പ്രസിദ്ധ ജ്യോതിഷ പണ്ഡിതൻ കൈമുക്ക് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജനത്തിൻ്റെയും (പാമ്പുമേക്കാട്ട് മന) മകനായി 1954 ജനുവരി പതിനൊന്നിന് ജനനം .
പരശുരാമ ഋഷിയിൽ നിന്നും അനുഗ്രഹം ലഭിച്ച 6 വൈദീക കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്നവരും , അഗ്രഗണ്യരും, യാഗം ചെയ്യാനും ചെയ്യിക്കാനും അധികാരമുള്ള ഇരിങ്ങാലക്കുട ഗ്രാമത്തിലെ കൈമുക്ക് മനയുടെ വേദ-ജ്യോതിഷ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഭാരതീയ യജ്ഞ സംസ്കാരത്തിൻ്റെ മുതൽക്കൂട്ടായി മാറിയ മഹാ പണ്ഡിതൻ.
ചെറുപ്പം മുതൽക്കേ വേദവും ,സംസ്കൃതവും, ജ്യോതിഷവും അഭ്യസിച്ച അക്കിത്തിരിപ്പാട് ഭാരതത്തിലെ തന്നെ പ്രമുഖ വേദ പണ്ഡിതനും , യജ്ഞ പാരമ്പര്യത്തിൻ്റെ മുഖ്യ പ്രയോക്താവും, പ്രഗൽഭനായ ജ്യോതിഷിയുമായിരുന്നു.
സ്ഥിരമായി കൃത്യതയോടെ അഗ്നിഹോത്രവും ഇഷ്ഠിയും അനുഷ്ഠിച്ചിരുന്ന അപൂർവ്വമായ വ്യക്തിത്വങ്ങളിലൊന്നായിരുന്നു കൈമുക്ക് മനയിലെ ഈ മഹനീയൻ.
വൈദിക വിഷയങ്ങളിലും ,ആത്മീയചര്യകളിലും,
ജ്യോതിഷ രംഗത്തും , നിപുണനായ ഈ ജ്യോതിശാസ്ത്ര കുലപതിയുടെ ഗുരുനാഥൻമാർ കൈമുക്ക് നാരായണൻ നമ്പൂതിരിയും ,പരമേശ്വരൻ നമ്പൂതിരിയുമാണ്.
ഗ്രാമ പരദേവതയായ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യ സ്വാമിയോടുള്ള നിദാന്ത ഭക്തി കൊണ്ടും, കുടുംബ പരദേവതയായ ശ്രീ വയലൂരപ്പൻ്റെ അനുഗ്രഹാശിസ്സുകൾ ക്കൊണ്ടും കൈമുക്ക് മനയുടെ പാരമ്പര്യം വീണ്ടും ലോക വൈദീക ഭൂപടത്തിലെത്തിക്കാൻ ബ്രഹ്മശ്രീ രാമൻ അക്കിത്തിരിപ്പാടിനു കഴിഞ്ഞു.
വേദ – ശ്രൗത വിധികളോട് നൂറു ശതമാനവും പ്രതിബദ്ധത പുലർത്തിയ ഈ ആചാര്യ ശ്രേഷ്ഠൻ 1997-ൽ അഗ്ന്യാധാനവും തുടർന്ന് 2006-ൽ സോമയാഗവും നടത്തി .
112 വർഷങ്ങൾക്കു ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തിൽ നടന്ന അതിരാത്ര മഹായാഗം കൊടകര മറ്റത്തൂർ കുന്നിൽ വേദ വാഹിനിയായ നന്ദിനീ നദീ തീരത്തെ കൈമുക്ക് മനയിലായിരുന്നു. ബ്രഹ്മശ്രീ കൈമുക്ക് വൈദികൻ രാമൻ സോമയാജിപ്പാട് യജമാനനായും പത്നി ആര്യാദേവി പത്തനാടി യജമാന പത്നിയായും നിർവ്വഹിച്ച ഈ അതിരാത്ര മഹായാഗം നടന്നത് കൊല്ല വർഷം 1187 മീനമാസം 10 മുതൽ 21 വരെയാണ് ( 2012 മാർച്ച് 23 മുതൽ 3 വരെയുമാണ്.)
പകഴിയം :- 29 ശസ്ത്രങ്ങളുള്ള അഗ്നി എന്ന അതിരാത്രത്തിൽ ശസ്ത്രങ്ങളുടെ അവയവങ്ങളുടെ പ്രയോഗമനുസരിച്ച് കൗശീതകം എന്നും പകഴിയം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഋഗ്വേദികളായ അശ്വലായനന്മാരും യജ്ജുർവേദികളായ ബൗധായനന്മാരും ചേരുന്നതാണ് പകഴിയം. ഈ സമ്പ്രദായത്തിലായിരുന്നു 2012-ൽ കൈമുക്ക് മനയിൽ അതിരാത്രം നടന്നിരുന്നത് .
കേരളത്തിൽ വേദ സംരക്ഷണം ജീവിത വ്രതമായി ഏറ്റെടുത്ത് വൈദിക സംസ്കൃതിയുടെ ജ്വാല കെടാതെ സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ശ്രീ. കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിനെ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ 2018 ഫെബ്രുവരി 8 ന് പ്രശസ്തി പത്രം നൽകി ആദരിച്ചു. (വേദായനം 2018)
ജ്യോതിഷ പരിഷത്ത് “ജ്യോതിഷാചാര്യ ” ബിരുദം നൽകി ആദരിച്ചിരുന്ന ബ്രഹ്മശ്രീ കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിയിരുന്നു ശബരിമല, ഗുരുവായൂർ ,ചോറ്റാനിക്കര, തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ,വർക്കല ജനാർദന സ്വാമി ക്ഷേത്രം ,കൊട്ടാരക്കര ഗണപതി ക്ഷേത്രം ,ചെട്ടികുളങ്ങര ക്ഷേത്രം ,കണ്ണൂർ ചെറുകുന്ന് ക്ഷേത്ര മുൾപ്പെടെ വിവിധ മഹാക്ഷേത്രങ്ങളിൽ നടന്നിരുന്ന അഷ്ടമംഗല ദേവ പ്രശ്നത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചത്.
വലിയൊരു ശിഷ്യ സമ്പത്തിന് ഉടമയായ ഈ ആചാര്യ ശ്രേഷ്ഠൻ 2020 ജനുവരി മാസത്തിൽ വരാൻ പോകുന്ന മഹാമാരിയെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു.
വേദ-ശ്രൗത പണ്ഡിതനായിരുന്ന ഇദ്ദേഹത്തെ കാഞ്ചി കാമകോടി സന്നിധിയിൽ വെച്ച് ലക്ഷ്മീ നരസിംഹ സ്വാമി ട്രസ്റ്റ് ശ്രൗത സംരക്ഷണ അവാർഡ് നൽകി ആദരിച്ചിരുന്നു.
നിരവധി ക്ഷേത്രങ്ങളിലെ ദേവീ ദേവൻമാരെ സ്തുതിച്ചുക്കൊണ്ട് ഇദ്ദേഹം ഒരു പാട് ശ്ലോകങ്ങൾ എഴുതിയിട്ടുണ്ട്.
[“അമൃതകിരണചൂഡൻ പുത്രനാം ധർമ്മശാസ്താ
വമരുക പരിരക്ഷയ്ക്കാത്മശുദ്ധിക്കായ്
അമിതമൊടതിതാപം തീർക്കുവാനെന്നുമെന്നും
അമൃതകലശ ഹസ്തൻ നമ്മളെ കാത്തിടട്ടെ “
(കൈമുക്ക് രാമൻ അടിതിരിപ്പാട് – 30-07-2001) ]
ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യ സ്വാമി ക്ഷേത്രത്തിലെ തൃക്കേട്ട വെച്ചു നമസ്കാര ചടങ്ങിൽ അഗ്നിഹോത്രിയായി ഇദ്ദേഹം എത്താറുണ്ടായിരുന്നു.
പഞ്ചമൂർത്തി ക്ഷേത്രത്തിൽ നടത്തിയ പ്രവചനം ഇദ്ദേഹത്തിൻ്റെ ജ്യോതിഷത്തിലെ അസാധാരണമായ പ്രാവീണ്യത്തിനൊരുദാഹരണമാണ്.
ക്ഷേത്ര സംബന്ധമായ നിരവധി വേദികളിലെ അവിഭാജ്യ വ്യക്തിത്വമായിരുന്നു ഇദ്ദേഹം.2021 ൽ ചാത്തക്കുടം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീ ധർമശാസ്താ പുരസ്കാര സമർപ്പണത്തിനെത്തിയത് കൈമുക്ക് രാമൻ അക്കിത്തിരിപ്പാടായിരുന്നു. ചാത്തക്കുടം സന്നിധിയിലാദ്യമായെത്തിയ അദ്ദേഹം ചാത്തക്കുടം ശാസ്താവിൻ്റെ (ശ്രീ രാമചന്ദ്രൻ്റെ ഗുരു വിശ്വാമിത്ര മഹർഷി സങ്കല്പം ) ദിവ്യ തേജസ് ദർശിക്കാൻ കഴിഞ്ഞുവെന്നാണ് പറഞ്ഞത്.
അക്ഷര ശ്ലോകം ,സംഗീതം ,വാദ്യകല തുടങ്ങിയവയിലും അക്കിത്തിരിപ്പാടിന് പ്രാവീണ്യമുണ്ടായിരുന്നു.
ഗുരുവായൂർ ഏകാദശിക്ക് ഗുരുപവന പുരിയിൽ ദ്വാദശി പണം സ്വീകരിക്കാനെത്തുന്ന ഇരിങ്ങാലക്കുട ഗ്രാമത്തിലെ അഗ്നിഹോത്രിയായിരുന്നു ബ്രഹ്മശ്രീ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് .
ഭാരതീയ യജ്ഞ സംസ്കാരത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഈ മഹാ പണ്ഡിതൻ്റെ നാമം കാലം തങ്ക ലിപികളാൽ എഴുതട്ടെ.
മഹാദേവ ഭക്തനായ മഹാ പണ്ഡിതനു അനന്തകോടി പ്രണാമം…