Breaking News

കൊടകരയിലെ കൈപ്പിള്ളി വീട്ടിലേക്ക് കാഠ്മണ്ഡുവില്‍ നിന്നൊരു രാജ്യാന്തര സ്വര്‍ണ്ണം…

ശ്രീജിത്ത് സുകുമാരന്‍ സ്വര്‍ണം നേടിയത്  വുഷു കിക്ക്‌ബോക്‌സിംഗില്‍
കൊടകര : ഇന്ത്യ-നേപ്പാള്‍  ഇന്‍വിറ്റേഷണല്‍ ഇന്റര്‍നാഷണല്‍ വുഷു കിക്ക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി കൊടകര സ്വദേശി ശ്രീജിത്ത് സുകുമാരന്‍. നേപ്പാളിലെ കാഠ്മണ്ഡുവില്‍നടന്ന മത്സരത്തില്‍ 90 കിലോ ഫൈറ്റിങ്ങ് വിഭാഗത്തിലാണ് ശ്രീജിത്ത് സ്വര്‍ണം നേടിയത്. നേപ്പാളിലെ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ്  ഡെവലപ്പമെന്റ് ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഡെവലപ്പമെന്റ് അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിച്ച   ചാമ്പ്യന്‍ഷിപ്പാണിത്.
കൊടകര അമ്പാടി ലെയിന്‍ കൈപ്പിള്ളി സുകുമാരന്റേയും അനിതയുടേയും മകനാണ് ശ്രീജിത്ത്. പേരാമ്പ്ര സരസ്വതി വിദ്യാനികേതനില്‍ പ്ലസ് ടു  പഠനം പൂര്‍ത്തിയാക്കിയ ശ്രീജിത്ത് സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിന്റെ രണ്ടാം വര്‍ഷംമുതലാണ് വുഷു ബോക്‌സിംഗ് എന്ന ആയോധനകലയില്‍ പരിശീലനം തുടങ്ങിയത്.
കോളേജിലെ സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പോള്‍ചാക്കോയുടെ പ്രോത്സാഹനം ശ്രീജിത്തിന് ഏറെ പ്രചോദനമായി. ഇപ്പോള്‍ ഫൈനല്‍ ഡിഗ്രി കഴിഞ്ഞ്  ഫലം കാത്തിരിക്കുകയാണ്. വുഷുവിനെക്കുറിച്ച് ആദ്യം അറിയുന്നതും ബാലപാഠങ്ങള്‍ പഠിക്കുന്നതും സുഹൃത്തുക്കളായ അജിത്ത്, ജോയല്‍ എന്നിവര്‍ മുഖാന്തിരമാണ്.  പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മികച്ച കരാട്ടെ പ്ലെയറായിരുന്നു ശ്രീജിത്ത് .   കോളേജ് തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും  ബോക്‌സിംഗിലും കരാട്ടെയിലും വടംവലി മത്സരത്തിലും സംസ്ഥാനതലത്തില്‍  ശ്രീജിത്ത്  പങ്കെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഗോവയില്‍ നടന്ന വുഷു നാഷണല്‍ ലെവല്‍ മത്സരത്തില്‍ ശ്രീജിത്ത് ചാമ്പ്യനായിരുന്നു. വുഷു ബോക്‌സിംഗിലെ സാന്റ വിഭാഗത്തിലാണ് ശ്രീജിത്ത് സ്വര്‍ണം നേടിയത്. ശ്രീജിത്തിനെ കൂടാതെ തൃശൂര്‍ കാരമുക്ക് സ്വദേശി യേശുദാസ്, മലപ്പുറം സ്വദേശി എ.പി.ഗാരിഷ്, തൃശൂര്‍ സ്വദേശി വിഷ്ണു.യു.ആര്‍, കൂളിമുട്ടം സ്വദേശി ഷാനു.കെ.ആര്‍  എന്നിങ്ങനെ  5 പേരാണ് കേരളത്തില്‍നിന്നും  വുഷു ബോക്‌സിംഗിന്റെ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചത്. ഇവര്‍ക്കെല്ലാവര്‍ക്കും ഗോല്‍ഡ് മെഡലാണ് ലഭിച്ചിട്ടുള്ളത്.
കാരമുക്ക് സ്വദേശിയായ ഇ.എസ് അനീഷാണ് ശ്രീജിത്തിന്റെ കോച്ച്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അധികമറിയാതിരുന്നതും ഇപ്പോള്‍ കൂടുതല്‍ പ്രചാരമേറിക്കൊണ്ടിരിക്കുന്ന  വുഷു കിക്ക് ബോക്‌സിംഗില്‍ ഇന്ത്യക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് ശ്രീജിത്തും കൂട്ടുകാരും ഒപ്പം നാട്ടുകാരും…
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!