കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോക-ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളും വായനക്കാരും പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് കത്തുകളെഴുതി. ഗവ. നാഷണല്‍ ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകത്തിലെ രചയിതാക്കള്‍ക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കി അയച്ചത്. എം ടി വാസുദേവന്‍ നായര്‍, റഫീഖ് അഹമ്മദ്,സുഭാഷ് ചന്ദ്രന്‍,സുസ്‌മേഷ് ചന്ത്രോത്ത്, പെരുമ്പടവം ശ്രീധരന്‍, പ്രിയ എ.എസ്, അംബികാസുതന്‍ മാങ്ങാട്, വിജയലക്ഷ്മി, ഇ. സന്തോഷ് കുമാര്‍, യു.കെ കുമാരന്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ക്കാണ് കത്തുകള്‍ തയ്യാറാക്കി അയച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. മെമ്പര്‍ എം.എം ഗോപാലന്‍, അധ്യാപിക ഷീലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ സിബി സി ഡി സ്വാഗതവും ലൈബ്രേറിയര്‍ സുഷമ ടി ശാന്തന്‍ നന്ദിയും പറഞ്ഞു.