Breaking News

ആശാനും അരങ്ങേറ്റവുമില്ലാതെ മേളനിരയിലെത്തിയ താളക്കാരന്‍

കൊടകര :  ആശാനും അരങ്ങേറ്റവുമില്ലാതെ പൂരപ്പറമ്പുകളിലെ മേളനിരയില്‍ ഇലത്താളക്കാരനായെത്തിയ കലാകാരനാണ് വ്യാഴാഴ്ച  അന്തരിച്ച കൊടകര നാരായണന്‍ നായര്‍.  വടമ മേക്കാട്ട്  അത്തക്കുടത്ത് നാരായണന്‍നായരുടേയും കൊടകര കുണ്ടനാട്ട് പാറുവമ്മയുടേയും മകനായി ജനിച്ച നാരായണന്‍ നാലാംതരംവരെമാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയുള്ളൂ. തുടര്‍ന്ന് ആനക്കാരനായിരുന്ന അമ്മാവന്‍മാരായ വേലുനായര്‍, രാമന്‍നായര്‍,അനിയന്‍നായര്‍ എന്നിവര്‍ക്കൊപ്പം  നെട്ടിശ്ശേരിയില്‍ കുറേക്കാലം താമസിച്ച്  പണ്ടാരവക ചന്ദ്രശേഖരന്‍, കുട്ടിശങ്കരന്‍ എന്നീ ആനകള്‍ക്ക് ആനപ്പണിചെയ്തിട്ടുണ്ട്.

പിന്നെ തിരിച്ച് കൊടകരയിലെത്തിയ നാരായണന്‍ പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ ജീവനക്കാരനായി. 13 വയസ്സില്‍ നന്തിപുലം പയ്യൂര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മാണിക്യന്‍ വെളിച്ചപ്പാടാണ് ഇലത്താളവും വാങ്ങിക്കൊടുത്ത്് പാനപ്പറക്ക് ഇലത്താളക്കാരനായി വിളിച്ചത്.  കിഴക്കേകുമരഞ്ചിറ,  കുറുമാലിക്കാവ് , കുണ്ടുക്കാവ് ,മാപ്രാണം വരിക്കശ്ശേരി ക്ഷേത്രങ്ങളിലും പാനപ്പറയോഗങ്ങളില്‍ പ്രവര്‍ത്തിച്ചു.

കൊടകര പൂനിലാര്‍ക്കാവിലെ അടിയന്തിരക്കാരനായിരുന്ന പോറോത്ത് നാരായണമാരാര്‍ക്കൊപ്പം ചെണ്ടയും തിമിലയുമൊക്കെ തോളിലേന്തി കിലോമീറ്ററുകള്‍ നടന്നാണ് ക്ഷേത്രസന്നിധികളിലെത്തിയിരുന്നത്. മേളപ്രമാണിമാരായിരുന്ന തൃപ്പേക്കുളം അച്ചുതമാരാര്‍,ചക്കംകുളം അപ്പുമാരാര്‍,പോറാത്ത് രാമമാരാര്‍  എന്നിവരുടെ മേളങ്ങളില്‍ അനവധികാലം പ്രവര്‍ത്തിച്ചു. ,  അന്നത്തെ പ്രധാനഇലത്താളക്കാരനായിരുന്ന ആന്തപ്പിള്ളിഗോപാലന്‍നായര്‍ക്കൊപ്പവും ധാരാളം പൂരങ്ങളില്‍ പങ്കെടുത്തു.

പുത്തുകാവ്, കൂടല്‍മാണിക്യം, ആറാട്ടുപുഴ, പെരുവനം, എടക്കുന്നി, തറയ്ക്കല്‍, വെട്ടുകുന്നത്തുകാവ് ,കണ്ണമ്പുഴ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളില്‍ പൂരങ്ങളിലും ഉത്സവകളിലും വേലകളിലുമൊക്കെ പങ്കെടുത്തു.  ‘താളായനം’ എന്ന പേരില്‍ കൊടകരയില്‍ സംഘടിപ്പിച്ച അശീതി ആഘോഷത്തില്‍ പാമ്പുമേക്കാട്ട് മനയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി  ഇദ്ദേഹത്തെ സുവര്‍ണഹാരമണിയിച്ചിരുന്നു. വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ മേളകലാസംഗീതസമിതിയുടെ സുവര്‍ണമുദ്ര നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനാണ് നാരായണന്‍ നായര്‍ക്ക് സമര്‍പ്പിച്ചത്.

പയ്യൂര്‍ക്കാവ് ദേവസ്വം സുവര്‍ണമുദ്ര, പൂനിലാര്‍ക്കാവ് സുവര്‍ണമുദ്ര എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മേളകലാരംഗത്തെ പ്രമുഖരായ പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍, കലാമമ്ഡലം ശിവദാസന്‍, കീഴൂട്ട് നന്ദനന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ എബിജോര്‍ജ്, ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, ബി.ജെ.പി സംസ്ഥാനസെക്രട്ടറി എ.നാഗേഷ്, ജില്ലാപ്രസിഡണ്ട് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി.സി. സുരേഷ്, ജന്മഭൂമി ബ്യൂറോ ചീഫ് ടി.എസ്. നീലാംബരന്‍, ഗ്രാമിക അക്കാദമി ഡയറക്ടര്‍ പി.കെ.കിട്ടന്‍, രഘുനാഥ് സി മേനോന്‍ തുടങ്ങി വിവിധമേഖലകൡനിന്നും നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!