കൊടകര : മലയാളിയുടെ ഓണസന്ധ്യകളെ കോരിത്തരിപ്പിച്ച പഴയകാല ഓണംകളിക്ക് പുനര്‍ജന്മമേകി പുലരി ചന്ദ്രനും തേശ്ശേരി നാരായണനും നയിക്കുന്ന ഓണംകളി കൂട്ടായ്മ ശ്രദ്ധേയമാകുന്നു. അരനൂറ്റാണ്ടു മുമ്പത്തെ ഓണംകളിയുടെ താളവും ഈണവും ചുവടുകളും ഒട്ടുചോര്‍ന്നുപോകാതെ 25 ഓളം സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന കൂട്ടായ്മയാണ് ഈ ഓണക്കാലത്ത് ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുന്നത്.

50 വയസ്സുമുതല്‍ 80 വയസ്സുവരെയുള്ളവര്‍ സംഗമിക്കുന്ന ഓണംകളി സംഘം പുനര്‍ജനി’ എന്ന പേരിലാണ് വേദികളിലെത്തുന്നത്. 1966 മുതല്‍ ഓണംകളിയുടെ പ്രയോക്താവും പ്രചാരകനുമാണ് കിഴക്കേ കോടാലി കളപ്പുരയ്ക്കല്‍ ചന്ദ്രന്‍ എന്ന പുലരി ചന്ദന്‍ . മലയോരഗ്രാമമായ മറ്റത്തൂരിലെ കിഴക്കേകോടാലിയില്‍ 50 വര്‍ഷം മുമ്പ് മാട്ടി വേലായുധനും മൂലേക്കാടന്‍ ചന്ദ്രികയും ഉള്‍പ്പെടുന്ന ഓണംകളി സംഘത്തിന്റെ അരങ്ങുകളാണ് ചന്ദ്രനെ ഓണംകളിരംഗത്ത് ചുവടുറപ്പിക്കാന്‍ കളമൊരുക്കിയത്.
മാട്ടി വേലായുധന്റെ ശിക്ഷണത്തില്‍ അന്ന് ചന്ദ്രനും കൂടെ 17 കുട്ടികളും ചേര്‍ന്ന്് ഓണം കളി അഭ്യസിച്ചു. ആ വര്‍ഷം തന്നെ അരങ്ങേറ്റവും നടത്തി. ആദ്യമായി ചന്ദ്രന്‍ ഓണംകളി മത്സരത്തില്‍ പങ്കെടുക്കുന്നത് 1975 ലാണ്. അന്നൊക്കെ പുരുഷന്‍മാരും വനിതകളും ചേര്‍ന്നതാണ് ഓണംകളി ടീം. അതേ വര്‍ഷം കോടാലി ചന്ദ്രന്‍ ആന്റ് പാര്‍ട്ടി എന്ന പേരില്‍ 27 പേരടങ്ങിയ കൂട്ടായ്മ ഉണ്ടാക്കി. അക്കാലത്ത് ചിങ്ങം, കന്നി മാസങ്ങളിലായി മുപ്പതോളം വേദികളില്‍ ചന്ദ്രനും സംഘവും നിറഞ്ഞാടി.
കേരളത്തില്‍തന്നെ ഓണംകളി ടീമിന് ആദ്യമായി യൂണിഫോം ഉണ്ടാക്കിയത് ചന്ദ്രന്റെ ഉദ്യമമായിരുന്നു. ചുവന്ന ലുങ്കി, പച്ച ബനിയന്‍, തലയില്‍ കെട്ടാന്‍ ചുവന്ന റിബണ്‍. പിന്നീട് ചന്ദ്രന്റെ സംഘം പുലരി കലാഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അന്ന്തൃശൂര്‍, എറണാകുളം ജില്ലകളിലായി ഒട്ടനവധി വേദികള്‍ ഇവര്‍ക്കു കിട്ടി. അക്കാലത്ത് പുലരി കലാഭവനെ കൂടാതെ തേശ്ശേരി നാരായണന്‍ ആന്റ് പാര്‍ട്ടി , കൈരളി കലാഭവന്‍ നായരങ്ങാടി, ഫ്രണ്ട്സ് കലാവേദി കുണ്ടുകുഴിപ്പാടം, കലാകൈരളി തേശ്ശേരി, ഡിസ്‌കോ കലാഭവന്‍ ചെട്ടിച്ചാല്‍, ഇടിവാള്‍ സുബ്രന്‍ മൂലംകുടം എന്നിങ്ങനെ അമ്പതില്‍ പരം ടീമുകള്‍ സജീവമായിരുന്നു. ഉച്ചക്ക് 2 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2 വരെയായിരുന്നു അന്നത്തെ മത്സരം.
യാത്രാബത്ത മാത്രം വാങ്ങിക്കൊണ്ടാണ് അന്ന് ഓണംകളിക്കു പോയിരുന്നത്. ഇരുപതോളം റൗണ്ട് കളിക്കേണ്ടിവരും. രാമായണം.ഭാരതം, ദക്ഷയാഗം, കചദേവയാനി ,പാലാഴി മദനം, അയ്യപ്പജനനം എന്നീ കഥകളാണ് പാട്ടുകളായി അവതരിക്കുക. മുക്കണ്ണന്‍, ചെമ്പട, തന്നാളം ,രൂപകം, വരവീണ എന്നിവയാണ് ചുവടുകള്‍. ഒന്നരപ്പതിറ്റാണ്ടിലേറെയായി ഓണംകളിയുടെ ഈണവും താളവും അന്യമായിക്കൊണ്ടിരിക്കുകയാണ്.
പഴമയുടെ ഈ പെരുമയെ തിരികെപിടിച്ചിരിക്കയാണ് ഇപ്പോള്‍ പുലരി ചന്ദ്രനും നാരായണനും ഉള്‍പ്പെട്ട സംഘം. പുതുതലമുറയിലെ 48 കാരനായ പേരാമ്പ്ര മാധവന്‍ മുതല്‍ ശതാഭിഷേകം പിന്നിട്ട കുണ്ടോളി ശങ്കരന്‍ വരെ പുനര്‍ജനി കൂട്ടായ്മയിലുണ്ട്. ഈ ഓണത്തോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച പറവൂരിലായിരുന്നു ആദ്യ കളി. തിരുവോണദിനമായ ഇന്ന് ആളൂര്‍ ആനത്തടത്തും നാളെ കൊടകര വെല്ലപ്പാടിയിലുമാണ് ഇവരുടെ ഓണഅരങ്ങുകള്‍.
ചതയദിവസം ആളൂര്‍ എടത്താടന്‍ സ്‌കൂളിലും മലയാറ്റൂരിലുമാണ് ഏറ്റിരിക്കുന്നത്. തേശ്ശേരി നാരായണന്‍, ഉഷ കൊടുങ്ങല്ലൂര്‍ ,പ്രസന്ന കൊടുങ്ങല്ലൂര്‍, ഉഷ പേരാമ്പ്ര ,സുധി വടമ, രവി കാരാപ്പാടം, മാധവന്‍ പേരാമ്പ്ര എന്നിവരാണ് കൂട്ടായ്മയിലെ ഓണംകളി പാട്ടുകാര്‍.
കൊടകര ഉണ്ണി