Breaking News

ബാര്‍ബര്‍ഷോപ്പു തുറന്നു, ബാര്‍ ഉടന്‍ തുറക്കും; മുടിയന്‍മാര്‍ക്കും കുടിയന്‍മാര്‍ക്കും ആശ്വാസം

ലോക്ക്ഡൗണിനുശേഷം ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിച്ചപ്പോള്‍ മാസ്‌ക്ധരിച്ചും അകലം പാലിച്ചും ഹെയര്‍കട്ടിങ്ങ് നടത്തുന്നു.

കൊടകര:രണ്ടുമാസത്തോളമായി അടച്ചിട്ട ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നതോടെ മുടി ഏറെ വളര്‍ന്ന മുടിയന്‍മാര്‍ക്കും മദ്യശാലകള്‍ ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ മദ്യം കിട്ടാതെ വെമ്പല്‍കൊള്ളുന്ന കുടിയന്‍മാര്‍ക്കും ആശ്വസം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിയാണ് ഇന്നലെ രാവിലെ മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. പലയിടത്തും പുതുഷോപ്പിന്റെ ഉദ്ഘാടനപ്രതീതിയിലായിരുന്നു തുടക്കം. ബാര്‍ബര്‍ഷോപ്പുകള്‍ ഇന്നലെ രാവിലെ തുറന്നമുതലേ ധാരാളം പേരാണ് മുടിവെട്ടാനും ഷേവിങ്ങിനുമായെത്തിയത്. ഒരേ സമയം 2 പേരില്‍ കൂടുതല്‍ കാത്തിരിക്കാന്‍ പാടില്ലാത്തതിനാല്‍ ഒന്നിച്ചവന്നവരെ മടക്കിയയച്ചു വേറെ സമയം നല്‍കിയാണ് വരുത്തിയത്. ഫേഷ്യല്‍ സംവിധാനങ്ങള്‍ നടത്തിയില്ല. ശീതീകരിച്ച മുറികളിലോ സംവിധാനങ്ങളിലോ പ്രവര്‍ത്തിക്കാതെയായിരുന്നു തുറന്നത്. ഉപകരണങ്ങള്‍ അണുമുക്തമാക്കിയശേഷമാണ് കടകളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജോലിക്കാര്‍ മാസ്‌കു ധരിച്ചാണ് പ്രവൃത്തിച്ചത്. മുടിവെട്ടാന്‍ കടകളിലെത്തിയവര്‍ പലരും തൂവാല കൊണ്ടുവന്നിരുന്നു.പലരും ഫോണ്‍ വഴി ബുക്കിങ്ങ് നടത്തിയാണ് കടകളിലെത്തിയത്. ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നതോടെ അന്യസംസ്ഥാനത്തുനിന്നെത്തി ബാര്‍ബര്‍ഷോപ്പുകളില്‍ ജോലിചെയ്യുന്ന യുവാക്കളും സജീവമായി. ഷോപ്പുകള്‍ തുറന്ന് ഏതാനംദിവസം പണിചെയ്തതിനുശേഷം നാട്ടിലേക്ക് പോകാമെന്നു കണക്കുകൂട്ടുന്നവരാണിവര്‍.

മദ്യശാലകള്‍ ഉടന്‍തന്നെ കൊറോണനിയന്ത്രണങ്ങള്‍ക്കു വിധേയമായി തുറക്കുമെന്ന അറിയിപ്പോടെ കുടിയന്‍മാരും ഏറെ പ്രതീക്ഷയിലാണ്. 2 മാസത്തോളമായി മദ്യം ലഭിക്കാത്തതിനാല്‍ പല കുടിയന്‍മാരും നിയന്ത്രണത്തിലായെങ്കിലും ഇനിയും മദ്യം കിട്ടാത്തതിനാല്‍ രാവിലെതന്നെ വിറയല്‍ വരുന്നവരും ഇല്ലാതില്ല. ഇവര്‍ കഴിഞ്ഞ 2 ദിവസമായി ബിവറേജിന്റെയും ബാറിന്റേയും മുന്‍വശത്തെത്തിക്കൊണ്ടിരിക്കയാണ്.ഇന്നുതുറക്കും നാളെ തുറക്കും എന്ന കാത്തിരിപ്പിലാണിവര്‍. സംസ്ഥാനത്ത് കഴിഞ്ഞദിവസം മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നത് ഇവര്‍ക്ക് താല്‍ക്കാലികാശ്വാസമായെങ്കിലും മദ്യശാലകളിലാണ് ഇത്തരക്കാരുടെ കാത്തിരിപ്പ്. രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. തുറക്കുന്ന ദിവസം മദ്യശാലകള്‍ക്കുമുമ്പില്‍ രാവിലെ തന്നെ സീറ്റുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മദ്യപന്‍മാര്‍. ഓണ്‍ലൈന്‍സംവിധാനത്തിലൂടെയാണ് മദ്യം വില്‍പ്പനനടത്തുക.

മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ സജ്ജമാകാത്തതാണ് മദ്യവിതരണം വൈകാന്‍ കാരണം. സജ്ജമായിരുന്നെങ്കില്‍ ഇന്നലെ മുതലേ തുടങ്ങാന്‍ സാധിക്കുമായിരുന്നു. ആപ്പിന്റെ ട്രയല്‍ പൂര്‍ത്തിയായിശേഷമേ മദ്യം പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിതരണം ചെയ്യാനാകൂ. ഇന്ന് ബാറുകളുടെ വിവരങ്ങള്‍ ക്രമീകരിക്കുകപോലുള്ള നടപടികളും നാളെ ട്രയല്‍റണ്ണും നടത്തും.തുടര്‍ന്ന് ശനിയാഴ്ച യോ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് സാധ്യത. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ഉള്‍പ്പെടെയുള്ള 301 മദ്യശാലകളും ഒന്നിച്ചു തുറക്കാനാണ് തീരുമാനം. ബാറുകളിലും പ്രത്യേകകൗണ്ടറിലൂടെ മദ്യംവിതരണം ചെയ്യും. സംസ്ഥാനത്തെ 955 ഓളം ബാറുകളിലെ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നല്‍കും. ഇതില്‍ 598 ബാറുകളും 357 ബിയര്‍വൈന്‍ഷോപ്പുകളുമാണ്. സര്‍ക്കാര്‍ മദ്യശാലകളിലും ബാറുകളിലും ഒരേനിരക്കിലായിരിക്കും വില്‍പ്പന.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!