കൊടകര : പല്ലാവൂര്‍ എന്ന സ്ഥലനാമത്തിലറിയപ്പെട്ടിരുന്ന പല്ലാവൂര്‍ അപ്പുമാരാരുടെ സ്‌മരണാര്‍ഥം സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല്ലാവൂര്‍ പുരസ്‌കാരം പെരുവനം എന്ന ഗ്രാമപ്പേരിലറിയപ്പെടുന്ന കുട്ടന്‍ മാരാരെ തേടിയെത്തി. മേളകലയുടെ രാജരസംതുളുമ്പുന്ന പഞ്ചാരിയുടെ ഈറ്റില്ലമായ പെരുവനത്തേക്ക് വാദ്യകലയുടെ തമ്പുരാന്‍ പല്ലാവൂര്‍ അപ്പുമാരാരുടെ പേരിലുള്ള സര്‍ക്കാരിന്റെ പുരസ്‌കാരമെത്തിയപ്പോള്‍ ആനയും അമ്പാരിയുമില്ലെങ്കിലും ഈ രണ്ടുകലാഗ്രാമങ്ങളും ഉത്സവലഹരിയിലാണ്.
പെരുവനം ശങ്കരനാരായണന്‍ എന്ന വാദ്യക്കമ്പക്കാരുടെ ഇഷ്‌ടതാരം പെരുവനം കുട്ടന്‍മാരാര്‍ക്ക് പുരസ്‌കാരങ്ങള്‍ പുതുമയല്ല.എങ്കിലും പല്ലാവൂര്‍ അപ്പുമാരാരുടെ പേരിലുള്ള പുരസ്‌കാരത്തിന് തിളക്കമേറെയാണ്.കാരണം മറ്റേതുപുരസ്‌കാരവും ഏതുമേഖലയിലുളളവര്‍ക്കും ലഭിക്കും. എന്നാല്‍ കിടയറ്റ വാദ്യകലാകാരഌ മാത്രം ലഭിക്കുന്ന പുരസ്‌കാരമാണ് താളത്തിന്റെ തമ്പുരാന്റെ പേരിലുള്ള ഈ പുരസ്‌കാരം.മാത്രമല്ല പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിന് കുട്ടന്‍മാര്‍ മൂന്നരപ്പതിറ്റാണ്ട് കൊട്ടിയെങ്കിലും ഇതില്‍ 20 വര്‍ഷവും പല്ലാവൂര്‍ അപ്പുമാരാര്‍ക്കൊപ്പമായിരുന്നു. പല്ലാവൂരിനൊപ്പം ഇലഞ്ഞിത്തറയില്‍ കൊട്ടിയത് ഇരമ്പലായി ഇപ്പോഴും കുട്ടന്‍മാരാരുടെ മനസ്സിലുണ്ട്. കാരണം പൂരങ്ങള്‍ അനവധിയുണ്ടെങ്കിലും പൂരങ്ങളുടെ പൂരത്തിഌ സമം അതുമാത്രം. ലോകത്തിലെ ഏററവും വലിയ ഓര്‍ക്കസ്‌ട്രയാണത്. പല്ലാവൂരിഌശേഷം ചക്കംകുളം അപ്പുമാരാരായിരുന്നു പൂരപ്രമാണി. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ 14 പൂരത്തിഌം കുട്ടന്‍മാരാരുടെ പ്രമാണമാണ് ഇലഞ്ഞിത്തറയില്‍. ഓരോഉത്സവസീസണിലും ഓരോ പുരസ്‌കാരത്തിളക്കവുമായാണ് കുട്ടന്‍മാരാര്‍ വാദ്യവേദികളിലെത്തുക. വീരശൃംഖല, പത്മശ്രീ, ഇപ്പോഴിതാ പല്ലാവൂര്‍ പുരസ്‌കാരവും.
വാദ്യകലയ്‌ക്ക് നിരവധി അതികായന്‍മാരെ സംഭാവനചെയ്‌ത പെരുവനംകുടുംബത്തില്‍ ജനിച്ച ശങ്കരനാരായണന്‍ എന്ന കുട്ടന്‍മാരാര്‍ അച്ചന്‍ പെരുവനം അപ്പുമാരാരുടെ ശിക്ഷണത്തിലായിരുന്നു ചെണ്ടയുടെ ഗണപതിക്കൈ കൊട്ടിയത്. പത്താംതരം പാസ്സായശേഷം ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. കുമരപുരം അപ്പുമാരാര്‍, ശ്രീനാരായണപുരം അപ്പുമാരാര്‍ എന്നിവരില്‍ നിന്നും വാദ്യവിദ്യയില്‍ ഉപരിപഠനം നടത്തി. അച്ചന്‍ പെരുവനം അപ്പുമാരാര്‍, ആശാന്‍മാരായ കുമരപുരം അപ്പുമാരാര്‍, ശ്രീനാരായണപുരം അപ്പുമാര്‍, ഗുരുസ്ഥആനയനായ ചക്കംകുളംഅപ്പുമാരാര്‍ ഇപ്പോളിതാ താന്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന, ബഹുമാനിച്ചിരുന്ന, എന്നെന്നും മനസ്സില്‍ നമിക്കുന്ന പല്ലാവൂര്‍ അപ്പുമാരാര്‍. ഇങ്ങിനെ കുട്ടന്‍മാരാരുടെ ജീവിതത്തെ അപ്പുമാരാരുടെ നിറസാന്നിധ്യമാണ്.
1974 ല്‍ തുരുവുള്ളക്കാവ് ശാസ്‌താക്ഷേത്രത്തിലായിരുന്നു തായമ്പകയില്‍ അരങ്ങേറ്റം.81 ല്‍ ഗുരുവായൂര്‍ കാദശിയോടഌബന്ധിച്ച ദശമിവിളക്കിനായിരുന്നു പ്രഥമ മേളപ്രമാണം. മൂന്നുപതിറ്റാണ്ടിഌശേഷം ഇപ്പോള്‍ കേരളത്തിലെ എല്ലാപ്രമുഖപൂരങ്ങളുടേയും അമരക്കാരനായി കുട്ടന്‍മാരാരെ മാറ്റിയതിഌ പിന്നില്‍ ആത്മസമര്‍പ്പണവും ഉപാസനയുമാണ്.
റിപ്പോർട്ട് : കൊടകര ഉണ്ണി.