ആളൂരിലെ മുത്തശ്ശിമാവുകള്‍ക്ക് ആദരം ഞായറാഴ്ച

കൊടകര : ആളൂര്‍ പഞ്ചായത്തിലെ വഴിയോരങ്ങളില്‍ അവശേഷിക്കുന്ന  മുത്തശ്ശിമാവുകള്‍ക്ക് പരിസ്ഥിതി ദിനമായ ഞായറാഴ്ച ആദരം അര്‍പ്പിക്കുന്നു. ആളൂര്‍ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിലാണ്  നൂറ്റാണ്ടിലേറെ പ്രായം കണക്കാക്കുന്ന ഈ പൈതൃക വൃക്ഷങ്ങളെ ആദരിക്കുന്നത്. കൊച്ചി നാട്ടുരാജ്യത്തിലെ രാജ ഭരണകാലത്ത് പ്രധാന പാതയോരങ്ങളില്‍ നട്ടു പിടിപ്പിച്ച നൂറു കണക്കിന് തണല്‍മരങ്ങളില്‍  കൊടുങ്ങല്ലൂര്‍ – കൊടകര സംസ്ഥാന പാതയോരത്ത് 11 ഉം പോട്ട – മൂന്നുപീടിക പാതയോരത്ത് 3 ഉം ഉള്‍പ്പെടെ 15 മാവുകളാണ് അവശേഷിക്കുന്നത്.

ആളൂരിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ മരമുത്തശ്ശിമാര്‍ സമീപകാലത്ത്  തടിക്കച്ചവടക്കാരുടെയും കച്ചവടക്കണ്ണുള്ള ചില ഉദ്യോഗസ്ഥരുടെയും വൃക്ഷ വിരോധികളുടെയും ആക്രമണങ്ങളില്‍നിന്ന് ശക്തമായ ജനകീയ ഇടപെടലുകളിലൂടെ മാത്രം മരണശിക്ഷയില്‍നിന്നും  രക്ഷപ്പെട്ടവയാണ്. ഞായര്‍ രാവിലെ 10ന് ആളൂര്‍ സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ പരിസരത്ത് ആദരണ പരിപാടിക്ക് തുടക്കമാവും.

പഞ്ചായത്തിലെ വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടി പങ്കെടുക്കുന്ന പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍.ജോജോ ഫ്‌ലാഗ് ഓഫ് ചെയ്യും. ആളൂരിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരുന്ന സമാപന സമ്മേളനം പീച്ചി വനഗവേഷണ കേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.എസ്.ശങ്കര്‍ ഉദ്ഘാടനം ചെയ്യും. നാട്ടുമാവുകളുടെ സംരക്ഷകന്‍ എം.മോഹന്‍ദാസ് ,  പ്ലാവ് ജയന്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് കവിയരങ്ങില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട  കവിതകള്‍ അവതരിപ്പിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!