ലോനപ്പന്‍ നമ്പാടന്‍

ലോനപ്പന്‍ നമ്പാടന്‍

 13-11-1935 ല്‍ കൊടകരയിലെ പേരാമ്പ്രയില്‍ ജനനം. കൊടകര ഗവ:നാഷണല്‍ ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായതിനുശേഷം രാമവര്‍മപുരം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടി.ടി.സി  പാസായി അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസിലൂടെയാണ് രാഷ്രീയത്തില്‍ പ്രവേശിച്ചത്. പിന്നിട് കേരള കോണ്‍ഗ്രസില്‍ ചേരുകയും കൊടകര നിയോജകമണ്ഡലം പ്രസിഡന്റാവുകയും ചെയ്തു.

കൊടകര നിയോജകമണ്ഡലത്തില്‍ നിന്നും 1977,1980,1982 വര്‍ഷങ്ങളില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായും1987,1991,1996 വര്‍ഷങ്ങളില്‍ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍നിന്നും ഇടതുപക്ഷപിന്തുണയുള്ള സ്വതന്ത്രനായും നിയമസഭയിലെത്തി. 25-01-1980 മുതല്‍20-10-1981 വരെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പുമന്ത്രിയായും02-04-1987 മുതല്‍ 17-06-1991 വരെ നായനാര്‍ മന്ത്രിസഭയില്‍തന്നെ  ഭവനനിര്‍മ്മാണവകുപ്പു മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ല്‍ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയിലെത്തി.

ദീര്‍ഘകാലത്തെ പൊതുജീവിത്തിനിടയ്ക്ക് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ്, ത്യശൂര്‍ ജില്ലാകമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ത്യശൂര്‍ രൂപത കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ്, ത്യശൂര്‍ കാത്തലിക് യൂണിയന്‍ സെക്രട്ടറി, ഇരിഞ്ഞാലക്കുട പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1963 ല്‍ കൊടകര ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചലച്ചിത്രത്തിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

05-06-2013 ല്‍ അദേഹം നമ്മെ വിട്ടു പിരിഞ്ഞു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ ആനി കൊടകര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ. ഹോര്‍മിസ്എബ്രഹാം (ചേര്‍ത്തല), തോമസ്ജോസ് (മാലി റിപ്പബ്ലിക്) സംശുദ്ധ പൊതുജീവിതവും സരസമായ പ്രസംഗവുംവഴി മതേതര നിലപാടുംവഴി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.

ലോനപ്പന്‍ നമ്പാടന്‍ ഒരു രാഷ്ടീയ നേതാവല്ല, ഒരു പ്രതിഭാസമാണെന്നേ അദ്ദേഹത്തിന്റെ എതിരാളികള്‍പോലും വിശേഷിപ്പിക്കൂ. കാരണം രാ‍ഷ്ട്രീയത്തില്‍ പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ പോലും സരസമായി തുറന്നടിച്ചിരുന്നു അദ്ദേഹം. അധ്യാപകന്‍, ജനപ്രതിനിധി, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ നേതാവ്‌, കര്‍ഷകന്‍ തുടങ്ങി വിശേഷണങ്ങള്‍ നിരവധിയാണ്‌ നമ്പാടന്‍ മാഷ്‌ എന്ന ലോനപ്പന്‍ നമ്പാടന്‌.

രാഷ്ട്രീയമായി തനിക്ക് തോന്നുന്ന കാര്യങ്ങള്‍ ധൈര്യപൂര്‍വം ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല. അതുകൊണ്ട് കാലുമാറ്റക്കാരന്‍ എന്ന ദുഷ്പേര് വീണപ്പോളും സത്യസന്ധതയുടെ ആള്‍‌രൂപമായി നിലകൊണ്ടു. 1982-ല്‍ കരുണാകരന്‍ സര്‍ക്കാരിന്റെ വീഴ്ച്യ്ക്കുപോലും നമ്പാടന്റെ നിലപാട് കാരണമായതാണ് ദുഷ്പേര് വീഴാന്‍ കാരണം. രാഷ്ട്രീയവും മതപരവുമായ എന്തുകാര്യങ്ങളെയും നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല.

25 വര്‍ഷം എം എല്‍ എ ഒരു തവണ എം പി രണ്ടുവട്ടം മന്ത്രി എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു നമ്പാടന്‍ മാഷ്. ഇതേസമയം തന്നെ 27-ല്‍പ്പരം നാടകങ്ങളിലും മൂന്നുസിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. സിനിമപോലെ തന്നെ നമ്പാടന്‍ മാഷിന്റെ രാഷ്ട്രീയ ജീവിതം നാടകീയ മുഹൂര്‍ത്തങ്ങളും സസ്പെന്‍സും നിറഞ്ഞതായിരുന്നു.

1935ല്‍ കൊടകരയ്ക്കടുത്ത പേരാമ്പ്രയില്‍ നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റേയും പ്ലമേനയുടെയും മകനായി ജനനം. അധ്യാപകവൃത്തിയില്‍ പരിശീലനം നേടി പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ സ്കൂളില്‍ അധ്യാപകനായി. 1963ല്‍ കൊടകര പഞ്ചായത്തിലേക്കു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചു. 1964ല്‍ കേരള കോണ്‍ഗ്രസ്‌ രൂപീകൃതമായപ്പോള്‍ പാ‍ര്‍ട്ടി അംഗത്വം നേടി. 1965ല്‍ കൊടകര നിയോജക മണ്ഡലത്തില്‍നിന്നു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977ല്‍ കൊടകരയില്‍ത്തന്നെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ഭാരതീയ ലോക്ദളിലെ ടിപി സീതാരാമനെ പരാജയപ്പെടുത്തിയാണ്‌ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു വിജയം.

കരുണാകരനെ നിലം‌പറ്റിച്ച നമ്പാടന്‍-

1980ല്‍ രണ്ടാം തവണയും നിയമസഭയിലേക്ക്‌. 1980 മുതല്‍ 82 വരെ ഇകെ നായനാരുടെ നേതൃത്വത്തില്‍ ഇടതുമുന്നണി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ഗതാഗത വകുപ്പുമന്ത്രിയായി. 1981ല്‍ കേരള കോണ്‍ഗ്രസ്‌ ഇടതു മുന്നണിയില്‍നിന്നു പിന്‍മാറിയതിനെ തുടര്‍ന്നു ഭൂരിപക്ഷം നഷ്ടമായ നായനാര്‍ സര്‍ക്കാര്‍ നിലംപതിച്ചു. 81 ഡിസംബറില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായി ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍. എന്നാല്‍ നമ്പാടന്റെ നിലപാട് കരുണാകരനെ നിലം പറ്റിച്ചു. സ്പീക്കറുടെ കാസ്റ്റിങ്‌ വോട്ടിലൂടെ സര്‍ക്കാര്‍ ഭരണം തുടര്‍ന്നു. 82 മാര്‍ച്ച്‌ 15 നു നമ്പാടന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‌ അനുകൂലമായി വോട്ടു ചെയ്തു. ഇതോടെ കരുണാകരന് സ്ഥാനമൊഴിയേണ്ടി വന്നു.

അന്നു മുതല്‍ നമ്പാടന്‍ മാസ്റ്റര്‍ ഇടതു മുന്നണിക്ക്‌ ഒപ്പമാണ്‌. പിന്നിടു നാലുതവണ ഇരിങ്ങാലക്കുടയില്‍നിന്നു നിയമസഭയിലേക്കു മല്‍സരിച്ചു വിജയിച്ചു. 1982ല്‍ കോണ്‍ഗ്രസിലെ ജോസ്‌ താന്നിക്കലിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി. 1987ല്‍ എ.സി പോളിനെ പരാജയപ്പടുത്തി നാലാം തവണയും നിയമസഭയില്‍. 87മുതല്‍ 91 വരെ സംസ്ഥാന മന്ത്രിസഭയില്‍ ഭവനനിര്‍മാണ വകുപ്പു മന്ത്രി. 91 ല്‍ എഎല്‍ സെബാസ്റ്റ്യനെ പരാജയപ്പടുത്തി അഞ്ചാം തവ ണ യും നിയമസഭാംഗം. 96 ല്‍ കേരളാ കോണ്‍ഗ്രസ്‌ എമ്മിലെ തോമസ്‌ ഉണ്ണിയാടനെ തോല്‍പ്പിച്ചു വീണ്ടും നിയമസഭാംഗം. 2001ല്‍ കൊടകരയില്‍ യുഡിഎഫിലെ കെ.പി. വിശ്വനാഥനോടു തോറ്റു.

2004ല്‍ പതിനാലാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പദ്മജാ വേണുഗോപാലിനെ 1,17,000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ആദ്യമായി പാര്‍ലമെന്റിലെത്തി സിപിഎം സ്ഥാനാര്‍ഥിയായിരുന്നു ലോനപ്പന്‍ നമ്പാടന്‍. അങ്ങനെ ‘നമ്പാടന്‍ ഇഫ്ക്ട്‘ എന്ന പ്രയോഗം അന്വര്‍ഥമാക്കി അദ്ദേഹം. കാരണം 82 ല്‍ അച്ഛന്‍ കരുണാകരന്‍ അനുഭവിച്ച മത്സരച്ചൂടിനു തന്നെയാണ് മകള്‍ പദ്മജയും ഇരയായത്. സമാനതകളില്ലാത്ത രാഷ്ട്രീയശൈലി ബാക്കി നിര്‍ത്തികൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്.

നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!