Breaking News

കൊടകര ഉണ്ണി

പൈതൃകം പകര്‍ന്ന അഭിരുചിയുമായി വാദ്യരംഗത്തേക്കുകടന്നുവരികയും അന്തസ്സും ആഭിജാത്യവുമാര്‍ന്ന പെരുമാറ്റത്തിലൂടെയും ആത്മാര്‍ഥമായ അവതരണത്തിലൂടെയും തന്റേതായ ഇടം നേടിയ വാദ്യകലോപാസകനാണ് ശ്രീ. കൊടകര ഉണ്ണി.

വാദ്യകലാരംഗത്തെ ഒട്ടേറെ അതുല്യകലാകാരന്മാരുടെ ഈറ്റില്ലമായ കൊടകരയില്‍ ഇലത്താളകലാകാരന്‍ അച്ഛന്‍ കൊടകര കുണ്ടനാട്ട് നാരായണന്‍നായര്‍ക്കൊപ്പം ഒന്‍പതാം വയസ്സില്‍ തുടങ്ങിയ കലാസപര്യ ഈ 45 ന്റെ നിറവിലും പഞ്ചാരിയുടെ പ്രാമാണ്യം ചാര്‍ത്തി മുന്‍നിരയിലാണ്. അമ്മ നന്തിപുലം കളങ്ങര ലക്ഷ്മിക്കുട്ടിയമ്മയുടെ വാത്സല്യത്തില്‍ കളിച്ചുനടന്ന കാലത്ത് തന്നെ കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്ന അച്ഛനൊപ്പം ഉത്സാഹത്തോടെ ക്ഷേത്രവാദ്യകലാരംഗത്തെത്തി

.പിന്നീട് സമീപപ്രദേശങ്ങള്‍ ഉള്‍പ്പെടെ തൃശൂര്‍ ജില്ലയിലെ ‘ഭൂരിഭാഗം പൂരങ്ങളിലും മേളനിരയില്‍ സാന്നിധ്യമായ ഉണ്ണി പതിമൂന്നാം വയസ്സില്‍ ലോകത്തെ തന്നെ വലിയ സംഗീതലയമായ തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തില്‍ ഇലത്താളക്കരാനായി സാന്നിധ്യമറിയിച്ചു.

പിന്നീട് പുത്തന്‍ചിറ തൃപ്പേക്കുളം ഉണ്ണിമാരാരുടെ ശിക്ഷണത്തില്‍ ചെണ്ടമേളം അഭ്യസിച്ചു.തൃപ്പേക്കുളം ശിവക്ഷേത്രസന്നിധിയില്‍ പഞ്ചാരിയുടെ മൂന്നാംകാലം മുതല്‍ കൊട്ടി അരങ്ങേറിയതോടെ തുടര്‍ന്നുള്ള കാലം ആശാനൊപ്പം ധാരാളം മേളങ്ങളില്‍ ഇടംതലച്ചെണ്ടക്കാരനായി.ഗുരുവില്‍ നിന്നും അപൂര്‍വമേളങ്ങളായ അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ധ്രുവം തുടങ്ങിയവയിലും പ്രാവീണ്യം നേടി. നന്തിപുലം പയ്യൂര്‍ക്കാവ്, കിഴക്കേകുമരഞ്ചിറ, മാപ്രാണം വരിക്കശ്ശേരി , ചേര്‍പ്പ് മേക്കാവ് , ചിറയ്ക്കല്‍ തിരുവാണിക്കാവ്, വെട്ടുകുന്നത്തുകാവ് എന്നീ ക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളില്‍ അനവധികാലം പങ്കെടുത്തതിലൂടെ പാണ്ടിമേളത്തിലും ഉണ്ണിക്ക് തികഞ്ഞ അവഗാഹം നേടാനായി.

ക്രമേണ ചാലക്കുടിപ്പുഴയ്ക്കും മണലിയാറിനും മധ്യേയുള്ള ഒട്ടേറെ ക്ഷേത്രങ്ങളില്‍ ചുമതലക്കാരനും പ്രമാണിയുമായി. ഇതിനിടെ കേളത്ത് കുട്ടപ്പമാരാരുടെ കീഴില്‍ തായമ്പകയും അന്നമനട പരമേശ്വരമാരാരുടെ ശിക്ഷണത്തില്‍ തിമിലയിലും പരിശീലനം നേടി.ഒരു ഉത്സവസീസണില്‍ നൂറോളം പൂരങ്ങള്‍ക്കാണ് ഉണ്ണി അമരക്കാരനാകുന്നത്. മേളകലാ പരിശീലനരംഗത്ത് സജീവമായ ഇദ്ദേഹം 70 ഓളം ബാച്ചുകളിലായി 1500 ല്‍പരം പേര്‍ക്കാണ് മേളകലയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്.

മറ്റത്തൂര്‍ ശ്രീകൃഷ്ണഹൈസ്‌കൂളിലും പേരാമ്പ്ര സരസ്വതി വിദ്യാനികേതനിലും വിദ്യാര്‍ഥികളെ പഞ്ചാരിമേളം അഭ്യസിപ്പിച്ച് ആദ്യമായി അക്ഷരമുറ്റത്ത് മേളകലയുടെ അറിവ് പകര്‍ന്നു. ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വിദേശരാജ്യങ്ങളിലെ മലയാളി സുഹൃത്തുക്കള്‍ക്കും ഉണ്ണി ചെണ്ടമേളം പഠിപ്പിക്കുന്നുണ്ട്.ഓസ്ട്രേലിയയിലെ മെല്‍ബണിലെ 13 പേരെയാണ് ഓണ്‍ലൈന്‍ വഴി കൊടകരയിലെ വീട്ടിലിരുന്ന് മേളം അഭ്യസിപ്പിക്കുന്നത്. ഡെല്‍ഹിയിലും ഇതേരീതിയില്‍ ഉണ്ണിയ്ക്ക് ശിഷ്യരുണ്ട്.

മേളകലയെക്കുറിച്ച് സോദാഹരണപ്രഭാഷണങ്ങള്‍ നടത്തിയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയും ഉണ്ണി ഈ കലയെ ലോകത്തിന് പരിചയപ്പെടുത്തുന്നു.കേരളത്തിലെ വാദ്യവിദഗ്ധരെക്കുറിച്ചും അനവധി ലേഖനമെഴുതിയിട്ടുള്ള ഉണ്ണിയില്‍ വാദനവും മാധ്യമവും സമഞ്ജസമായി സമ്മേളിക്കുന്നു എന്നത് ഈ അപൂര്‍വപ്രതിഭയെ വേറിട്ടതാക്കുന്നു.കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേളകലാസംഗീതസമിതിയുടെ സ്ഥാപകസെക്രട്ടറിയാണ് ഉണ്ണി.സമിതിയുടെ മുഖപത്രമായ പഞ്ചാരിയുടെ മുഖ്യപത്രാധിപരാണ്.

വാദ്യകലാകാരന്‍,അധ്യാപകന്‍,പ്രഭാഷകന്‍,പത്രപ്രവര്‍ത്തകന്‍,സംഘാടകന്‍ എന്നിങ്ങനെ നിരവധിമേഖലകളില്‍ പ്രതിഭ’ തെളിയിച്ചാണ് ഇദ്ദേഹം കലാലോകത്തിന് പ്രിയങ്കരനാകുന്നത്.’ഭാര്യ പ്രിയയോടും മക്കളായ അഭിഷേക്,അഭിനവ് എന്നിവരോടൊപ്പം ആഹ്ലാദകരമായ കുടുംബജീവിതം തുടരുന്നതിനിടയിലും വാദ്യകലയില്‍ വചസ്സും വപുസ്സും മനസ്സും സമര്‍പ്പിച്ചുള്ള താളസപര്യ തുടരുകയാണ് ഈ അനുപമപ്രതിഭ………

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!