് തൃപ്പേക്കുളം ചക്രവര്‍ത്തിയായത്.ചെണ്ടയില്‍ സുഹുത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന പെരുവനം അപ്പുമാരാര്‍,ചക്കംകുളം അപ്പുമാരാര്‍,കുമരപുരം അപ്പുമാരാര്‍ എന്നിവരുടെ നിര്‍ദേശങ്ങളും ഒപ്പമുള്ള പ്രയോഗവും മാരാരെ കിടയററ മേളവിദ്വാനാക്കി മാറ്റി. തവില്‍, തിമില, ചെണ്ട, ഇടയ്ക്ക, മദ്ദളം ,ഗഞ്ചിറ, എന്നിങ്ങനെ സമസ്ത ചര്‍മവാദ്യകലകളിലും മാരാര്‍ പ്രവീണനായിരുന്നു എന്നത് എല്ലാ മേളപ്രേമികള്‍ക്കും അറിവുള്ള കാര്യമല്ല.വിശിഷ്ട ക്ഷേത്രച്ചടങ്ങുകളായ പാണി,ഉത്സവബലി,കൊട്ടിപ്പാടിസേവ എന്നിവയിലെല്ലാം അഗാധമായ അറിവും നിഷ്‌കര്‍ഷയും മാരാര്‍ക്കുണ്ടായിരുന്നു. പതിനാറാമത്തെ വയസ്സില്‍ തുടങ്ങിയ പ്രയാണം പ്രമാണത്തിന്റെ പൊന്‍തേറിലേറി നവതിപിന്നിട്ടിട്ടും തുടര്‍ന്നു. അതെ; 2012 ല്‍ 91 വയസ്സിലും മാരാര്‍ സംഗമേശന്റെ പഞ്ചാരിക്കു പ്രമാണം വഹിച്ചുവെന്നത് ചരിത്രമാകും. കഴിഞ്ഞ പിറന്നാള്‍ദിനത്തില്‍ കന്നിമാസത്തിലെ പൂരം നക്ഷത്രത്തില്‍ പേരമകന്‍ സന്ദീപിനോട് സോപാനസംഗീതം ആലപിക്കാന്‍ പറഞ്ഞ മാരാര്‍ ഇടയ്ക്കയെടുത്ത് അരമണിക്കൂറോളം വാദനം നടത്തി.

DSC_1102കേന്ദ്ര സംഗീത  നാടക  അക്കാദമി   അവാർഡ്‌  ഇന്ത്യൻ  രാഷ്ട്രപതിയിൽ  നിന്നും  ഡൽഹിയിൽ നടന്ന ചടങ്ങിൽ തൃപ്പേക്കുളം അച്ചുതമാരാർ സ്വീകരിക്കുന്നു 

അവനദ്ധവാദ്യത്തിലെ അഭിമാനതാണ്ഡവമായ അച്ചുതമാരാര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങളും അവാര്‍ഡുകളും നിരവധിയാണ്.കേന്ദ്ര-കേരള സംഗീതനാടകഅക്കാദി അവാര്‍ഡുകള്‍, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം,പാറമേക്കാവ്-തിരുവമ്പാടി വീരശൃംഗല,കലാമണ്ഡത്തിന്റെ മേളാചാര്യ പുരസ്‌കാരം,മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്‌നം ,ഇരിങ്ങാലക്കുട പൗരാവലിയുടെ മേളജലധി പുരസ്‌കാരം,വേലുപ്പിള്ളിക്ഷേത്രത്തിലെ വാദ്യകലാരത്‌ന,തൃപ്പൂണിത്തുറക്ഷേത്രത്തിലെ പൂര്‍ണത്രയ മേളകലാ കൗസ്തുഭം,വലയാധീശ്വരി പുരസ്‌കാരം, ശ്രീശാസ്താപുരസ്‌കാരം, പെരുവനം അപ്പുമാരാര്‍ പുരസ്‌കാരം, കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ സുവര്‍ണമുദ്ര,താമരക്കുളങ്ങര ക്ഷേത്രകലാചക്രവര്‍ത്തി, കൂടല്‍മാണിക്യ സുവര്‍ണമുദ്ര, നടവരമ്പ്‌ലതൃപ്പയ്യ സുവര്‍ണമുദ്ര, തിരുവമ്പാടി കുന്‍ സ്മാരക സുവര്‍ണമുദ്ര,ഇരിങ്ങാലക്കുട ടി.എന്‍.നമ്പൂതിരി സ്മാരക അവാര്‍ഡ്,പ്രഥമ അന്നമനട ത്രയം അവാര്‍ഡ് എന്നിവ ഇതില്‍ ചിലതുമാത്രം.ഇക്കഴിഞ്ഞ ജനുവരി 5 ന് പഞ്ചാരിയുടെ അഞ്ചാംനൂറ്റാണ്ടില്‍ ഊരകത്ത് വച്ചുനടന്ന അക്ഷരകാലം പരിപാടിയില്‍ തൃപ്പേക്കുളത്തിനെ ആദരിച്ചത് വീരശൃംഖല അണിയിച്ചാണ്.

അമ്മതിരുവടിയുടെ അരുമശിഷ്യന്‍; സംഗമേശന്റെ ഉത്തമഭക്തന്‍

ഇരിങ്ങാലക്കുട: ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്ന തൃപ്പേക്കുളം അച്ചുതമാരാര്‍ അടിയന്തിരത്തിന്‍രെ വിശ്രമവേളകളില്‍ ശ്രീമൂലസ്ഥാനത്തിന്റെ കരിങ്കല്‍തറയില്‍ കൈവിരലുകള്‍കൊണ്ട് ചെയ്ത ശാന്തമായ സാധകമണ് തൃപ്പേക്കുളത്തിന്റെ വേറിട്ട ശൈലിക്കാധാരം. യഥാര്‍ഥത്തില്‍ അമ്മതിരുവടിതന്നെയാണ് അച്ചുതമാരാരുടെ ഗുരു.തിമിലയിലും തവിലിലും ശിക്ഷണം നേടിയെങ്കിലും അമ്മതിരുവടിയുടെ കടാക്ഷവും സ്വപ്രയത്‌നവുമാണ് മാരാരുടെ ഉയര്‍ച്ചക്കാധാരം. മേലകളയുടെ ഉത്തുംഗശൃംഗങ്ങളില്‍ പരിലസിക്കുമ്പോളും ഇരിങ്ങാലക്കുടയില്‍ വീടിനടുത്ത് സംഗമേശനെ കുളിച്ചുതൊഴാതെയിരിക്കാന്‍ മാരാര്‍ക്ക് ആവുമായിരുന്നില്ല.എണീറ്റുനടക്കാന്‍ അയിടത്തോളം കാലം പുണ്യദര്‍ശനം തുടര്‍ന്നു.മാത്രമല്ല സംഗമേശന്റെ പഞ്ചാരിക്കു എത്രയോ തവണ ആ കയ്യും കോലും മന്ത്രിച്ചിരിക്കുന്നു. അവസാനം വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ അലട്ടുമ്പോളും മാരാര്‍ ചെണ്ടയുമായി സംഗമേശന്റെ സന്നിധിയിലെത്തി.

Photo 3തൃപ്പേക്കുളം അച്ചുതമാരാർ മട്ടന്നൂർ  ശങ്കരൻകുട്ടി മാരാരുമായി സംഭാഷണത്തിൽ (ഫയൽ ഫോട്ടോ )

അന്ത്യവിശ്രമം പത്‌നിക്കൊപ്പം
ഇരിങ്ങാലക്കുട: മേളകലാചക്രവര്‍ത്തി ഇന്നലെ അന്തരിച്ച തൃപ്പേക്കുളം അച്ചുതമാരാരുടെ അന്ത്യാഭിലാഷമായിരുന്നു അന്ത്യവിശ്രമം തന്റെ പ്രിയതമയായിരുന്ന പത്മാക്ഷിയെ സംസ്‌കരിച്ചതിന്റെ സമീപത്തുതന്നെ വേണമെന്നത്.കഴിഞ്ഞ ദിവസം സഹോദരീ ഭര്‍ത്താവ് വിജയനെ വീടിന്റെ തെക്കുവശത്തുള്ള ഈ സ്ഥലം കാണിച്ചുകൊടുത്ത് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഇന്ന് രാവിലെ 10 മണിയോടെ ഇതേസ്ഥലത്ത് സംസ്‌കാരം നടക്കും.

തവിലിലും തിമിലയിലും പ്രാവീണ്യം
ഇരിങ്ങാലക്കുട:തൃപ്പേക്കുളം അച്ചുതമാരാര്‍ക്ക് ചെണ്ടയില്‍ മാത്രമല്ല തവില്‍,തിമില,ഇടയ്ക്ക,മദ്ദളം,ഗഞ്ചിറ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു.തവിലിന്റെ സ്വാധീനം മാരാരുടെ മേളപ്രകടനത്തിലും ദൃശ്യമായിരുന്നു.തവിലില്‍ നെല്ലിക്കല്‍ നാരായണപ്പണിക്കരും തിമിലയില്‍ അന്നമനട സീനിയര്‍ പരമേശ്വരമാരാരുമാണ് ഗുരുക്കന്‍മാര്‍.

നവതി പിന്നിട്ട ഏക പ്രമാണി
ഇരിങ്ങാലക്കുട:നവതി പിന്നിട്ടിട്ടും ചെണ്ട തോലിലേന്തിയ മേളപ്രമാണിയെന്ന ഖ്യാതി തൃപ്പേക്കുളത്തിനു മാത്രം അവകാശപ്പെട്ടതാകും.2012 ലെ കൂടല്‍മാണിക്യം ഉത്സവത്തിനും 92 വയസ്സിലും മാരാര്‍ മേളപ്രമാണം വഹിച്ചു.

Photo 2കുഴല്‍പറ്റിനു കൊട്ടിയതു രണ്ടരമണിക്കൂര്‍
ഇരിങ്ങാലക്കുട:കുറുംകുഴല്‍പററിനു ചെണ്ടവായിക്കാനായി ജനിച്ചവനാണോ അച്ചുമാരാര്‍ എന്ന് തൃപ്പേക്കുളത്തിനെ വിശേഷിപ്പിച്ചത് പല്ലാവൂര്‍ അപ്പുമാരാരാണ്.കുറുംകുഴല്‍പറ്റിന് തൃപ്പേക്കുളത്തേപ്പോലെ ചെണ്ട വായിക്കാന്‍ കഴിവുളളവര്‍ വിരളം.തൃപ്പൂണിത്തുര പൂര്‍ണത്രയീശ ഉത്സവത്തിന് പഴയന്നൂര്‍ ശങ്കരപ്പണിക്കര്‍,കൃഷ്ണപ്പണിക്കര്‍ എന്നിവരുടെ കുറുംകുഴല്‍ പറ്റിന് ചെണ്ട വായിച്ചത് രണ്ടരമണിക്കൂറായിരുന്നു. ആ റിക്കാര്‍ഡ് ഇന്നു ഭേദിക്കപ്പെട്ടിട്ടില്ല.തുടര്‍ന്ന് കൊമ്പത്ത് കുട്ടന്‍പണിക്കരുടെ കുരുംകുഴല്‍പറ്റിനും നിരവധി വേദികളില്‍ മാരാര്‍ ചെണ്ടയുമായി ആസ്വാദകരെ കോരിത്തരിപ്പിച്ചു.

അവസാനം ഇടയ്ക്ക കൊട്ടി; പേരമകനൊപ്പം
ഇരിങ്ങാലക്കുട: അച്ചുതമാരാര്‍ക്ക് തന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ഒരാഗ്രഹം.ഇടയ്ക്ക വായിക്കണം.എത്രയോ ക്ഷേത്രാങ്കണങ്ങളില്‍ ഇടയ്ക്കയും ചെണ്ടയും തിമിലയുമൊക്കൊ മാറി മാറി വായിച്ച മാരാര്‍ ഇതിനുകണ്ട പോംവഴി തന്റെ മകളുടെ മകന്‍ സന്ദീപിനോട് അഷ്ടപദി ആലപിക്കാന്‍ പറഞ്ഞ് ഈ മുത്തച്ചന്‍ ഇടയ്ക്ക വായിച്ചു.തന്റെ 92-ാംമത്തെ പിറന്നാള്‍ ദിനത്തില്‍.

അവസാന വീരശൃംഖല അമ്മത്തിരുവടിയുടെ നടയില്‍
ഇരിങ്ങാലക്കുട: തൃപ്പേക്കുളത്തിനു ഒട്ടനവധി സുവര്‍ണമുദ്രകളും വീരശൃംഖലകളും ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ ജനുവരി 5 നി ഊരകം അമ്മത്തിരുവടി ക്ഷേത്രസന്നിധിയിലായിരുന്നു അവസാനം ലഭിച്ച വീരശൃംഖല.പഞ്ചാരിയുടെ അഞ്ചാംനൂറ്റാണ്ടിനോടനുബന്ധിച്ച് അക്ഷരകാലം എന്ന പരിപാടിയോടനുബന്ധിച്ചാണ് യുവകലാകാരന്‍ ചെറുശ്ശേരി കുട്ടന്‍ മാരാര്‍ക്കും മേളകുലപതി തൃപ്പേക്കുളം അച്ചുതമാരാര്‍ക്കും വീരശൃംഖല അണിയിച്ചത്.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!