കൊടകര : മാവുകളും മോഹന്‍ദാസ് മാഷും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ, തൃശൂര്‍ ജില്ലയില്‍ കൊടകരയില്‍ തണല്‍ പൊഴിച്ചു നില്‍ക്കുന്ന രണ്ടായിരത്തോളം മാവുകള്‍ അതു പറയില്ല. ഒരു പാരലല്‍ കോളജ് അധ്യാപകന്റെ വൃക്ഷസ്നേഹം നാട്ടുമാവിനെ രക്ഷിച്ചെടുത്ത കഥയാവും അവ പറയുക.
കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഏര്‍പെടുത്തിയ സാമൂഹിക സേവനം പരിപാടിയാണ് വഴിത്തിരിവായത്. നാടന്‍ മാവ് നാട്ടുമ്പുറങ്ങളില്‍ നിന്നു മായുന്നത് മാഷിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. സങ്കരയിനം മാവുകളാണ് എങ്ങും. ഇതിനൊരു പരിഹാരമെന്ന നിലയ്ക്ക് നാടന്‍ മാവിന്‍തൈകള്‍ വിപുലമായി നടാനുള്ള പദ്ധതി മോഹന്‍ദാസ് ആവിഷ്കരിച്ചു. അപേക്ഷ നല്‍കി അല്‍പം പ്രതീക്ഷയുമായി മടങ്ങിയ മാഷിനെ തേടി താമസിയാതെ തലസ്ഥാനത്തു നിന്നു വിളിയെത്തി. നൂറുകണക്കിന് അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് മാഷുടേത് മാത്രം.
“എതോപ്യയില്‍ അധ്യാപകനായി ജോലി നോക്കുന്ന കാലത്താണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ യുഗളപ്രസാദന്‍ എന്ന കവിത ഞാന്‍ വായിക്കുന്നത്. ആരണ്യക് എന്ന നോവലിലെ ഒരു കഥാപാത്രമാണ് യുഗളപ്രസാദന്‍. വൃക്ഷസ്നേഹിയായ അയാള്‍ ഒട്ടേറെ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്നുണ്ട്. കവിത വായിച്ചു തീര്‍ന്നപ്പോഴേക്കും ഞാന്‍ നാട്ടിലേക്കു മടങ്ങാനുള്ള തീരുമാനം എടുത്തിരുന്നു.”
നാട്ടിലെത്തിയ മോഹന്‍ദാസ് വിഷ്ണനാരായണന്‍ നമ്പൂതിരിയെക്കണ്ടു. അദ്ദേഹത്തിന്റെ പ്രരണയില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അന്നം മുട്ടാതിരിക്കാന്‍ ഒപ്പം പാരലല്‍ കോളജും. എന്നെ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് ഉപനയനം കഴിച്ച ആള്‍ എന്നാണ് നമ്പൂതിരി സാറിനെ ഞാന്‍ വിശേഷിപ്പിക്കുക. മോഹന്‍ദാസ് പറയുന്നു.
മാഷുടെ വിദ്യാര്‍ഥികള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോള്‍ നാടാകെ മാവിന്‍ തൈകള്‍ കിളിര്‍ത്തു. ഉമാംപള്ളി മനയില്‍ നിന്നും ആവശ്യത്തിന് തൈകള്‍ സം¸ടിപ്പിച്ചു കൊടുത്തത് പ്രശസ്ത കഥാകൃത്തായ മാടമ്പ് കുഞ്ഞുകുട്ടനാണ്. മണ്ണില്‍ ഒന്ന് മനസ്സില്‍ ഒരായിരം എന്നതായിരുന്നു പദ്ധതിയുടെ മുദ്രാവാക്യം. അപ്പോള്‍ പേരോ? സംശയിക്കേണ്ട, ആരണ്യക്!
മലയാള സാഹിത്യകാരന്‍മാരുമായുണ്ടായിരുന്ന നല്ല ബന്ധം പദ്ധതിയുടെ പ്രചരണത്തിനായി ഉപയോഗിക്കാനും മാഷിനു കഴിഞ്ഞു. അങ്ങനെ സുഗതകുമാരിയും അശോകന്‍ ചെരുവിലും മുല്ലനേഴിയും ലീലാവതി ടീച്ചറുമൊക്കെ കൊടകരയിലെത്തി മാവ് നട്ടു. ആയിരത്തി ഒന്നാമത്തെ മാവ് നടാന്‍ സാക്ഷാല്‍ വിഷ്ണു നമ്പൂതിരി തന്നെയെത്തി.
മരത്തില്‍ നിന്ന് സമരത്തിലേക്ക്
ഒട്ടേറെ സമരങ്ങളുടെ മുന്നിലും പിന്നിലും മോഹന്‍ദാസ് മാഷ് ഉണ്ട്. അതിരപ്പിള്ളി, ബിഒടി ടോള്‍ വിരുദ്ധ സമരം, ചാലിയാര്‍ റിവര്‍ പ്രാട്ടക്ഷന്‍ ഫോറം തുടങ്ങിയവയിലെല്ലാം മാഷ് സജീവമാണ്. നാട്ടിലെ നെല്‍വയല്‍ നികത്തുന്നതിനെതിരെ സം¸ടിച്ചപ്പോള്‍ നാലുപാടു നിന്നും ഭീഷിണിയുണ്ടായി. എന്നാല്‍ വിരട്ടുകള്‍ കൊണ്ടു ഫലമില്ലെന്നു കണ്ട് റിയല്‍ എസ്റ്റേറ്റ് മാഫിയ തുറുപ്പു ചീട്ടെടുത്തു. ഇനിയും താന്‍ സമരം തുടര്‍ന്നാല്‍ താന്‍ വച്ച മാവെല്ലാം ഒറ്റ രാത്രി കൊണ്ട് ഞങ്ങള്‍ അരിഞ്ഞു തള്ളും. ഇവിടെ മാത്രം മാഷ് തളര്‍ന്നു.
മാഷിന്റെയും കുട്ടികളുടെയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ലീലാവതി ടീച്ചര്‍ എഴുതിയതിങ്ങനെ: സാഹിത്യകാരന്മാര്‍ മനസ്സു കൊണ്ടും വചസ്സു കൊണ്ടും ചെയുന്നത് വപുസ്സ് (പ്രവൃത്തി) കൊണ്ട് ചെയ്തവരാണ് നിങ്ങള്‍. ഒരു സാഹിത്യസൃഷ്ടി മനുഷ്യമനസ്സിനെ എത്ര മാത്രം സ്വാധീനിക്കാം എന്നതിന്റെ ഏറ്റവും വലിയ നിദര്‍ശനം. ലീലാവതി ടീച്ചറുടെ ഈ വാക്കുകള്‍ക്കപ്പുറം എന്തു പറയാന്‍?
njagale padippicha mashu……….
Providence Suran Kodakara
mashe poleyullavareyanu nadinavshyam
njagale padippicha mashu……….
Providence kodakara……………NAMASKARAM