കൊടകര : കൊടകരക്കാരുടെ സ്വകാര്യ അഹങ്കാരമായ കൊടകര ഷഷ്ഠിക്ക് കാവടിസംഘങ്ങളെ പതിറ്റാണ്ടുകളായി പൂനിലാര്ക്കാവ് ക്ഷേത്രമതില്ക്കകത്തേക്ക് ആനയിച്ചിരുന്ന ശബ്ദം നിലച്ചു. കാവില് തെക്കേടത്ത് വീട്ടില് രവീന്ദ്രന് എന്ന രവിയേട്ടന് ഇനി ഓര്മ്മ. ഇന്നു പുലര്ച്ചെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന രവിയേട്ടന് വിട പറഞ്ഞത്.
ജീവിതത്തില് ഒട്ടനവധി വേഷങ്ങള് കെട്ടി. കൊടകരയിലെ പൊകല സായ്‌വ് എന്നറിയപ്പെട്ടിരുന്ന ചിന്നപ്പൈലന് സായ്‌വിന്റെ വിശ്വസ്ഥന്. അദ്ദേഹത്തിന്റെ മരണശേഷം മകന് നിഷാദിനൊപ്പവും ആ ബന്ധം തുടര്ന്നു. ഇടക്കാലത്ത് പൂനിലാര്ക്കാവ് ദേവീക്ഷേത്രത്തിലെ മാനജരായി പ്രവര്ത്തിച്ചു. തൃപ്പൂണിത്തുറ സി.കെ.കെ.എം ഫാര്മസ്യൂട്ടിക്കല്സിന്റെ മരുന്നുകളുടെ ഏജന്സിയെടുത്തു സേവനമനുഷ്ഠിച്ചു. ആയിടക്ക് ഫാര്മസി ഉടമയുടെ ആനക്കുട്ടിയെ കൊടകരയില് കൊണ്ടുവന്നു കെട്ടുമായിരുന്നു. കൊടകര കുമാര് എന്നോ മറ്റായിരുന്നു ആനക്കുട്ടിയുടെ പേര്. കുറേക്കാലം സ്ഥലംവില്പ്പനയുടെ ഇടനിലക്കാരനായി. വര്ഷങ്ങളായി നിഷാദിനൊപ്പം സി.എ.എസ് സ്റ്റോഴ്‌സിലെ ജീവനക്കാരനായിരുന്നു. ഏറെ ഹാസ്യാത്മകമായിട്ടായിരുന്നു ആരോടും പെരുമാറിയിരുന്നത്. കടയിലെത്തുന്നവര്ക്കാര്ക്കും മറക്കാനാവാത്ത പ്രകൃതം. മറ്റുള്ളവരുടെ വേദന സഹിക്കാത്ത മനസ്സായിരുന്നു രവിയേട്ടന്റേത്.
കോവിഡ് ബാധിച്ച് അച്ഛന് ഗോപുനായര് മരിച്ചിട്ട് ഒരു വര്ഷം തികഞ്ഞിട്ടേയുള്ളൂ. ശ്രാദ്ധം പിന്നിട്ടപ്പോഴേക്കും മകനും പോയി. ഹൃദയസംബന്ധമായി കുറച്ച് ശാരീരികാവശതകള് അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് യാത്രയാകുമെന്ന് വിചാരിച്ചില്ല. ഇക്കഴിഞ്ഞ 30 നാണ് അവസാനമായി കണ്ടത്. പിന്നെ കണ്ടത് ഇന്ന് രാവിലെ ചേതനയറ്റ നിലയിലാണ്. രവിയേട്ടന് വിട….. ആ മരിക്കാത്ത ഓര്മകള്ക്കുമുമ്പില് കണ്ണീര് പ്രണാമം….