ഭവനഭേദനം ചെയ്ത് ബലാല്‍സംഗത്തിനു മുതിര്‍ന്ന അക്രമിയോട് ഗൃഹനാഥന്‍ പറഞ്ഞുപോലും; നിങ്ങളപ്പുറത്ത് എന്റെ ചേട്ടന്റെ വീട്ടിലേയ്ക്കു ചെല്ലൂ. ഇവിടുത്തെ കുട്ടിയേക്കാള്‍ ചെറുപ്പമാണ് അവിടുത്തെ കുട്ടി…
പാരിസ്ഥിതിക പ്രാധാന്യത്തില്‍ സൈലന്റ്‌വാലിയേക്കാള്‍ ചെറുതാണുപോലും അതിരപ്പിള്ളിക്കാടുകള്‍. ആകയാല്‍ പാത്രക്കടവിനെ വെറുതെവിട്ട് അതിരപ്പിള്ളിയില്‍ അണക്കെട്ടുണ്ടാക്കിക്കോളൂയെന്ന് ആര്‍.വി.ജി. മേനോനെപ്പോലുള്ള പഴയ പരിഷത് ബുദ്ധിജീവികള്‍ സര്‍ക്കാരിനെ ഉദാരമായി ഉപദേശിച്ചു കൊണ്ടിരുന്ന നാളുകളിലായിരുന്നു മോഹന്‍ദാസ് മാഷിന്റെ തിരുനാവില്‍നിന്നും ആ ക്രൂരഫലിതം പുറപ്പെട്ടത്; എന്റെ മകളെ വെറുതേവിട്ട്, അവളേക്കാള്‍ ചെറുപ്പമായ ചേട്ടന്റെ മകളെ നശിപ്പിച്ചോളൂ!
നിശ്ശബ്ദമായൊരു നാട്ടുമാവു വിപ്ലവത്തിന്റെ നായകനെന്ന നിലയില്‍ മാവിസ്റ്റ് എന്നൊരു ചെല്ലപ്പേരുണ്ട് എം. മോഹന്‍ദാസിന്. സരസ്വതി വിളയാടുന്ന നാവാകയാല്‍ ഒരു വി.കെ.എന്‍ കഥാപാത്രമായി അയാള്‍ സുഹൃത്തുക്കള്‍ക്കനുഭവപ്പെടും. ഷഷ്ടിപൂര്‍ത്തിയിലെത്തിയിട്ടും യൗവ്വനം വിട്ടുപോരാത്ത മനസ്സ്.
പാരമ്പര്യസിദ്ധമാണ് മോഹന്‍ദാസ് മാഷിന് കര്‍മനിരത. കൊടകരയിലെ മനക്കുളങ്ങര മലയാറ്റില്‍ വീട് കാവ്യചരിത്രത്തില്‍ ഇടംനേടിയത് പ്രപിതാമഹന്‍ ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവിന്റെ പേരിലായിരുന്നു. കൊടുങ്ങല്ലൂര്‍ക്കളരിയിലെ പുകഴ്‌പെറ്റ കവി. വൈദ്യന്‍. തീപ്പൊള്ളലിന്റെ ചികിത്സയിലായിരുന്നു സ്‌പെഷ്യലൈസേഷന്‍. തൊട്ടുകൂടായ്മ കൊടികുത്തിയ കാലത്തും കൂസലെന്യേ ചെറുമക്കുടികളില്‍ ദൈവദൂതനെപ്പോലെ സിദ്ധൗഷധങ്ങളുമായി കടന്നുചെന്ന മനുഷ്യസ്‌നേഹി…
പറപ്പൂക്കര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു കൃഷ്ണന്‍ കര്‍ത്താവ്. കല്ലേപ്പിളര്‍ക്കുന്ന കല്പനകളായിരുന്നു പഞ്ചായത്ത് കോടതിയില്‍ അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍. നെടുമ്പാള്‍ അക്കാലം അവിടവിടെ കരകള്‍ തെളിഞ്ഞ ജലപ്രകൃതിയായിരുന്നു. കോന്നിപ്പുലം പാടത്തും തൊട്ടിപ്പാള്‍ പാടത്തും രണ്ടു ചിറകള്‍ നിര്‍മ്മിച്ച് അദ്ദേഹം പുറംലോകവുമായുള്ള വിനിമയങ്ങള്‍ സാധ്യമാക്കിത്തീര്‍ത്തു. മാഞ്ഞാംകുഴി ചിറയുണ്ടാക്കി ജലസേചനം സാധ്യമാക്കിയ അദ്ദേഹത്തിന്റെ
ഭഗീരഥ പ്രയത്‌നമായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന് ജലസേചനമെഴുതാനുണ്ടായ കാവ്യപ്രചോദനം. കാവ്യലോകസ്മരണകളില്‍ കവി അത് തുറന്നെഴുതി.
കര്‍ത്താവ് കൃഷ്ണന്‍
കിടയറ്റ കാവ്യകര്‍ത്താവ്
ഈ കാഴ്ച കണ്ടുവന്നാല്‍
എത്ര കാവ്യമുള്‍ത്താരില്‍ വിരിയുക..
മോഹന്‍ദാസ് മാഷ് ഓര്‍മ ചികഞ്ഞ് വൈലോപ്പിള്ളിക്കവിതയില്‍ പിതാമഹശ്രുതി അയവിറക്കുകയായിരുന്നു. മാഷിന്റെ പ്രാചീനഭവനത്തില്‍ അതിഥിയായി ഞാന്‍ ചെന്നുപെട്ട ആദ്യരാത്രി. ചീവീടുകളുടെ അനവരത. തലകീഴായ കടവാവലുകളെപ്പോലെ ദുരൂഹമായ മുറികളിലൊന്നില്‍ കയറാനൊരുങ്ങുമ്പോള്‍ മാഷ് വിലക്കി; കേറണ്ട, പാമ്പുണ്ടാവും…
പാമ്പും പഴുതാരയും നിസ്സംഗംവാഴുന്ന കൊടകരയിലെ ആ തറവാട്ടിലിപ്പോള്‍ തൊണ്ണൂറു പിന്നിട്ട അമ്മ രത്‌നാവതിയ്‌ക്കൊപ്പം മോഹന്‍ദാസ് മാഷുണ്ട്. പഴയ പരിഷത് കാലത്തിന്റെ അവശിഷ്ടങ്ങളായി അവിടെ പുകയില്ലാത്ത അടുപ്പുണ്ട്. ആള്‍മറയുള്ള കിണറ്റില്‍നിന്നും അടുക്കളയിലേയ്ക്ക് തൊട്ടിയിട്ട് കോരിയെടുക്കുന്ന വെള്ളത്തിന്, എന്തു മധുരമെന്നോതാന്‍ വെമ്പുന്ന ശുദ്ധതയുണ്ട്…
കൃഷ്ണന്‍ കര്‍ത്താവിനുശേഷം തറവാടിന്റെ നാഥന്‍ മാഷിന്റെ അച്ഛന്‍ ചങ്ങരംകോത അപ്പുണ്ണി കര്‍ത്താവായിരുന്നു. അപ്പോഴേയ്ക്കും മടിയന്‍ പൂച്ചയെപ്പോലെ മുടിഞ്ഞ ദാരിദ്ര്യം തറവാട്ടില്‍ മുനിഞ്ഞുകൂടിയിരുന്നു. കൊച്ചിശീമയിലെ പതിനെട്ടു കാവുകളിലൊന്നായ കുറുമാലിക്കാവ് കുടുംബക്ഷേത്രത്തില്‍നിന്നും ഭഗവതിയുടെ ഗോളക കടംകൊണ്ടിട്ടും തീരാത്ത ദാരിദ്ര്യം. പണയദ്രവ്യമായ ഗോളക തിരിച്ചെടുക്കാന്‍ അച്ഛന്‍ പ്രതിമാസ വരുമാനമത്രയും തുലച്ചുകൊണ്ടിരുന്നു. കൂനിന്മേല്‍ക്കുരു പോലെ ഭൂപരിഷ്‌കരണം വന്നു. ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമായി. കുടുംബക്ഷേത്രം ദേവസ്വംബോര്‍ഡിന്നധീനമായി. സമാശ്വാസം പോലെ ഭൂപരിഷ്‌കരണനിയമത്തില്‍ മറ്റൊരു വകുപ്പുണ്ടായിരുന്നു. പാട്ടക്കാരന് പാട്ടഭൂമിയില്‍ സ്ഥിരാവകാശം!
അപ്പുണ്ണിക്കര്‍ത്താവ് തച്ചുടയക്കൈമളുടെ പാട്ടക്കാരനായിരുന്നു. ആ വഴിക്കു വന്നുചേര്‍ന്ന പിതൃസ്വത്തിലെ സ്വന്തം ഭാഗധേയത്തില്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അങ്ങനെയങ്ങ് ജീവിച്ചൊടുങ്ങേണ്ടൊരാള്‍ വേറിട്ട കര്‍മപഥങ്ങള്‍ തേടിയ കഥയാണ് എം. മോഹന്‍ദാസിന്റേത്. ജന്മംകൊണ്ട് കവിയായ അയാള്‍ 1982ല്‍ അധ്യാപകവേഷത്തില്‍ എത്യോപ്യയിലേയ്ക്കു പോയി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സംഘര്‍ഷങ്ങളുടേയും ആദ്യപാഠങ്ങള്‍ ആ വറുതിഭൂമിയിലായിരുന്നു. അക്കാലം ഓര്‍മ്മിച്ച് മാഷ് പറഞ്ഞു; ആരണ്യക്കിലെ മാനേജര്‍ ബാബുവിന് സരസ്വതി കുണ്ഡി എന്നൊരു സ്ഥലമുണ്ടായിരുന്നില്ലേ, അതുപോലൊന്ന് എത്യോപ്യയിലുണ്ടായിരുന്നു. ഡസ്‌കിന്റെ ഉയരത്തില്‍ വെള്ളച്ചാട്ടമുള്ള അവിടെച്ചെന്നിരിക്കുമ്പോഴൊക്കെ എനിക്കു സമയബോധം നഷ്ടപ്പെടുമായിരുന്നു. പില്‍ക്കാലത്ത് അതിരപ്പിള്ളിയില്‍ച്ചെന്നിരിക്കുമ്പോഴും സ്വയം ഹിപ്‌നോട്ടൈസ്ഡ് ആവുന്ന ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട്…
തൊള്ളായിരത്തി എണ്‍പത്തെട്ടില്‍ കൊടകരയില്‍ തിരിച്ചെത്തിയിട്ട് അയാളാദ്യം ചെയ്തത് കോളേജ് കാലത്തെ ശാസ്ത്രസാഹിത്യ പരിഷത് ബാന്ധവം തിരിച്ചുപിടിക്കലായിരുന്നു. വൈകാതെ കൊടകരയില്‍ മന്ദാക്രാന്ദാ ലെവലില്‍ക്കിടന്നൊരു പാരലല്‍ കോളേജിന്റെ സാരഥ്യവും ഏറ്റെടുത്തു. പ്രൊവിഡന്‍സ് കോളേജ് അക്ഷരാര്‍ത്ഥത്തില്‍ സമാന്തരസ്വഭാവം കൈവരിക്കുകയായിരുന്നു. രണ്ടായിരത്തി രണ്ടിലൊരുനാള്‍ മാഷ് സ്വന്തം വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നാട്ടിലെ വൃദ്ധജനങ്ങളെ അഭിസംബോധന ചെയ്യുന്നൊരു ചോദ്യാവലി കൊടുത്തയച്ചു. പ്രധാനചോദ്യമിതായിരുന്നു; നിങ്ങളുടെ ആയ കാലത്ത് പുരയിടങ്ങളില്‍ കണ്ട മാവുകളേതൊക്കെയായിരുന്നു?
ഏറെക്കാലമായി മോഹന്‍ദാസിനെ അലട്ടിയ ചോദ്യത്തിന്റെ തനിയാവര്‍ത്തനം. അയാളുടെ ബാല്യസ്മൃതികളിലൊക്കെ കൊടകരമറ്റത്തൂര്‍ പഞ്ചായത്തുകളുടെ തുറസ്സുകളൊക്കെ മാന്തോപ്പുകളായിരുന്നു. ഒരു കാറ്റുണരുമ്പോള്‍ ഒരായിരം മാങ്ങകളുതിരുന്ന മധ്യവേനലുകള്‍. കിളിച്ചുണ്ടന്‍ മാങ്ങകള്‍. പേരയ്ക്ക മാങ്ങകള്‍. തേരട്ട മാങ്ങകള്‍… ഓണക്കാലത്ത് താനിരുന്നൂയലാടിയ മാവിന്‍ചില്ലകള്‍…
കുട്ടികളുടെ ചോദ്യാവലിയെ നേരിട്ടപ്പോള്‍ പഴമക്കാരുടെ ഓര്‍മകള്‍ ചെനച്ചു. തേരട്ടയുടെ മണമുള്ള തേരട്ടമാങ്ങ, പേരയ്ക്കയുടെ മണമുള്ള കിളിച്ചുണ്ടന്‍ മാങ്ങ… ഒക്കെയും അന്യംനിന്നുപോയെന്ന വിലാപങ്ങള്‍. അവയൊക്കെയും വീടുവയ്ക്കാനും ചിതയൊരുക്കാനും വാര്‍ക്കപ്പണി നടത്താനുമായി വെട്ടിപ്പോയതായിരുന്നു. മറ്റത്തൂര്‍ പഞ്ചായത്തില്‍ റബറ് വയ്ക്കാന്‍ മാത്രം ആയിരം മാവുകള്‍ വെട്ടിപ്പോയെന്ന് ഒരാള്‍ പറഞ്ഞു. ആ സര്‍വേ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്ന് അന്യംനിന്ന നാട്ടുമാവുകളുടെ പുനരുജ്ജീവനത്തിനായി അയാളിറങ്ങി. മാവും ആത്മാവും എന്നൊരു ദ്വന്ദം അയാള്‍ കണ്ടു. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ഒരു മാവിന്‍തൈ വയ്ക്കുന്നു. പുരുഷായുസ്സു പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ അതേ മാവ് വെട്ടി ചിതയൊരുക്കുന്നു…
സ്വന്തം സ്വപ്നസാക്ഷാത്കാരത്തിന് ആകെയൊരു പിന്‍ബലം വനംവകുപ്പില്‍ നിന്നും കിട്ടുമെന്നു കരുതിയ ഇരുപത്താറായിരം ഉറുപ്പികയായിരുന്നു. വനംവകുപ്പാസ്ഥാനത്ത് മുഖ്യവനപാലകരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ അതൊരു മരീചികയാണെന്ന് മാഷറിഞ്ഞു. മുഖ്യവനപാലകര്‍ ചോദിച്ചു; ഫോറസ്ട്രി ക്ലബുകള്‍ക്കു കൊടുക്കാനുള്ള ഈ ഫണ്ട് പാരലല്‍ കോളേജുകാരനായ നിങ്ങള്‍ക്കെങ്ങനെയാ തരിക?
മാഷ് മൗനം. അടുത്ത ചോദ്യം കൂടുതല്‍ മാരകമായി അവതരിച്ചു; നിങ്ങള്‍ക്ക് ജീന്‍സ് ഡൈവേഴ്‌സിറ്റി സംരക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ ബെഡ് ചെയ്ത മാവിന്‍തൈകള്‍ വളര്‍ത്തിയാല്‍പ്പോരേ?
മാഷ് മൗനം വെടിഞ്ഞു. തലമുറകള്‍ താണ്ടിയ മാവറിവുകള്‍ അയാളിലേയ്ക്ക് ഇരച്ചുവന്നു; സര്‍, എന്റെ തറവാട്ടില്‍ മൂന്നു തലമുറകളായുള്ള മാവുകളുണ്ട്. ഒരു മുത്തശ്ശന്‍ മാവ്. അതിന്റെ വിത്തുമുളച്ച മറ്റൊരു മാവ്. അതില്‍നിന്നും ജനിച്ച മറ്റൊരു മാവ്… ഈ മൂന്നു തലമുറകളില്‍നിന്നും ഒരേയിനം മാങ്ങകളാണുണ്ടായത്. ആ പ്രദേശത്തൊക്കെ മറ്റിനം മാവുകളുണ്ടായിരുന്നുതാനും. അതുകൊണ്ട് ക്രോസ് പോളിനേഷന്‍ മൂലം മാവുകളുടെ ക്യാരക്ടര്‍ വ്യതിചലിക്കുമെന്ന് പൂര്‍ണമായും വിശ്വസിക്കാനാവില്ല. ഗ്രാഫ്റ്റിംഗിലൂടെയേ മാവുകളുടെ ക്യാരക്ടര്‍ നിലനിര്‍ത്താനാവൂ എന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു…
മുഖ്യവനപാലകന്‍ പറഞ്ഞു; ഗ്രാഫ്റ്റ് ചെയ്ത മാവിന്‍തൈകള്‍ വേഗം വളരും. നിങ്ങള്‍ക്കിപ്പോ ഇത്രേം പ്രായമായില്ലേ. നിങ്ങളുടെ കാലത്തുതന്നെ അവ പൂക്കണമെന്ന് നിങ്ങള്‍ക്കാഗ്രഹമില്ലേ?
മോഹന്‍ദാസ് ചിരിച്ചു; നമ്മളേല്ക്കുന്നതൊക്കെ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ നട്ട തണലുകളല്ലേ സാര്‍.. പൂക്കുകയോ കായ്ക്കുകയോ ചെയ്യട്ടേ, തണലെങ്കിലുമുണ്ടാവുമല്ലോ…പിന്നെ, ഗ്രാഫ്റ്റിങ്ങില്‍ ഞാനൊരു യയാതി കോംപ്ലക്‌സ് കാണുന്നു. വേഗം ഫലം കിട്ടാന്‍ വേണ്ടി വളര്‍ന്നുവരുന്ന ഒരു മാവിന്റെ തലവെട്ടി അതേ സ്ഥാനത്ത് പ്രായപൂര്‍ത്തിയായ മറ്റൊരു മാവിനെ ഒട്ടിക്കുകയല്ലേ നാം ചെയ്യുന്നത്…വളരുന്ന ഓരോ മാവിനും വളരണമെന്നും രാജാവാകണമെന്നുമുണ്ടാവില്ലേ….
അന്നേരം മൂലയ്ക്കിരുന്ന് എല്ലാം കേട്ടിരുന്ന മറ്റൊരു മുഖ്യവനപാലകന്‍ ഇടപെട്ടു; അയാളെ അയാളുടെ വഴിക്കുവിടുക. നമ്മള്‍ ഫണ്ട് ചെയ്തില്ലെങ്കിലും അയാളിത് ചെയ്യും. നമ്മള്‍ക്കിതിലെന്തു ചെയ്യാനാവുമെന്ന് നമുക്ക് പിന്നീട് തീരുമാനിക്കാം…
അത് പി.എന്‍. ഉണ്ണികൃഷ്ണനായിരുന്നു. പരിസ്ഥിതിസ്‌നേഹികളുടെ കണ്ണില്‍, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തൊട്ടുതീണ്ടാത്ത പ്രിയപ്പെട്ട കാടുണ്ണി. പില്‍ക്കാലത്ത് കൊടകരയുടെ പൊതുവിടത്തില്‍ ഉണ്ണികൃഷ്ണന്‍ നട്ട നാട്ടുമാവിന് മാഷ് നല്കിയ പേര് കാടുണ്ണിയെന്നായിരുന്നു.
വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഹന്‍ദാസ് ഒരു ഫോറസ്ട്രി ക്ലബ്ബുണ്ടാക്കി. പേര് പ്രൊവിഡന്‍സ് ഗ്രീന്‍. പാരലല്‍ കോളേജുകളുടെ ചരിത്രത്തിലെ ആദ്യ ഫോറസ്ട്രി ക്ലബ്. അതിന്റെ അക്കൗണ്ടിലേയ്ക്ക് വനംവകുപ്പിന്റെ ഫണ്ടെത്തി; ഇരുപത്താറായിരം രൂപ!
2002 ജൂണില്‍ കൊട്ടുംകുരവയുമില്ലാതെ മോഹന്‍ദാസിന്റെ നാട്ടുമാവു വിപ്ലവം അരംഭിച്ചു. മേയ്മാസത്തിലേ ശേഖരിച്ച വിത്തുകള്‍ പലയിടത്തായി പാവിയിട്ട് മുളപ്പിച്ചിരുന്നു. അരനൂറ്റാണ്ടു പഴക്കമുള്ള നാട്ടുമാവുകളുടെ ഉണ്ണികള്‍. ഭാഗം വയ്ക്കാത്ത ചില നായര്‍ തറവാടുകളിലും സമ്പന്നമായ ചില നമ്പൂതിരി ഇല്ലങ്ങളിലും അവ മോഹന്‍ദാസെന്ന രക്ഷകനെ കാത്തുകിടന്നിരുന്നു. ഉമാമ്പുള്ളി മനയിലെ നാരായണന്‍ നമ്പൂതിരി ഇരുപതിനം നാട്ടുമാവുകളുടെ വിത്തുകളാണ് കൈമാറിയത്. ബ്ലാങ്ങാട്ടുമന, തെരുവശേരി മന എന്നിവയൊക്കെ പിന്നാലെവന്ന സ്രോതസ്സുകള്‍. ചിറ്റൂര്‍ മനയില്‍ നിന്നും അപൂര്‍മായ ഒന്നുരണ്ടിനം. പഴവില്‍ഭാഗത്തെ വിമ്പൂര്‍ മനയില്‍നിന്നും ചന്ദ്രക്കാരനെന്നു പറഞ്ഞ് കൊടുത്തുവിട്ട അണ്ടി മറ്റേതോ അജ്ഞാതജനുസ്സായിരുന്നു. മോഹന്‍ദാസ് പറയുന്നു; ഓരോ മനയിലും ചന്ദ്രക്കാരന്‍ ഉണ്ടെന്നു പറയും. നോക്കുമ്പോള്‍ ഓരോന്നും ഓരോ ഇനമായിരിക്കും.
എന്റെ നിഗമനം യഥാര്‍ത്ഥ ചന്ദ്രക്കാരന്‍ തൃപ്പൂണിത്തുറ കോവിലകത്തുനിന്നു വന്നതാണെന്നാണ്.. അവ പല ഭാഗത്തേയ്ക്കും പോയി. ക്രോസ് പോളിനേഷന്‍ മൂലം മറ്റ് മാവുകളുടെ ക്യാരക്ടര്‍ ഇതിലേയ്ക്കു കലര്‍ന്നതാവാം. വിമ്പൂര്‍ മനയിലെ മാവ് ചന്ദ്രക്കാരന്റേയും തൊലികയ്പന്‍ മാവിന്റെയും ക്രോസാണ്. അതുപോലെ നെല്ലായിക്കടുത്തുനിന്നും കിട്ടിയ ചന്ദ്രക്കാരന്‍മാവ് നാട്ടുമാവിന്റെ ക്രോസാണ്…
എന്‍.വി. കൃഷ്ണവാരിയരുടെ ഭാര്യാഗൃഹമായ ഞെരുവശേരി മനയില്‍നിന്നും കിട്ടിയ അപൂര്‍വയിനത്തിന് മാഷ് കൃഷ്ണ എന്നു പേരിട്ടു. രാംദാസ് തിയറ്ററിന്റെയൊക്കെ ഉടയോരായ തൃപ്രയാറിലെ ചേലാട്ടുമനയുടെ പടിക്കല്‍ ശതശാഖികള്‍ പടര്‍ത്തിനില്ക്കുന്ന മാവാകാം കേരളത്തിലുള്ളതിലേറ്റവും പ്രാചീനനെന്നു മാഷ് നിരൂപിച്ചു. ഇത്തിള്‍ക്കണ്ണികള്‍ കാര്യമായി ആക്രമിച്ചിട്ടില്ലായിരുന്നെങ്കിലും മാഷ് കാണുമ്പോഴേയ്ക്ക് അതിന്റെ കായ്ക്കാനുള്ള ശേഷി ശോഷിച്ചിരുന്നു.
അനന്തമായിരുന്നു നാട്ടുമാവുകള്‍ തേടിയുള്ള മോഹന്‍ദാസിന്റെ യാത്രകള്‍. മറയൂരിലേയ്ക്കുള്ള ചന്ദന സംരക്ഷണ ജാഥ കാസര്‍ഗോഡുനിന്നും പുറപ്പെടുന്ന കാലത്ത് മാഷവിടെ അണ്ടിപെറുക്കി നടന്നിരുന്നു. യാത്രാക്കൂലി ലാഭിക്കാന്‍ മാഷും ഒപ്പംകൂടി. കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരെയൊക്കെ അയാളാദ്യം നേരില്‍ക്കാണുകയായിരുന്നു. ആ യാത്രയിലാവണം, കാറല്‍മണ്ണയ്ക്കടുത്ത് അയാള്‍ക്ക് തുടുപ്പനെന്നൊരിനം കിട്ടി. കാശ്മീരി ആപ്പിളിന്റെ ആകൃതി. പച്ചയും ചുവപ്പും കലര്‍ന്ന നിറം. ആപ്പിളിന്റേതു പോലെ ഞെട്ട് കുഴിഞ്ഞിരുന്നു. രുചിച്ചയുടന്‍ മാഷ് തീര്‍ത്തുപറഞ്ഞു; ഇത് മൂവാണ്ടനും ചന്ദ്രക്കാരനുമായുള്ള ക്രോസാണ്. കനകമലയില്‍ ഈ മാവുണ്ടെന്നു കേട്ടിട്ടുണ്ട്. ഉണ്ടെങ്കില്‍ അതൊരദ്ഭുതമാണ്. മൂവാണ്ടനാണ് ക്യാരക്ടര്‍ നിലനിര്‍ത്തുന്ന മാവ്. കൊളമ്പുമാങ്ങയെപ്പോലെ…
പ്രോജക്ട് തുടങ്ങുമ്പോഴേ മാഷിനറിയാമായിരുന്നു ഒന്നു രണ്ടുവര്‍ഷം ഇതിന്റെ പിന്നാലേ നടക്കേണ്ടി വരുമെന്ന്. കുട്ടികള്‍ പക്ഷേ, വര്‍ഷങ്ങളുടെ കണക്കുതെറ്റിച്ചു. ഓരോ ബാച്ച് കുട്ടികളും മാവിന്‍തൈകള്‍ നടാന്‍ ഇടംതേടിനടന്നു. ആവേശം വിതയ്ക്കാന്‍ പ്രഗല്ഭര്‍ വന്നു. സുഗതകുമാരി നട്ട മാവിന് അഭയയെന്നും അയ്യപ്പപ്പണിക്കരുടേതിന് കള്ളനെന്നും കടമ്മനിട്ടയുടേതിന് ശാന്തയെന്നും വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേതിന് യുഗളപ്രസാദനെന്നും മാഷ് പേരിട്ടു…കൊടകര പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കോമ്പൗണ്ടിലായിരുന്നു ഈ വി.ഐ.പി മാവുകളൊക്കെയും. അയ്യപ്പപ്പണിക്കരുടെ ശവദാഹം നടക്കുന്ന നേരത്ത് മാഷ് കുട്ടികളേയുംകൂട്ടി കള്ളന്‍മാവിന് പുഷ്പാര്‍ച്ചന ചെയ്തു. ഏതോ കുട്ടി അന്നേരം മൃത്യുപൂജ ആലപിക്കുന്നുണ്ടായിരുന്നു.
മരങ്ങള്‍ വളരുന്നതിനൊപ്പം പ്രകൃതി അതിന്റെ ആസ്ഥാന വിത്തുവിതരണക്കാരെക്കൂടി മാഷിന്റെ സഹായികളായി അയച്ചു; പക്ഷികള്‍… അവ കൊത്തിപ്പറന്ന മാങ്ങാണ്ടികള്‍ പലേടത്തായി വീണുമുളച്ചു. മാഷവയെ ദത്തെടുത്ത കുട്ടികളെന്നു വിളിച്ചു. അവയ്ക്കും കൊടുത്തു വെള്ളവും വളവും. ആടുകടിച്ചുപോകാതിരിക്കാന്‍ ഒരു ആള്‍മറ വേറെയും…പ്രതിസന്ധികള്‍ പക്ഷേ, നിഴലുപോലെ കൂടെയുണ്ടായിരുന്നു. പരിചരണമാവശ്യമില്ലാത്തവിധം വലുതായ നേരത്ത് മാവുകളില്‍ പലതും
റോഡുവികസനത്തിന്റെ പേരില്‍ പിഴുതെടുക്കപ്പെട്ടു. അതിജീവിച്ചുവെന്ന ബലത്തില്‍ ആള്‍മറയെടുത്തു മാറ്റിയ തക്കത്തിന് ആടുകടിച്ച് വേറെയും ചില തൈകള്‍ പോയി…
മോഹന്‍ദാസിനും കുട്ടികള്‍ക്കും അതൊരു സഹനസമരം തന്നെയായിരുന്നു.. നഷ്ടപ്പെട്ടവയ്ക്കു ബദലായി അവര്‍ പിന്നെയും നട്ടുകൊണ്ടിരുന്നു… ഒരു വ്യാഴവട്ടത്തിനുശേഷം മാഷതിന്റെ നിര്‍വൃതി നുകര്‍ന്നു. കൊടകരയിലേയും മറ്റത്തൂരിലേയും പൊതുവിടങ്ങളില്‍ പൂവിട്ടുകായ്ച്ച മൂവായിരം നാട്ടുമാവുകളിലൂടെ…
ഓരോ മാവിനേയും സ്വന്തം ആത്മാവിനോടു ചേര്‍ത്തുവച്ച് മോഹന്‍ദാസ് പിന്നെയും വേറിട്ട വഴികള്‍ത്തേടിപ്പോയി. അതിരപ്പിള്ളി അണക്കെട്ടു വിരുദ്ധ സമരത്തിന്റെ മുന്നണിയായിരുന്നു അതില്‍ മുഖ്യം. യാദൃച്ഛികമായിരുന്നു അതിലേയ്ക്കുള്ള വാതില്‍. ഒരുനാള്‍ കൊടകര പഞ്ചായത്ത് പ്രസിഡന്റ് ഫോണില്‍ വിളിക്കുന്നു; മാഷൊന്ന് ഇത്രടം വരൂ, അതിരപ്പിള്ളി സമരക്കാര്‍ വന്നിട്ടുണ്ട്…
അന്നാദ്യമായി മാഷ് എസ്.പി. രവിയേയും ഡോ. ലതാ അനന്തനേയും എസ്. ഉണ്ണികൃഷ്ണനേയും മധുസൂധനനേയും കണ്ടു. അവരുമായി തര്‍ക്കിച്ചുതോറ്റു. വൈകാതെ കൊടകര പഞ്ചായത്ത് അതിരപ്പിള്ളി പദ്ധതിക്കെതിരേ പ്രമേയം പാസ്സാക്കി. മോഹന്‍ദാസിന്റെ കറുത്ത കരങ്ങളായിരുന്നു അതിന്റെ പിന്നില്‍…
മാഷ് ഓര്‍ക്കുന്നു; എസ്.പി. രവിയുമായുള്ള ബന്ധം എന്നെ അടിമുടി മാറ്റിത്തീര്‍ത്തു. രവിയുടെ വജ്രകാഠിന്യമുള്ള നിലപാടുകള്‍ക്കു മുന്നില്‍ എന്റെ അലസഫലിതങ്ങള്‍ അര്‍ത്ഥരഹിതമായി…
ഇന്നിപ്പോള്‍ മോഹന്‍ദാസ് മാഷിന് അതിരപ്പിള്ളി സമരമുഖത്ത് നിര്‍ണായകമായൊരു റോളുണ്ട്. റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ കണ്‍വീനറാണയാള്‍. ഫലിതത്തില്‍ ചാലിച്ച അയാളുടെ നയതന്ത്രത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും അതിരപ്പിള്ളി സമരവേദിയിലേയ്ക്കുവന്നു. ആരോ അതിനെ മഴവില്‍ മുന്നണിയെന്നു വിളിച്ചു. ആദ്യകാലത്ത് അതിരപ്പിള്ളി സമരത്തെ പരിഹസിച്ചിരുന്ന എം.പി. പരമേശ്വരനെപ്പോലുള്ളവരെ സത്യത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവന്നതിലും മോഹന്‍ദാസ് മാഷിന്റെ അദൃശ്യസാന്നിധ്യമുണ്ടായിരുന്നു.
മുരിയാട്ടും എരയാംകുടിയിലും നെല്‍വയല്‍ സംരക്ഷണത്തിനായി നടന്ന പ്രക്ഷോഭങ്ങളില്‍ മാഷുണ്ടായിരുന്നു. ഓരോ സമരവും മാഷിന് പുതിയ പാഠങ്ങള്‍ നല്കി. അയാള്‍ സ്വയം ചോദിച്ചു; നെല്‍വയല്‍ സംരക്ഷിക്കാന്‍ നമുക്കിപ്പോളൊരു നിയമമുണ്ട്, ആ നിയമത്തെ ഇനി ആരു സംരക്ഷിക്കും?
കൊടകരയിലെ തരിശിട്ട പാടങ്ങളില്‍ വിരിപ്പൂക്കൃഷിയിറക്കി മാഷതിന് സ്വയം മറുപടിയേകി. അവിടുത്തെ നെല്‍വയല്‍ സംരക്ഷണ ജാഗ്രതാ സമിതിയുടെ കണ്‍വീനറാണിന്ന് മോഹന്‍ദാസ്. മുപ്പതേക്കറില്‍ മാഷിന്റെ നേതൃത്വത്തില്‍ വിതച്ച കുറുവാ നെല്ല് ആദ്യവിളവെടുപ്പു കഴിഞ്ഞുനില്ക്കുന്നു. രണ്ടാം വിളവെടുപ്പിന് വിത്തെറിയും മുമ്പ് മാഷൊരു പ്രീ പബ്ലിക്കേഷന്‍ കൃഷിപദ്ധതി പ്രഖ്യാപിച്ചു… ഇതില്‍ മൂലധനമിറക്കുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയിലും താഴെ തത്തുല്യമായ ജൈവ അരി നല്കുന്നതായിരിക്കും…
ആദ്യം കാശെറിഞ്ഞത് പ്രശസ്ത വന്യജീവി വിശാരദന്‍ എന്‍.എ. നസീറായിരുന്നു..
വരും, എല്ലാവരും വരും എന്ന പ്രതീക്ഷയില്‍ മോഹന്‍ദാസ് മാഷ് പ്രകൃതിയിലേയ്ക്കു നോക്കിനില്ക്കുന്നു. അതിരപ്പിള്ളി പദ്ധതി പിന്നെയും പൊന്തിവരുന്നതാണ് അയാളുടെ സമകാലീന സങ്കടം. അത് കവിതയായി വമിച്ചു;
വെറുതെയൊഴുകും വെള്ളത്തിന്നും
വിലപറയുകയായി..
ഇടമുള്ളെല്ലായിടവും
അണകള്‍ കെട്ടുകയായി,
തീരുകയില്ലീ ദാഹം…
മോഹന്‍ദാസിന്റെ കവിത വായിച്ച് അക്രൂരമായി ജ്യേഷ്ഠന്‍ പറഞ്ഞു; ഇതിലും ഭേദം അതിരപ്പിള്ളിയില്‍ അണക്കെട്ടു വരുന്നതാടാ…
ചിത്രങ്ങൾ : രതീഷ് കാർത്തികേയൻ
Great (Y) മോഹൻദാസ് മാഷും , നാരായണൻക്കുട്ടി മാഷും ഭവാനി ടീച്ചറും …..
ഒരു നാട് നന്നാവുന്നത് നല്ല അദ്ധ്യാപകരിലൂടെയാണ് ….,
മലയാറ്റിൽ കുടുംബം ഒരു സമൂഹത്തെ നേർവഴിക്ക് നടത്തട്ടെ …..
മോഹന്ദാസ് മാഷിനെ പറ്റിയുള്ള ഫീച്ചർ വളരെ മനോഹരമായി ഗിരീഷേട്ടൻ ചെയ്തിരിക്കുന്നു.ആ അക്ഷരങ്ങൾക്ക് ഇത്ര സ്നേഹത്തോടെ സംസാരിക്കാനാകുമെന്ന് ഇപ്പോഴാണു ഞാൻ അറിഞ്ഞത്.പൊതുവെ തീതുപ്പുകയാണല്ലോ പതിവ്.
മാഷിനെ ഇഷ്ടപ്പെടാത്ത ഒരാളും കാണില്ല.അതിരപ്പിള്ളി പദ്ധതി വരട്ടെ എന്ന ചിന്താഗതിക്കാരനാണു ഞാനെങ്കിലും മാഷിനെ ബഹുമാനിക്കാതെയും ആദരിക്കാതെയും ഇക്കാര്യത്തിൽ എതിർക്കുക അസാദ്ധ്യം.
Maashe, all the best…
He is my old friend…. When he was a tacher in his //college he worked hard for environmental programes… Now days also he is continueing his mossion to renovate the nature… Where Athirappilly making a Dam or where pady fields filling with earth, where an axe cutting a tree, Mohandas Master will reach there to oppose the cruelty… Any way all complements to his vision…