കൊടകരക്കാര്‍ക്ക് നാടന്‍മീനുകള്‍ നല്‍കിയിരുന്ന കാദറാപ്ല ഇനി ഓര്‍മ

കൊടകര :  നൂറ്റിയാറു വയസ്സിലും നാട്ടുമീനുകളുമായി   കൊടകരയിലെ വഴിയോരത്തിലെത്തുമായിരുന്ന വഴിയമ്പലം കാദറാപ്ല എന്ന വലിയകത്ത് കാദര്‍ ഇനി ഓര്‍മ. കൊടകരയിലും പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും ഇദ്ദേഹം ചിരപരിചിതനാണ്. പതിറ്റാണ്ടുകളായി കാദറാപ്ല മത്സ്യവില്‍പ്പനക്കാരനാണ്. കൊടകര വഴിമ്പലം വലിയവീട്ടില്‍ സിദ്ദിക്കിന്റെ മകനായി ജനിച്ച ഇദ്ദേഹത്തെ നാട്ടുകാര്‍ കാണുമ്പോള്‍ മീന്‍ വില്‍പ്പനക്കാരനാണ്.

പാടത്തും തോടുകൡും ചിറകളിലും   പുഴകൡലുമുള്ള മത്സ്യങ്ങളാണ് കൂടുതലും ഇദ്ദേഹം വില്‍പ്പന നടത്താറുള്ളത്. അതുകൊണ്ടുതന്നെ ദിവസവും മത്സ്യം വാങ്ങാന്‍ ഇദ്ദേഹത്തിന്റെയടുത്ത് വലിയ തിരക്കുണ്ടാവാറുണ്ട്. പണ്ട് മേല്‍പ്പാലം ജംഗ്ഷന്‍ ഇറങ്ങിവരുന്നിടത്തായിരുന്നു മീന്‍ വില്‍പ്പന നടത്തിയിരുന്നതെങ്കിലും ഏതാനും വര്‍ഷങ്ങളായി  കൊടകര-ആളൂര്‍ റോഡില്‍ മാര്‍ക്കറ്റിനുസമീത്തായി റോഡരികിലാണ് ഇദ്ദേഹത്തിന്റെ മത്സ്യവില്‍പ്പന.

പ്രാദേശികമായി മീന്‍ പിടിക്കുന്നവര്‍ സ്ഥിരമായി ഇദ്ദേഹത്തിനു മീനുകള്‍ നല്‍കും. എത്രയധികം മീനുകള്‍ ഉണ്ടെങ്കിലും ഉച്ചയോടെ കച്ചവടം തീര്‍ത്ത് ഇദ്ദേഹം വീട്ടിലേക്കു തിരിക്കും. മീനുകള്‍ ശേഷിക്കുന്നുണ്ടെന്നു തോന്നിയാല്‍ കിട്ടിയ കാശിന് മീനുകള്‍ കൊടുക്കലും ചില ദിവസങ്ങളില്‍ പതിവാണ്. ഭാര്യയും 2 മക്കളും 2 മരുമക്കളും മരിച്ചിരുന്നു. 106 വസ്സ് പിന്നിട്ടിട്ടും ശാരീരികാവശതകളൊന്നുമില്ലാതെതന്നെ കൊറോണയുടെ രണ്ടാംവരവിനുമുമ്പുവരെ ഇദ്ദേഹം കൊടകരയില്‍ മീന്‍ വില്‍പ്പനക്കെത്തിയിരുന്നു.

എത്ര തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ച ദിവസം പള്ളിയിലെത്തി പ്രാര്‍ഥനയും നിസ്‌കാരവും  മുടക്കാത്ത സാത്വികന്‍ കൂടിയായിരുന്നു കാദറാപ്ല. ഇക്കഴിഞ്ഞ 14 ന് കൊടകരക്കടുത്ത് നോബിള്‍ നഗറില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച  രാവിലെയാണ് മരിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമായി നൂറുകണക്കിനുപേരാണ് ഇദ്ദേഹത്തെ അവസാനമായി ഒന്നുകാണാനായി ഇന്നലെ വീട്ടിലെത്തിയത്.   നാടന്‍മീനുകളെ ന്യായവിലക്കു ലഭിക്കുമായിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കാദറാപ്ലയുടെ വേര്‍പ്പാടിന്റെ വേദനയിലാണ് കൊടകര ഗ്രാമം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!