വെള്ളിക്കുളങ്ങര : മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര പോത്തന്‍ചിറയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത സ്വകാര്യപറമ്പിലെ ഉപയോഗ്യശൂന്യമായ സെപ്ടിക് ടാങ്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ തലഭാഗം ടാങ്കിലേക്ക് കുത്തിവീണ നിലയിലാണ്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്വോഗസ്ഥരും വെള്ളിക്കുളങ്ങര പോലീസും നാട്ടുകാരും ചേര്‍ന്നാണ് ക്രെയിന്‍ ഉപയോഗിച്ച് ആനയുടെ ജഡം വലിച്ചു കയറ്റിയത്. രണ്ടാഴ്ചയിലേറെയായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. രണ്ടാഴ്ചമുമ്പ് ഇവിടെ ആന പന മറിച്ചിട്ടിരുന്നു. നിത്യവും സന്ധ്യയോടെ ഇവിടെയെത്തുന്ന കാട്ടാന രാത്രിയില്‍ തിരിക്കുകയാണ് പതിവെന്നു നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആനയെ കാട്ടിലേക്ക് ഓടിച്ചു വിട്ടെങ്കിലും വീണ്ടുമെത്തി കൃഷി നശിപ്പിച്ചിരുന്നു. മേഖലയില്‍ ദിവസങ്ങളായി ഭീതി പരത്തിയ ആനയാകാം സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞതെന്നാണ് നിഗമനം.