Breaking News

മറഞ്ഞത് മലയാളത്തിന്റെ  പ്രാദേശിക ചരിത്രകാരന്‍  

പ്രാദേശിക ചരിത്രഗ്രന്ഥകാരന്‍ എം.പി.നാരായണ പിഷാരടി

കോടാലി : പ്രാദേശിക ചരിത്രഗ്രന്ഥകാരനും റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാരുമായ കോടാലി മാങ്കുറ്റിപാടം പിഷാരത്ത് എം.പി.നാരായണ പിഷാരടി(അനിയന്‍-82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലുള്ള  മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയോരമേഖലാ പഠനം, മുന്‍ കൊച്ചി രാജ്യത്തെ കേട്ടറിവുകള്‍’, തൃശൂര്‍ ജില്ലാ ഡയറക്ടറി, കഥ പറയുന്ന മണ്ണ്, എന്റെ ജീവിത ദര്‍ശനം, മഹാക്ഷേത്രങ്ങളില്‍, മുകുന്ദപുരത്തെ മൂന്ന് പടിവാതിലുകള്‍’, തിരഞ്ഞെടുത്ത ലേഖനങ്ങള്‍, നാലമ്പലങ്ങളും ആറീശ്വരങ്ങളും’,  മറ്റത്തൂര്‍ ഡയറക്ടറി, കാലം ചെന്ന കച്ചങ്ങളും കക്ഷകങ്ങളും,  കേരള ചരിത്ര നിഘണ്ടു, ചാലക്കുടി ഡയറക്ടറി എന്നിങ്ങനെ ഒട്ടനവധി ചരിത്ര-പഠന കൃതികളുടെ രചയിതാവാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. സംസ്‌കാരം  ഉച്ചതിരിഞ്ഞ് 2.30 ന്  ന് വീട്ടുവളപ്പില്‍. ഭാര്യ : സാവിത്രി. മക്കള്‍ : ഡോ കൃഷ്ണന്‍, ഡോ മാധവന്‍, ലക്ഷ്മി (ഡല്‍ഹി).  മരുമക്കള്‍ : ആശ, ജ്യോല്‍സ്‌ന, അരവിന്ദ് കൃഷ്ണന്‍ (ഡല്‍ഹി)

നാട്ടുചരിത്രങ്ങളെ അക്ഷരങ്ങളിലേയ്ക്ക് ആവാഹിച്ച അതുല്യ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച എം.പി.നാരായണ പിഷാരടി. കൊടകര കാവില്‍ പിഷാരത്ത് കൃഷ്ണപിഷാരടിയുടേയും കോടാലി മാങ്കുറ്റിപ്പാടം പിഷാരത്ത്് നാനിക്കുട്ടി പിഷാരസ്യാരുടേയും മകനായി 1940 ലാണ് പിഷാരടിയുടെ ജനനം. കോടാലിയിലും മൂന്നുമുറിയിലും കൊടകരയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ സാഹിത്യസമാജങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രസംഗം ,ലേഖനം,സാഹിത്യവിമര്‍ശനങ്ങള്‍ എന്നിവയായിരുന്നു വിഷയം. തുടര്‍ന്ന് ലാന്റ്് റവന്യൂ കോഴ്‌സ് പാസ്സായി.  വ്യാഴവട്ടക്കാലം കോടാലിയിലെ കെ.സി.സി.പി വായനശാലയുടെ അമരക്കാരനായിരുന്നു. റവന്യൂ വകുപ്പു ജീവനക്കാരനായി 1995 ല്‍ വിരമിച്ച ഇദ്ദേഹം സര്‍വീസ് സംഘടനകളിലും ഭാരവാഹിത്വം വഹിച്ചു. കോടാലിയിലെ ധര്‍മശാസ്താട്രസ്റ്റിന്റെ  മുഖ്യസംഘാടകനായിരുന്നു.  കൊടകര- ചാലക്കുടി എന്നീ മലയോരമേഖലയെ പറ്റിയുള്ള പഠനമാണ് ഇദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം.
കൂടാതെ ‘മുന്‍ കൊച്ചി രാജ്യത്തെ കേട്ടറിവുകള്‍’, തൃശൂര്‍ ജില്ലാ ഡയറക്ടറി, റവന്യൂ പൊതുഭരണത്തെ പ്രതിപാദിക്കുന്ന കഥ പറയുന്ന മണ്ണ്, എന്റെ ജീവിത ദര്‍ശനം, കന്യാകുമാരിമുതല്‍ ഗോകര്‍ണ്ണം വരെയുള്ള ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന ‘മഹാക്ഷേത്രങ്ങളില്‍’,  കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ നഗരാതിര്‍ത്ഥികളെ അപഗ്രഥിക്കുന്ന മുകുന്ദപുരത്തെ മൂന്ന് പടിവാതിലുകള്‍’, മലയാളത്തിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക ചരിത്ര പഠനമായ ‘തിരഞ്ഞെടുത്ത ലേഖനങ്ങള്‍’,  വൈദിക സാഹിത്യ കൃതിയായ ‘നാലമ്പലങ്ങളും ആറീശ്വരങ്ങളും’, മലയോരഗ്രാമമായ മറ്റത്തൂരിനെ വിവരിക്കുന്ന മറ്റത്തൂര്‍ ഡയറക്ടറി, കാലം ചെന്ന കച്ചങ്ങളും കക്ഷകങ്ങളും, എ.ഡി 1900 – 2011 വരെയുള്ള 101 വര്‍ഷത്തെ കേരള ചരിത്ര നിഘണ്ടു, ചാലക്കുടി ഡയറക്ടറി എന്നിങ്ങനെ ഇദ്ദേഹത്തിന്റെതായി  ഒട്ടനവധി ഗ്രന്ഥങ്ങളാണുള്ളത്.
ആനുകാലികങ്ങളില്‍ പതിറ്റാണ്ടുകളായി നാട്ടറിവുകളും കലയും സംസ്‌ക്കാരവുമായി ബന്ധപ്പെട്ടും ഒട്ടനവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള പിഷാരടി മറ്റത്തൂര്‍ പഞ്ചായത്തിലെ സാംസ്‌ക്കാരിക രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. കൊറോണ മഹാമാരി നടമാടിയ   ദുരിതനാളുകള്‍ക്കിടയിലും പിഷാരടി  എന്റെ സ്വത്വാന്വേഷണ കഥകള്‍, പോക്കറ്റില്‍ ഒതുങ്ങുന്ന ഇന്ത്യാചരിത്രം (തമിഴ് പരിഭാഷ), കേരളത്തിന്റെ സ്ഥലചരിത്രകോശം എന്നിങ്ങനെ മൂന്ന് പുസ്തകങ്ങള്‍  രചിച്ചിരുന്നു. ഇവയാണ്  എം. പി. എന്‍ പിഷാരടിയുടെ പുതു കൃതികള്‍. ശ്രവണമതവും അമ്പലവാസികളും ക്ഷേത്രോത്സവങ്ങളും അനുഷ്ഠാനകലകളുമൊക്കെയായി കേരളസംസ്‌കൃതിയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന   എന്റെ  സ്വത്വാന്യോഷണ കഥകള്‍ എ.പി.എന്നിന്റെ  പതിനഞ്ചാമത്തെ കൃതിയാണ്.
ചില സ്വത്വാന്യോഷണങ്ങള്‍, മുത്തുപ്പട്ടണവും മാണിക്യപട്ടണവും, പൂരാഘോഷങ്ങളുടെ ശ്രവണപ്പഴമ, രംഗങ്ങളും ബന്ധങ്ങളും, അനുഷ്ഠാനകലകള്‍, മറ്റത്തൂരിലെ മഹാഭാരതം, സ്തലനാമസൂചികകള്‍, പ്രളയം , തൃശൂര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായതിന്റെ നാള്‍വഴികള്‍ എന്നിവയാണ്  ഇതിലൂടെ പിഷാരടി വരച്ചിട്ടത്.
വിശ്രമജീവിതത്തിനിടയിലും വാര്‍ദ്ധക്യ സഹജമായ വയ്യായ്മകള്‍ വകവെക്കാതെ  കഥയും ചരിത്രാന്വേഷണവുമായി മലയോര ഗ്രാമമായ മറ്റത്തൂരിലെ സാംസ്‌ക്കാരിക വേദികളില്‍ നാരായണ പിഷാരടി  എന്ന നാട്ടുകാരുടെ സ്വന്തം അനിയേട്ടന്‍ നിറസാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡെല്‍ഹിയില്‍ മകളുടെയടുത്തായിരുന്നു താമസം. അടുത്തമാസം നാട്ടിലേക്ക് തിരിക്കാനിരിക്കയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!