അത്ഭുതങ്ങളുടെ അക്ഷരകാലമുതിര്‍ത്ത അന്നമനടയുടെ ഓര്‍മക്ക് രണ്ടാണ്ട്

കൊടകര : കല തന്നെയാണ് തന്റെ മണ്ഡലം എന്ന് ‘കാല’ ങ്ങളിലൂടെ തെളിയിച്ച കലാമണ്ഡലം പരമേശ്വരന്‍ എന്ന അന്നമനട പരമേശ്വരമാരാര്‍ ഓര്‍മയായിട്ട് ഇന്ന് രണ്ടാണ്ട് തികയുകയാണ്. അന്നമനടയില്‍ ഗണപതികൊട്ടി നിളയുടെ തീരത്തുകൂടി നിറഞ്ഞൊഴുകി പെരുവനം നടവഴിയിലൂടെ പെരുക്കങ്ങളായിമാറി കേരളത്തിലെ കാവുവട്ടങ്ങളിലൂടെ താളവട്ടപ്രയാണംചെയ്ത് കൊടകരയില്‍ കൊട്ടിക്കലാശിച്ച ജീവിതം കലക്കുവേണ്ടിമാത്രം ഉഴിഞ്ഞുവച്ചതായിരുന്നു.

പ്രമേഹം പ്രയാസപ്പെടുത്തിയപ്പോഴും പ്രണയിച്ച തിമിലയില്‍ വിരലുകളാല്‍ വിസ്മയംതീര്‍ക്കാനൊരുങ്ങി സഹൃദയര്‍ക്കു വാദ്യസദ്യ സമ്മാനിച്ച അന്നമനട എന്ന പഞ്ചാക്ഷരി ഇന്നും ഓര്‍മയിലെ സൂര്യതേജസ്സായി തിളങ്ങുകയാണ്. അഞ്ചുവാദ്യങ്ങള്‍ സംഗമിക്കുന്ന പഞ്ചവാദ്യം എന്ന ക്ഷേത്രവാദ്യകലയില്‍ അന്നമനട എന്ന അഞ്ചക്ഷരത്തിന്റെ സ്ഥാനം ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ആലേപനം ചെയ്തതാണ്. അന്നമനട എന്ന കൊച്ചുഗ്രാമത്തിലെ മഹാദേവസന്നിധിയിലെ കരിങ്കല്‍തൂണുകള്‍ക്കുപോലും താളത്തിന്റെ കൂട്ടിപ്പെരുക്കമുണ്ട്. മലകളും കലകളും മലയാളികളും ഉള്ളിടത്തോളം കാലം അന്നമനടയും സ്മരിക്കപ്പെടും.

അന്നമനട പടിഞ്ഞാറെമാരാത്ത് പാറുക്കുട്ടിമാരസ്യാരുടേയും തോട്ടുപുറത്ത് രാമന്‍നായരുടേയം മകനായി 1952 ഇടവമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് പരമേശ്വരമാരാരുടെ ജനനം. ഏഴാംക്ലാസുവരെമാത്രമായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം . പതിമൂന്നാംവയസ്സിലാണ് കലയുടെ കവിതാശ്രീകോവിലായ കേരളകലാമണ്ഡലത്തിലെ ആദ്യപഞ്ചവാദ്യബാച്ചിലെ തിമില വിദ്യാര്‍ഥിയായി വാദ്യകലാരംഗത്തേക്കു പ്രവേശിച്ചത്. അന്നമനട പരമേശ്വരമാരാര്‍(സീനിയര്‍) തന്നെയായിരുന്നു ആശാന്‍.അന്ന് അവിടെ ഒപ്പം പഠിക്കാന്‍ ഉണ്ടായത് ശ്രീധരന്‍ നമ്പീശന്‍,നന്നമുക്ക് പീതാംബരന്‍, ചെങ്ങമനാട് ശേഖരന്‍ എന്നിവരായിരുന്നു.

4 വര്‍ഷപഠനത്തിനുശേഷം ആശാനും പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാരും ഉള്‍പ്പെടെയുള്ള പ്രഗത്ഭതിമിലക്കാരുടേയും കൊളമംഗലത്ത് നാരായണന്‍നായര്‍,ചാലക്കുടി നമ്പീശന്‍ എന്നീ പ്രശസ്തമദ്ദളക്കാരുടേയും സാന്നിധ്യത്തിലായിരുന്നു തിമിലയുടെ അരങ്ങേറ്റം. കലാമണ്ഡലത്തില്‍നിന്നും പോന്നതിനുശേഷം പല്ലാവൂര്‍ കളരിയില്‍ പ്രവേശിച്ചു. തിമിലമാത്രമല്ല ചെണ്ടയുടെ പാഠങ്ങളും പല്ലാവൂരില്‍നിന്നും സ്വായത്തമാക്കി. മണിയന്‍മാരാരുടേയും കുഞ്ഞുകുട്ടന്‍മാരാരുടേയും കളരിയില്‍ തിമിലയുടെ ഉപരിപഠനവും സാധ്യമാക്കി. അങ്ങിനെ അന്നമനടയുടെ പാരമ്പര്യവും പല്ലാവൂരിലെ ഉപരിപഠനവും കുഴൂരിന്റെ സഹയാത്രയും പരമേശ്വരനെ ത്രയത്രയശൈലികളുടേയും സംഗമിപ്പിച്ചുള്ള വേറിട്ട ശൈലിയുടെ വക്താവാക്കി മാറ്റുകയായിരുന്നു.

പല്ലാവൂരിന്റെ പതികാലത്തിന്റെ പതിഞ്ഞശൈലിയും അന്നമനടയുടെ കൂട്ടിക്കൊട്ടിന്റെ കുത്തൊഴുക്കും ചോറ്റാനിക്കരയുടെ ഇടകാലപ്പെരുക്കവും അന്നമനട പരമേശ്വരമാരാരുടെ പഞ്ചവാദ്യങ്ങള്‍ക്ക് വ്യത്യസ്ഥതയുടെ പൊന്‍തൂവല്‍ ചാര്‍ത്തിയിരുന്നു. 16-ാമത്തെ വയസ്സില്‍ കലാമണ്ഡലത്തില്‍നിന്നും പോന്ന പരമേശ്വരന്‍ പിന്നീട് ആശാന്‍മാര്‍ക്കൊപ്പം പൂരപ്പറമ്പുകളില്‍ സജീവമായി. പല്ലാവൂര്‍ക്കാരുടെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി. ചെണ്ടയും അഭ്യസിച്ചു. അന്നമനട ത്രയം എന്നറിയപ്പെടുന്ന അന്നമനട പരമേശ്വരമാരാര്‍, അച്ചുതമാരാര്‍, പീതാംബരമാരാര്‍ എന്നിവരുടെ പിന്‍മുറക്കാരനായി വളരാവുന്നിടത്തോളം വളര്‍ന്നു.

പല്ലാവൂര്‍ സഹോദരങ്ങള്‍ക്കൊപ്പമുള്ള സഹവര്‍ത്തിത്ത്വം മാരാര്‍ക്ക് ആഴത്തിലുള്ള പാണ്ഡിത്ത്യമുണ്ടാക്കി. അവര്‍ക്കൊപ്പം അനവധി അരങ്ങുകളില്‍ താളപ്പെരുക്കം തീര്‍ത്തു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് വാദ്യങ്ങളുടെ വാദ്യമായ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് വ്യാഴവട്ടക്കാലം അമരക്കാരനായിരുന്നു. നാദവും കനവും സംഗീതാത്മകതയും ഭരണശേഷിയും ഒത്തുചേര്‍ന്ന കലോപാസകനായ അന്നമനട ഒട്ടനവധി വാദ്യവേദികളെ തന്റെ വാദനവൈഭവത്താല്‍ സമ്പന്നമാക്കി. കേരളത്തില്‍ മാരാര്‍ പ്രമാണിക്കാത്ത പഞ്ചവാദ്യവേദികള്‍ ചുരുക്കമാകും. അന്നമനട ത്രയം, പല്ലാവൂര്‍ ത്രയം, കുഴൂര്‍ ത്രയം ഇങ്ങനെ ത്രയത്രയങ്ങള്‍ക്കൊപ്പവും വാദ്യവേദികള്‍ പങ്കിട്ട അനുഭവവും ആത്മവിശ്വാസവുമാണ് മാരാരെ കേരളത്തിന്റെ വാദ്യനിരയുടെ അമരക്കാരനും ആസ്വാദകവൃന്ദത്തിന്റെ ആരാധനാപാത്രവുമാക്കിയത്. പ്രശസ്തനാദസ്വരവിദ്വാനും കുറുംകുഴല്‍കലാകാരനുമായ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുഴല്‍പറ്റുകള്‍ക്ക് ചെണ്ടക്കാരനായിരുന്നു എന്നതും പലര്‍ക്കും അറിവുള്ള കാര്യമല്ല. .

1971 ലാണ് കേരള കലാമണ്ഡലത്തിലെ തിമിലയുടെ അധ്യാപകനാകുന്നത്. കലാമണ്ഡലത്തില്‍ അഭ്യസിച്ച് അവിടെത്തന്നെ അധ്യാപകനാകുന്ന ആദ്യകലാകാരനായിരുന്നു പരമേശ്വരമാരാര്‍. അധ്യാപകനായിരിക്കുമ്പോഴും പരമേശ്വരനിലെ പഠനമോഹം നിലച്ചില്ല. പണ്ടാരത്തില്‍ കുട്ടപ്പന്‍മാരാര്‍,പെരുവനം അപ്പുമാരാര്‍, മുളങ്കുന്നത്ത്കാവ് ബ്രദേഴ്‌സ്, പുതുക്കോട് കൊച്ചമാരാര്‍ എന്നിവര്‍ക്കൊപ്പവും പഠനം തുടര്‍ന്നു. സംഗീതത്തെ ഏറെ പ്രണയിച്ചിരുന്ന ഈ വാദ്യോപാസകന്‍ പഞ്ചവാദ്യങ്ങളിലെ ത്രിപുടയിലെ തനിയാവര്‍ത്തനങ്ങളില്‍ കര്‍ണാടിക് സംഗീതത്തെ ആവാഹിച്ചിരുന്നു.

പല്ലാവൂര്‍ക്കാരുടെ വിയോഗത്തെത്തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ പൂരങ്ങളുടേയും അമരക്കാരനാവുകയായിരുന്നു. പാലക്കാടും തൃശൂരും എറണാകുളവും ഉള്‍പ്പെടുന്ന മധ്യകേരളം അന്നമനടയുടെ താളപ്പെരുക്കത്തെ ആവോളം ആസ്വദിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വാദ്യകലാകാരന്‍മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ പല്ലാവൂര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ മാരാരെ തേടിയെത്തി.

പഞ്ചവാദ്യവേദികളില്‍ ആസ്വാദകരുടെ ഹരമായിരുന്നു മാരാര്‍. നാദവും കനവും സംഗീതാത്മകതയും ഭരണശേഷിയും ഒത്തിണങ്ങിയ ജനപ്രിയകലാകാരന്‍. കല തന്നെയാണ് തന്റെ മണ്ഡലം എന്ന് കാലങ്ങളിലൂടെ കൊട്ടിതെളിയിച്ചു. 4 വര്‍ഷത്തോളം കൈവിരലുകള്‍ക്കേറ്റ പരിക്ക് മൂലം ചികിത്സയിലായിരുന്നെങ്കിലും 2016 ലെ തൃശൂര്‍ പൂരത്തിന് വാദ്യക്കമ്പക്കാരുടെ ആശങ്കയകറ്റി തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരമാരാരെത്തിയിരുന്നു. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ വ്യാഴവട്ടപ്രമാണമായിരുന്നു അത്. 1972 മുതല്‍ മാരാര്‍ തിരുവമ്പാടി വിഭാഗത്തില്‍ പഞ്ചവാദ്യനിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി 42 വര്‍ഷം അമ്പാടിക്കണ്ണന്റെ വാദ്യനിരയില്‍.ഓരോ മേടപ്പൂരപ്പുലരിയിലും ബ്രഹ്മസ്വം മഠത്തിനുമുമ്പില്‍ പുരുഷാരം പൂത്തുലയുമ്പോള്‍ ഈ പഞ്ചവാദ്യപഞ്ചാനന്റെ വിരലുകള്‍ വിസ്മയത്തിന്റെ അക്ഷരകാലമുതിര്‍ത്തിരുന്നു.

പതികാലവും ഇടകാലവും ത്രിപുടയും കൊട്ടിത്തീര്‍ത്ത് ഏകതാളത്തിലെത്തിച്ച് പൂരപ്രേമികളുടെ മനം നിറയ്ക്കുന്ന പ്രതിഭ.വാദ്യവേദികളിലെ നിറസാന്നിധ്യമായി തിളങ്ങുന്ന താരമായി പരിലസിക്കുമ്പോഴാണ് കൈവിരലിന്റെ പരിക്ക് പ്രശ്‌നമാക്കിയത്. എങ്കിലും ചികിത്സക്കിടയിലും മാരാരുടെ മനസ്സ് പൂരപ്പറമ്പുകളിലായിരുന്നു.മഠത്തില്‍വരവിന്റെ മനോധര്‍മങ്ങളും തിരുവുത്സവങ്ങളുടെ തീര്കലാശങ്ങളും ആ മനസ്സുകളിലൂടെ മൃദുമന്ത്രണമായി നിറഞ്ഞു. പ്രമേഹത്തിന്റെ പിടിയില്‍നിന്നും പ്രമാണങ്ങളുടെ ലോകത്തേക്കുള്ള പ്രയാണത്തിനിടയിലാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം ഈ അനശ്വരകലാകാരനെ എന്നന്നേക്കുമായി താളവട്ടങ്ങളും തനിയാവര്‍ത്തനങ്ങളുമില്ലാത്ത ലോകത്തേക്ക് ആനയിച്ചത്.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!