കൊടകര : കൊടകര ലൈബ്രെറിയൻ ആയിരുന്ന ജയൻ ചേട്ടൻ എഴുതുന്നു .ജലത്തിലെ മത്സ്യം പോലെയാകണം ഒരു കമ്യൂണിസ്റ്റ് പൊതുപ്രവർത്തകൻ. അത്രക്ക് ജനങ്ങളുമായി ഇടപ്പെട്ട് പ്രവർത്തിക്കണം .ഇത് ഒരു പാർട്ടി ക്ലാസിൽ കേട്ട മറക്കാത്ത വാചകം. പാപ്പച്ചൻ ചേട്ടനെ കാണുമ്പോഴൊക്കെ ഈ വാക്യം ഓർമ്മ വരും. ഒരു പൊതു പ്രവർത്തകൻ എങ്ങിനെയായിരിക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം. അവസാന നിമിഷം വരെ അദ്ദേഹം പൊതുപ്രവർത്തനത്തിലായിരുന്നു.കോവിഡ് രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി പോകുമ്പോള്‍ പേരാമ്പ്രയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്നാണ് നമ്മളോട് വിട പറഞ്ഞത്.
മികച്ച ഗ്രന്ഥശാലാ പ്രവർത്തകനായിരുന്നു ഇ എൽ പാപ്പച്ചൻ. ഗ്രാൻ്റ് നഷ്ടപ്പെട്ട് പ്രവർത്തനം നിലച്ച് പ്രതിസന്ധിയിലായ മനകുളങ്ങര ഗ്രാമീണ വായനശാലക്ക് ജീവൻ വെപ്പിച്ച് സജീവമാക്കിയത് ഇ.എൽ ആണ്. പഞ്ചായത്ത്തല ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
കൊടകര ഗ്രാമപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി അദ്ദേഹം പ്രവർത്തിക്കുമ്പോൾ കേന്ദ്ര ഗ്രന്ഥശാലയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. വേണ്ട നിർദ്ദേശങ്ങളും അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു.
പാപ്പച്ചൻ ചേട്ടൻ്റെ ആകസ്മിക വിയോഗം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി. പൊതുദർശന ചടങ്ങിൽ ഉയർന്നു കേട്ട മുദ്രാവാക്യം പോലെ സഖാവ് ഇ.എൽ.മരിക്കുന്നില്ല. ഞങ്ങളിലൂടെ, ഓർമ്മകളിലൂടെ ജീവിക്കും.
ചുറ്റുമുണ്ട് പ്രിയ സഖാവ് .ക്ഷേമ പെൻഷനുകളുടെ അപേക്ഷകളും കൈ പിടിച്ച് സഖാവ് പഞ്ചായത്താഫീസിലേക്ക് വരുന്നുണ്ട്. ആരുടെയോ പരാതിക്ക് പരിഹാരം കാണാൻ ഇ .എൽ. ഈ വഴി അലയുന്നുണ്ട് . എന്നെ വിളിക്കുന്നുണ്ട് …. എൻ്റെ ഫോണിൽ പാപ്പച്ചൻ ചേട്ടൻ എന്ന് തെളിയുന്നുണ്ട് … മനകുളങ്ങര ഗ്രാമീണ വായനശാലയുടെ ഒരു പരിപാടിയുടെ നോട്ടീസ് രൂപപ്പെടുത്താൻ …… എന്നെ വിളിക്കുന്നുണ്ട് …..എന്നെ വിളിക്കുന്നുണ്ട്…