Breaking News

മോഹൻദാസ് മാഷ്

 മോഹൻദാസ് മാഷ്

  • നാടൻ മാവുകൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് കൊടകരയിലെ പൊതുസ്ഥലങ്ങളിലും കനാൽക്കരയിലും വഴിവക്കിലുമെല്ലാം തഴച്ചു നില്ക്കുന്ന മാവുകളെ കണ്ടാൽ ആരും ഒന്നു നോക്കിനിന്നു പോകും.നിറയെ മാങ്ങകളുമായി നന്മയുടെ പ്രതീകം പോലെ വിനയത്തോടെ തലകുനിച്ചു നില്ക്കുന്ന അമ്പാടിവട്ടനും നാട്ടുമാവും ചക്കരമാവുമെല്ലാം നിഷ് കാമകർമിയായ ഒരു പാരലൽ കോളേജ് അദ്ധ്യാപകന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സദ്ഫലങ്ങളാണെന്ന് ഇന്നു പലരും തിരിച്ചറിയുന്നു.
  • അന്യം നിന്നു പോകുന്ന നാടൻ മാവുകളുടെ സം രക്ഷണത്തിനായി 2001 ലാണ് മോഹൻ ദാസ് മാഷ് ‘ ആരണ്യക് ‘ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പ്രവർത്തനങ്ങൾ കൂട്ടിയിണക്കുന്നതിനായി പ്രോവിഡൻസ് ഗ്രീൻ എന്ന പരിസ്ഥിതി പ്രസ്ഥാനത്തിനു രൂപം നല്കി. കൊടകര പ്രോവിഡൻസ് കോളേജിലെ കൌമാരക്കാരായ വിദ്യാർത്ഥികളെ കൂടാതെ നഴ് സറി ക്ലാസിലെ കുട്ടികൾ മുതൽ താല്പര്യമുള്ള മുതിർന്ന വ്യക്തികൾ വരെ അണിനിരന്ന ഈ പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയത് ത്യശൂർ ജില്ലയിലെ പ്രശസ്ത മനകളിൽ നിന്നും പുരാതന തറവാടുകളിൽ നിന്നും ശേഖരിച്ച മാവിൻ തൈകൾ കൊണ്ടായിരുന്നു, തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം സൻചരിച്ച് തൈകളും വിത്തുകളും ശേഖരിച്ചു. പലഭാഗങ്ങളിൽ നിന്നും കേട്ടറിഞ്ഞ സ്നേഹിതരും സൻമനസുള്ളവരും വിത്തുകൾ അയച്ചു കൊടുത്തു. തൈകൾ മുളപ്പിക്കുന്നതിയായി ഒരു പുതിയ പ്ലാസ്റ്റിൿ കൂടുപോലും ഉപയോഗിച്ചിട്ടില്ല്ലാത്ത ഇവർ ഉപയോഗിച്ചു കഴിഞ്ഞ പഴയ പ്ലാസ്റ്റിക് കവറുകൾ വീടുകളിൽ നിന്നാണ് ശേഖരിച്ചത്.
  • കൊടകരയിലേയും പരിസര പ്രദേശങ്ങളിലേയും പൊതുസ്ഥലങ്ങൾ, കനാൽ വക്കുകൾ എന്നു തുടങ്ങി താല്പര്യമുള്ള സ്വകാര്യവക്തികളുടെ പറമ്പുകളിൽ വരെ മുളച്ചു വന്ന മാവിൻ തൈകൾക്കു ഇടം ലഭിച്ചു. സർക്കാരിന്റെ സാമൂഹ്യ വനവല്ക്കരണ പരിപാടി, മറ്റു സംഘടനകളുടെ വ്യക്ഷതൈ നടീൽ എന്നിവയിൽ നിന്നും വ്യത്യസ്ഥമായി ഓരോ പ്രദേശത്തും നട്ട തൈകൾ പരിപാലിക്കുക, സം രക്ഷിക്കുക എന്നിവ പ്രോവിഡൻസ് ഗ്രീൻ പ്രവർത്തകരുടെ ചുമതലയായിരുന്നു. ഇതുവരെ നട്ട അയ്യായിരത്തോളം തൈകളിൽ ഏകദേശം അഞ്ഞൂറോളം എണ്ണം പടർന്നു പന്തലിച്ചു കഴിഞ്ഞു. അവയിൽ 250 എണ്ണമെൻകിലും ഫലങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടിക്കടുത്ത ചട്ടിക്കുളത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്ഥലത്ത് പലയിടത്തുനിന്നായി ശേഖരിച്ച വിവിധ ഇനങ്ങളില്പ്പെട്ട 55 നാടൻ മാവുകൾ കരുത്തരായി വളരുന്നു. നാടൻ മാവുകളുടെ ഒരു ജീൻ ബാൻകെന്ന് ചട്ടിക്കുളത്തെ വിശേഷിപ്പിക്കാം. അതുപോലെ കൊടകര പുത്തുക്കാവ് അമ്പലത്തിന്റെ പരിസരത്തുള്ള ധാരാളം മാവുകളും കായ്ചിട്ടുണ്ട്. ഇവയേയും ജീൻ ബാൻകെന്നു കരുതാവുന്നതാണ്.
  • 1986 ൽ സ്ഥാപിതമായ പ്രോവിഡൻസ് പാരലൽ കോളേജ് 1990 ൽ ഏറ്റെടുത്ത മോഹൻ ദാസ് മാഷ് സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് സാമൂഹ്യ പ്രവർത്തന രംഗത്തെത്തിയത്. സാഹിത്യവും കവിതകളുമടങ്ങുന്ന അക്ഷരലോകമാണ് തന്നെ പരിസ്ഥിതി പ്രവർത്തനത്തിലെത്തിച്ചതെന്നു മാഷ് പറയുന്നു.
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൈവറ്റ് ബിരുദവിദ്യാർത്ഥികൾക്ക് നിർബന്ധിത സാമൂഹ്യസേവനം ഏർപ്പെടുത്തിയ കാലത്താണ് പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാഷ് കൂടുതൽ സജീവമാകുന്നത്. സാമൂഹ്യപ്രവർത്തനം നടത്തി എന്ന വ്യാജേനെ പലരും സർട്ടിഫിക്കറ്റ് നേടുന്നതു കണ്ടപ്പോൾ തന്റെ സ്ഥാപനത്തിലെ കുട്ടികൾ യഥാർത്ഥത്തിൽ പ്രവർത്തനം നടത്തി തന്നെ മാർക്ക് വാങ്ങണം എന്ന ചിന്തയാണ് കൊടകര ആയുർ വേദാശുപത്രിയിൽ ഔഷധസസ്യത്തോട്ടം വച്ചു പിടിപ്പിക്കുന്ന പ്രവർത്തനത്തിലെത്തിച്ചത്. എന്നാൽ മറ്റു ചില കാരണങ്ങളാൽ ആ പ്രവർത്തനം ഉദ്ദേശലക്ഷ്യം നേടിയില്ല.
  • തുടർന്നാണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. നമ്മുടെ നാട്ടിലെ തദ്ദേശീയമായ മാവുകൾ അന്യം നിന്നു പോകുന്നുവെന്ന നിരീക്ഷണമാണ് മാവ് തന്നെ തെരഞ്ഞെടുക്കാൻ കാരണം. തന്റെ പറമ്പിലെ തന്നെ ധാരാളം മാങ്ങകൾ നല്കിയിരുന്ന നാട്ടുമാവ്, വട്ടമാവ് തുടങ്ങിയവപ്പോലും മുറിച്ചുമാറ്റപ്പെട്ടു പോയിരിക്കുന്നു. തുടർന്ന് മാവുകളെ കുറിച്ച് സർ വ്വേ നടത്തിയപ്പോൾ നമ്മുടെ നാട്ടിൽ നിന്നും തദ്ദേശീയമായ മാവിനങ്ങൾ വേരറ്റുപോകുന്നുവെന്നും പകരം ബഡ്ഡുചെയ്ത ഇനങ്ങൾ പ്രചാരം നേടുന്നുവെന്നും കണ്ടെത്തി. അഞ്ചോ പത്തോ സെന്റ് മാത്രമുള്ള ഇന്നത്തെ വീടുകളുടെ മുറ്റത്ത് ഇത്തരം മാവുകൾ മാത്രമേ കാണുന്നുള്ളു. ഇവയിൽ മാങ്ങയുണ്ടാകുമെൻകിലും നാടൻ മാവുകളേപ്പോലെ പടർന്നു പന്തലിക്കുന്നില്ല. പടർന്നുപന്തലിക്കുന്ന വലിയ മാവുകളിലാണ് കാക്കകളും കിളികളും അണ്ണാറകണ്ണന്മാരും യഥേഷ്ടം ചേക്കേറുന്നത്.
  • ആരണ്യകിനു മോഹൻദാസ് മാഷിനു പ്രേരണയായ യുഗളപ്രസാദൻ എന്ന കവിതയുടെ കർത്താവായ സാക്ഷാൽ വിഷ്ണുനാരായണൻ നമ്പൂതിരിയാണ് 1001 മത്തെ മാവിൻ തൈ നട്ടത്. മുല്ലനേഴി, സുഗതകുമാരി, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ, അശോകൻ ചെരുവിൽ, കെ.ജി. ശൻകരൻപിള്ള, സുകുമാർ അഴീക്കോട്, രാവുണ്ണി, കെ.എസ്.പി.കർത്താ, പെരുമ്പടവം ശ്രീധരൻ, മേധാ പട്കർ, സി.പി. ഗംഗാധരൻ, കല്ലേൻ പൊക്കുടൻ, ബാലചന്ദ്രൻ വടക്കേടത്ത്, മയിലമ്മ (പ്ലാച്ചിമട സമരനായിക), കേശവൻ വെള്ളിക്കുളങ്ങര, പ്രൊ.സി.രവീന്ദ്രനാഥ് (എം.എൽ.എ), ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പി.എൻ ഉണ്ണിക്യഷ്ണൻ(ഐ.എഫ്.എസ്), ഡോ.ഇന്ദുചൂഡൻ തുടങ്ങിയ പ്രശസ്തർ കൊടകരയുടെ മണ്ണിൽ മാവിൻ തൈകൾ നട്ട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഇവരെല്ലാം ഈ പ്രസ്ഥാനത്തേയും ഇതിന്റെ സദുദ്ദേശ്യത്തേയും കേട്ടറിഞ്ഞ് മറ്റാവശ്യങ്ങൾക്കു ഇതുവഴി കടന്നുപോകുമ്പോൾ കൊടകരയിൽ വന്നു തൈ നട്ട് പ്രവർത്തനങ്ങൾക്കു ഊർജം പകർന്നവരാണെന്നു മാഷ് നന്ദിപൂർവ്വം സ്മരിക്കുന്നു.
  • ആരണ്യക് പ്രവർത്തനങ്ങൾ ഉച്ചസ്ഥായിലായ ഘട്ടത്തിലാണ് 2005 ൽ അതിരപ്പിള്ളി സമരം പൊട്ടിപുറപ്പെടുന്നത്. തുടർന്ന് തന്റെ ശ്രദ്ധ മരത്തിൽ നിന്നും സമരത്തിലേക്കു വഴുതിയെന്നു സമ്മതിക്കുന്ന മോഹൻ ദാസ് മാഷിന് മരങ്ങൾ നടുന്നതിന്റെ ഗതിവേഗം കുറഞ്ഞതിൽ സൻകടമുണ്ട്. സമരത്തിൽ സജീവമായതോടെ കുട്ടികൾക്കു പ്രചോദനം നല്കുവാൻ സമയമില്ലാതായി. മരങ്ങൾ നടുന്ന പ്രവർത്തനങ്ങൾ ഏറ്റവും വിജയിക്കുന്നത് കുട്ടികൾ അവ ഏറ്റെടുക്കുമ്പോഴാണെന്നു കരുതുന്ന മാഷ് കുട്ടികൾ ഒരു തൈ മണ്ണിൽ നടുമ്പോൾ മനസ്സിൽ അവർ ഒരായിരം തൈകൾ നടുന്നുവെന്ന പക്ഷക്കാരനാണ്. ഇതുവരെ നട്ട അയ്യായിരം മാവുകളിൽ ഏകദേശം അഞ്ഞൂറോളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്നതിൽ മാഷിനു യാതൊരു ദു:ഖവുമില്ല. പത്ത് മാവെൻകിലും അവശേഷിച്ചാൽ തന്റെ പ്രവർത്തനങ്ങൾ വിജയിച്ചു. മരം നട്ട് അമരനാവുക എന്ന ലക്ഷ്യമൊന്നുമില്ലെന്നു പറയുന്ന മാഷ് കാക്കയും അണ്ണാറക്കണ്ണന്മാരും ചെയ്യൂന്ന ജോലികൾക്കു മാത്രമേ താൻ നേത്വത്തം നല്കുന്നുവുള്ളുവെന്നു വിനീതനാകുന്നു.
  • കൊടകര മനക്കുളങ്ങര മലയാറ്റിൽ ചങ്ങരൻകോത അമ്മുണ്ണി കർത്താവിന്റേയും രത്നാവതി അമ്മയുടേയും ആറ് മക്കളിൽ ഇളയവനായ മോഹൻ ദാസ് മാഷ് അവിവാഹിതനാണ്മോഹൻ ദാസ് മാഷിന്റെ ഫോൺ നമ്പർ: 9895977769

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!