Breaking News

ലതയുടെ ഓര്‍മക്ക് ഒരാണ്ട്

പുഴയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ഡോ.എ.ലതയുടേത്. പുഴയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവിതം ഹോമിച്ച പരിസ്ഥിതിപ്രവര്‍ത്തകയായ ഡോ.എ.ലത ഓര്‍മയായിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. പുഴയെക്കുറിച്ചും പുഴകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും പുഴകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയ വനിതയായിരുന്നു ലത.

പുഴയുടെ താളം തെറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ജോലി രാജിവച്ച പ്രകൃതിസ്നേഹിയായ ലത സര്‍ക്കാര്‍ ഉദ്വേഗം രാജിവക്കുകയായിരുന്നു. പുഴകളെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്ന ഇന്ത്യയിലെത്തന്നെ അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ഇവര്‍. ഇവര്‍ ജീവിച്ചത് പുഴകള്‍ക്കും വേണ്ടിയായിരുന്നെന്ന് ലതയെ അറിയുന്ന ആരും സമ്മതിക്കും. പുഴകളെക്കുറിച്ച് എത്രയോവേദികളില്‍ ക്ലാസ്സുകളെടുത്തു. സെമിനാറുകള്‍ നടത്തി. പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നദികളെ കുറിച്ച് സര്‍വേകള്‍ നടത്തി. മെക്സിക്കോയില്‍ ഇന്റര്‍നാഷണല്‍ റിവേഴ്സ് സംഘടിപ്പിച്ച സെമിനാറില്‍ സ്ത്രീ,പുഴ,ഡാം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കെതിരെ ഏറെ വാദിച്ച ശാസ്ത്രജ്ഞയായിരുന്ന ഇവര്‍ പ ദ്ധതി എന്തുകൊണ്ടുവേണ്ട എന്ന് ശാസ്ത്രീയമായ തെളിവുകളും വസ്തുതകളും വച്ചുതന്നെയായിരുന്നു വാദിച്ചത്. അതിനുപിന്നില്‍ ഡോ.ലതയുടെ തീവ്രശ്രമമുണ്ട്. പുഴയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് അതിരപ്പിള്ളിക്കെതിരെയുള്ള ലതയുടെ സമരങ്ങളില്‍ നിറഞ്ഞുനിന്നത്.

ചാലിശ്ശേരിയിലും വല്ലച്ചിറയിലും കൃഷിഓഫീസറായി ജോലി നോക്കി. 2000 ത്തിലാണ് രാജി വക്കുന്നത്.
സ്വന്തം സ്ഥലം തുറവൂരൈയിരുന്നെങ്കിലും എറണാകുളത്തായിരുന്നു കൂടുതല്‍ കാലവും. കാര്‍ഷികസര്‍വകലാശാലയില്‍ ഗവേഷണത്തിനിടെ പരിചയപ്പെട്ട കൊടകര കാവില്‍ വാരിയത്ത് ഉണ്ണികൃഷ്ണന്റെ ജീവിതസഖിയായി ലത മാറിയതിനുപിന്നില്‍ കാടിന്റേയും പുഴയുടേയും പറഞ്ഞാല്‍ തീരാത്ത കഥകളുണ്ട്. ഏറെ ശാന്തമായാണ് രണ്ടുപതിറ്റാണ്ടിലേറെയായി ആ ജീവിതപ്പുഴ ഒഴുകിക്കൊണ്ടിരുന്നത്….

അവസാന നാളുകളില്‍ അര്‍ബുദം ശരീരത്തെ കടന്നുപിടിച്ചപ്പോഴും പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും വേണ്ടി വചസ്സും വപുസ്സും ഹോമിക്കുകയായിരുന്നു ലത എന്ന ഈ പുഴകളുടെ കൂട്ടുകാരി. സ്വച്ഛന്തം ഒഴുകുന്ന പുഴകളായിരുന്ന ഡോ.എ.ലതയുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നം പങ്കുവക്കാനായി ലതയുടെ ചരമവാര്‍ഷികദിനമായ ഇന്ന് തൃശൂര്‍ റീജിയണല്‍ തീയേറ്ററില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.പുഴകള്‍ക്കായി സമര്‍പ്പിച്ച ജിവിതത്തില്‍ ലതക്ക് പൂര്‍ത്തീകരിക്കാനാകാതെ പോയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന വലിയ ദൗത്യമാണ് ലതയുടെ സുഹൃത്തുക്കള്‍ക്കുള്ളത്.

പുഴയ്ക്കുവേണ്ടി ജീവിച്ചുമരിച്ച ഡോ.എ.ലത കൊടകരയ്ക്ക് മരുമകളായിരുന്നു. കൊടകര കാവില്‍വാരിയത്ത് ശൂലപാണിവാരിയരുടെയും എടക്കുന്നി കീരംകുളങ്ങരവാരിയത്ത് മാലതിവാരസ്യരുടേയും മകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ എസ്. ഉണ്ണികൃഷ്ണന്റെ പത്നിയായ ലത അസുഖബാധിതയാകുന്നതിനുമുമ്പ് കൂടുതലും ചെലവഴിച്ചത് കൊടകരയിലെ വാരിയത്തായിരുന്നു.

ഉണ്ണികൃഷ്ണന്റെ സഹോദരി ഉഷയും അവരുടെ ഭര്‍ത്താവ് ജയനും ചെറിയച്ഛന്റെ മക്കളായ ജയചന്ദ്രനും രാജുവും രാജുവിന്റെ പത്നി രാജശ്രീയും എല്ലാവരും തന്നെ പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെല്ലാം ഒത്തുചേരുന്ന ദിനം കൊടകരയിലെ വീട്ടില്‍ പരിസ്ഥിതിസൗഹൃദചര്‍ച്ചകളാണുണ്ടാകുക. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രകൃതിസ്നേഹികളും ചിലപ്പോള്‍ വന്നെത്തും.

കാര്‍ഷികസര്‍വകലാശാലയില്‍ റിസര്‍ച്ചിനിടെയുണ്ടായ ഒരു സമരവുമായി ബന്ധപ്പെട്ടാണ് സുഹൃത്തും സീനിയറും ആയ ഉഷയുടെ സഹോദരനായിരുന്ന ഉണ്ണികൃഷ്ണനെ പരിചയപ്പെട്ടത്. ലതയെ ഉണ്ണികൃഷ്ണന്റെ ജീവിതസഖിയാക്കിയത് കാടും പുഴയുമാണ്. കലയും സംഗീതവും വരയും രണ്ടുപേര്‍ക്കും ഏറെ പ്രിയമായിരുന്നു. അവര്‍ സുഹൃത്തുക്കളായ ദമ്പതികളായിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ശാന്തവും സംഗീതാത്മകവുമായാണ് ആ ജീവിതപ്പുഴ ഒഴുകിക്കൊണ്ടിരുന്നത്…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.