കൊടകര : അമ്പലക്കുളത്തിലെ പരല്‍മീനുകള്‍ക്ക് പാരണയുമായെത്തുകയാണ് കൊടകരയിലെ ഈ ഓട്ടോ ഡ്രൈവര്‍. തൃശൂര്‍ കൊടകര കാവില്‍ തെക്കേമഠത്തില്‍ പ്രകാശനാണ് മാസങ്ങളായി നിത്യവും രാവിലെ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ കുളക്കടവില്‍ മീനുകള്‍ക്കുള്ള ഭക്ഷണപൊതിയുമായെത്തുന്നത്. പ്രകാശന്റെ കടവിലേക്കുള്ള കാല്‍പ്പെരുമാറ്റം കേട്ടാല്‍ മീനുകള്‍ കൂട്ടമായി കടവിലെ കല്‍പ്പടയിലേക്കെത്തും.
ബെന്ന്, ബ്രെഡ്, റോബസ്റ്റ്് പഴം, ബിസ്‌കറ്റ് തുടങ്ങി മീനുകളുടെ പ്രഭാത ഭക്ഷണം ഓരോ ദിവസവും വ്യത്യസ്ഥമാണ്. നിത്യവും രാവിലെ കുളിക്കാന്‍ വരുമ്പോള്‍ സമീപത്തെ കടയില്‍കയറി മീനൂട്ടിനുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയിട്ടേ പ്രകാശന്‍ കുളത്തിലേക്കു വരൂ. നൂറുകണക്കിനു മീനുകളാണ് പ്രകാശന്റെ കൈപ്രതലത്തില്‍ കിടന്ന് ഭക്ഷണം കഴിക്കുന്നത്.
പല ക്ഷേത്രങ്ങളിലും മീനൂട്ട് വഴിപാടായി നടക്കാറുണ്ടെങ്കിലും ഇവിടെ പ്രകാശന്റെ സന്തോഷമാണ് മത്സ്യങ്ങള്‍ക്കുള്ള ഈ പ്രഭാതഭക്ഷണം. മീനുകള്‍ക്കു വിഭവസമൃദ്ധമായ പ്രാതല്‍ നല്‍കിയിട്ടുമാത്രമേ പ്രകാശന്‍ തന്റെ ജോലിയിലേക്കു പ്രവേശിക്കാറുള്ളൂ. കൊറോണക്കാലത്ത് കുളക്കടവ് കുറേനാളുകള്‍ അടച്ചിട്ടപ്പോള്‍ പ്രകാശന്‍ കടവിനുപുറത്തുനിന്ന് ഭക്ഷ്യവസ്തുക്കള്‍ എറിഞ്ഞു നല്‍കുകയായിരുന്നു.
കൊടകര ഉണ്ണി