
കൊടകര : മൊയലന്‍ ജോണ്‍സന്റെ മോഹങ്ങളുടെ സാക്ഷാത്ക്കാരമാണ് സൈക്കിള്‍ പ്രയാണം. സപ്തതി പിന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും 60 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ജോണ്‍സണ്‍ മൊയലന്‍ എന്ന റിട്ടയേര്‍ഡ് എന്‍ജിനീയര്‍ കൊച്ചിയിലെ വ്യവസായ ഗ്രാമമായ കളമശ്ശേരിയില്‍നിന്നും തൃശ്ശൂരിലെ മലയോരഗ്രാമമായ വരന്തരപ്പിള്ളിയിലെത്തുക. വരന്തരപ്പിള്ളി പള്ളിക്കുന്ന് മൊയലന്‍വീട്ടില്‍ കുഞ്ഞിപ്പാലു-അമ്മിണി ദമ്പതികളുടെ മകനാണ് ജോണ്‍സണ്‍. വരന്തരപ്പിള്ളിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ജോണ്‍സണ്‍ പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് മംഗലാപുരത്ത് എന്‍ജിനീയറിംഗ് പാസ്സായി ഝാര്‍ഖണ്ഡില്‍ എന്‍ജിനീയറായി മൂന്നു പതിറ്റാണ്ട് ജോലി ചെയ്തു. എറണാകുളത്താണ് ഭാര്യവീട്.
ജോലിയില്‍നിന്നും വിരമിച്ചശേഷമാണ് കളമശ്ശേരിയില്‍ പുതിയ വീടുവച്ച് താമസം അങ്ങോട്ടുമാറ്റിയത്. എന്നാല്‍ വരന്തരപ്പിള്ളിയില്‍ വീടിനോടുചേര്‍ന്നാണ് ജോണ്‍സന്റെ കൃഷിയിടം. കോവിഡ് മഹാമാരിയുടെ താണ്ഡവത്തിനിടയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി മികച്ച കര്‍ഷകന്‍കൂടിയായ ജോണ്‍സണ്‍ എത്രയോ തവണ കളമശ്ശേരിയില്‍നിന്നും വരന്തരപ്പിള്ളിയിലേക്ക് സൈക്കിളിലെത്തി. വൈകീട്ട് തിരിക്കുന്നതും സൈക്കിളില്‍. കുട്ടിക്കാലം മുതല്‍ സൈക്കിള്‍ ഇഷ്ടവാഹനമായിരുന്നെങ്കിലും ജോലിയില്‍നിന്നും വിരമിച്ചശേഷമാണ് സൈക്കിളിംഗിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.
എറണാകുളത്തെ സൈക്കിളിംഗ് ഗ്രൂപ്പിലൂടെ ആഴ്ചയില്‍ 2 ദിവസം സൈക്കിള്‍ യഞ്ജം നടത്തിയായിരുന്നു രംഗപ്രവേശം. കൂട്ടായ്മയിലൂടെ നിത്യേന 30 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിക്കുമായിരുന്നു. 2020 ല്‍ കളമശ്ശേരിയില്‍നിന്നും തിരുവന്തപുരത്തേക്ക് സൈക്കിളിംഗിന്റെ ബോധവത്കരണവുമായി 420 കിലോമീറ്റര്‍ സഞ്ചരിച്ചു. ഇക്കഴിഞ്ഞ നവംബറില്‍ മംഗലാപുരത്ത് എന്‍ജിനീയറിംഗിന് പഠിച്ച എന്‍.ഐ.ടിയിലേക്ക് സൈക്കിളില്‍ യാത്രചെയ്ത് തിരിച്ചുപോന്നു.900 കിലോമീറ്ററാണ് അന്ന് സൈക്കിള്‍ ചവിട്ടിയത്. മികച്ച ഓട്ടക്കാരന്‍കൂടിയായ ജോണ്‍സണ്‍ മൊയലന്‍ മാരത്തോണില്‍ ഓടിയിട്ടുണ്ട്. സൈക്കിളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഈ ഈ വയോധികന് സ്വന്തമായി രണ്ടു സൈക്കിളുണ്ട്. കൊടകര ഉണ്ണി