വെള്ളിക്കുളങ്ങര: മഴ കനത്ത സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് മറ്റത്തൂര്‍ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. ഈ മാസം 7 വരെ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജിയോളജി വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
വെള്ളിക്കുളങ്ങര വില്ലേജ് പരിധിയിലെ കട്ടിപ്പൊക്കം, കടമ്പോട് കുട്ടിച്ചിറ, നീരാട്ടുകുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളോടാണ് മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍, സെക്രട്ടറി ടി ജി സജി, വെള്ളിക്കുളങ്ങര വില്ലേജോഫീസര്‍ പി.ഡി.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ദുരന്ത സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശി്ച്ച് കുടുംബങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മാറ്റിപാര്‍പ്പിക്കാനാവശ്യമായ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.